ഗതികെട്ടപ്പോള്‍ ഉപരോധം മറക്കാന്‍ യുകെയും! റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ നിയമം പൊളിച്ചെഴുതി

റഷ്യന്‍ എണ്ണ വന്‍തോതില്‍ വാങ്ങിക്കൂട്ടാന്‍ ഇതുവഴി യുകെ കമ്പനികള്‍ക്ക് സാധിക്കും.
ഗതികെട്ടപ്പോള്‍ ഉപരോധം മറക്കാന്‍ യുകെയും! റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ നിയമം പൊളിച്ചെഴുതി
Published on

യുക്രെയ്‌നെതിരായ യുദ്ധത്തിന്റെ പേരില്‍ റഷ്യയ്ക്കുമേല്‍ യൂറോപ്യന്‍ രാജ്യങ്ങളും യുഎസും ഏര്‍പ്പെടുത്തിയ ഉപരോധം പൊളിയുന്നു. ക്രൂഡ്ഓയില്‍ വില കുതിച്ചു കയറിയതോടെ റഷ്യയില്‍ നിന്ന് ഡീസലും ജെറ്റ് ഫ്യൂവലും വാങ്ങാന്‍ യുകെ തീരുമാനിച്ചു. എണ്ണവില പിടിവിട്ടതോടെയാണ് നിലപാടില്‍ താല്ക്കാലികമായി വെള്ളംചേര്‍ക്കാന്‍ യൂറോപ്യന്‍ രാജ്യം തീരുമാനിച്ചത്.

ആഗോള എണ്ണവിലയിലെ കുതിപ്പിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിലുള്ള ഉപരോധ ഇളവ് കഴിഞ്ഞ ദിവസം യുഎസ് നീട്ടിയിരുന്നു. ഊര്‍ജ്ജക്ഷാമം നേരിടുന്ന രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി കടല്‍മാര്‍ഗം റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള ഉപരോധ ഇളവുകള്‍ ഉപയോഗപ്പെടുത്തിയാണ് യുകെയുടെ നീക്കം.

യുകെയുടെ ഇരട്ടത്താപ്പ്

റഷ്യന്‍ എണ്ണ കൂടുതലായി വാങ്ങുന്നതിന് യുകെ ലൈസന്‍സ് നിയന്ത്രണങ്ങളില്‍ തന്നെ ഇളവ് വരുത്തി. റഷ്യയ്ക്ക് പുറത്ത് സംസ്‌കരിക്കുന്ന റഷ്യയില്‍ നിന്നുള്ള എണ്ണ ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് പുതിയ നിയമപ്രകാരം പ്രശ്‌നമില്ല. റഷ്യന്‍ എണ്ണ വന്‍തോതില്‍ വാങ്ങിക്കൂട്ടാന്‍ ഇതുവഴി യുകെ കമ്പനികള്‍ക്ക് സാധിക്കും.

യുക്രെയ്‌നെതിരായ യുദ്ധം തുടങ്ങിയ ശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് നേരിട്ടുള്ള എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ആ സമയങ്ങളിലും മൂന്നാം രാജ്യത്ത് വച്ച് സംസ്‌കരിക്കുന്ന എണ്ണ യൂറോപ്പ് വാങ്ങിയിരുന്നു. ഇന്ത്യ, തുര്‍ക്കി എന്നിവിടങ്ങളിലെ റിഫൈനറികളില്‍ നിന്നുള്ള എണ്ണയാണ് കൂടുതലായി യൂറോപ്പ് വാങ്ങിയിരുന്നത്.

ക്രൂഡ് വില കുത്തനെ ഉയര്‍ന്നത് ബ്രിട്ടനില്‍ വലിയ തോതില്‍ വിലക്കയറ്റത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അവശ്യ സാധനങ്ങളുടെ വില വലിയതോതില്‍ വര്‍ധിച്ചതോടെ സര്‍ക്കാര്‍ വലിയ സമ്മര്‍ദത്തിലാണ്. ഇതാണ് പെട്ടെന്ന് റഷ്യന്‍ എണ്ണ വാങ്ങാനുള്ള തീരുമാനത്തിന് പിന്നില്‍.

ആഗോളതലത്തില്‍ ക്രുഡ് വില ഇപ്പോഴും 110 ഡോളറിനടുത്താണ്. ഹോര്‍മൂസ് കടലിടുക്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതും ഇറാന്‍-യുഎസ് സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാകാത്തതുമാണ് ക്രൂഡ് വില ഉയര്‍ന്നു നില്ക്കാന്‍ കാരണം.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com