അതിസമ്പന്നരുടെ സ്വർണപ്പെട്ടികൾ ഈ നഗരത്തിൽ, 'ദി റിസർവി'ൽ മാത്രം സൂക്ഷിക്കാവുന്നത് 500 ടൺ, എന്താണ് ഗുട്ടൻസ്?

അതിസമ്പന്നര്‍ക്കിടയില്‍ രൂപപ്പെട്ട ആശങ്കയാണ് കണക്കുകളിലെ വര്‍ധനക്ക് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്
A Gold Vault with a female security officer
Canva
Published on

ആഗോളതലത്തില്‍ വ്യാപാര-രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ അതിസമ്പന്നര്‍ തങ്ങളുടെ പക്കലുള്ള സ്വര്‍ണ സമ്പാദ്യം വിദേശരാജ്യങ്ങളിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്നത് ഏഷ്യന്‍ സമ്പന്ന നഗരമായ സിംഗപ്പൂരാണെന്നും സി.എന്‍.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. സിംഗപ്പൂര്‍ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ആറുനില കെട്ടിടത്തില്‍ മാത്രം ഏതാണ്ട് 1.5 ബില്യന്‍ ഡോളറിന്റെ (ഏകദേശം 12,500 കോടി രൂപ) സ്വര്‍ണ ശേഖരമുണ്ടെന്നാണ് കണക്ക്.

ദി റിസര്‍വ്

കനത്ത സുരക്ഷയില്‍ ആയിരത്തിലധികം ഡെപ്പോസിറ്റ് ബോക്‌സുകളുള്ള ഈ കെട്ടിടം ദി റിസര്‍വ് എന്ന പേരിലാണ് അറിയപ്പെടുന്നത്. 2025ന്റെ തുടക്കം മുതല്‍ ഏപ്രില്‍ വരെയുള്ള കണക്ക് അനുസരിച്ച് ഇവിടെ സ്വര്‍ണവും വെള്ളിയും അടങ്ങുന്ന ലോഹങ്ങള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ 88 ശതമാനം വര്‍ധനയുണ്ട്. തൊട്ടുമുന്‍ വര്‍ഷത്തെ സമാനകാലയളവ് പരിഗണിക്കുമ്പോള്‍ സ്വര്‍ണം, വെള്ളി എന്നിവയുടെ വില്‍പ്പനയില്‍ 200 ശതമാനം വര്‍ധനയുണ്ടെന്നും ദി റിസര്‍വിലെ കണക്കുകള്‍ പറയുന്നു. അതിസമ്പന്നര്‍ക്കിടയില്‍ രൂപപ്പെട്ട ആശങ്കയാണ് കണക്കുകളിലെ വര്‍ധനക്ക് കാരണമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 500 ടണ്‍ സ്വര്‍ണവും 10,000 ടണ്‍ വെള്ളിയും ഇവിടെ സൂക്ഷിക്കാന്‍ കഴിയും.

വിദേശത്ത് സൂക്ഷിക്കുന്നതെന്തിന്?

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധം, വിവിധ യുദ്ധങ്ങള്‍, മാറുന്ന ലോകം, മാറുന്ന ഭൗമരാഷ്ട്രീയ (Geopolitical) അന്തരീക്ഷം എന്നിവ അതിസമ്പന്നരെ അലട്ടുന്ന പ്രശ്‌നമാണെന്ന് ദി റിസര്‍വിന്റെ സ്ഥാപകന്‍ ഗ്രിഗര്‍ ഗ്രിഗേഴ്‌സണ്‍ പറയുന്നു. സിംഗപ്പൂര്‍ പോലുള്ള വിശ്വസിക്കാവുന്ന സ്ഥലങ്ങളില്‍ സ്വര്‍ണം സൂക്ഷിക്കുകയെന്നത് ഇപ്പോള്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. സ്വര്‍ണം സൂക്ഷിക്കാന്‍ സമീപിക്കുന്നവരില്‍ 90 ശതമാനവും സിംഗപ്പൂരിന് പുറത്തുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസങ്ങളില്‍ സ്വര്‍ണവിലയിലുണ്ടായ കുതിച്ചുകയറ്റം മൂലം സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതും വര്‍ധനക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 3,500 ഡോളറിലെത്തിയ സ്വര്‍ണവിലയില്‍ ആശ്വാസമുണ്ടായെങ്കിലും അടുത്ത വര്‍ഷം വില ഔണ്‍സിന് 5,000 ഡോളറിലെത്താനുള്ള സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സ്വര്‍ണം സൂക്ഷിക്കാനെത്തുന്നവരുടെ എണ്ണവും കൂടുമെന്നാണ് കരുതുന്നത്.

എന്തുകൊണ്ട് സിംഗപ്പൂര്‍?

രാഷ്ട്രീയ - സാമ്പത്തിക പ്രതിസന്ധികള്‍ താരതമ്യേന കുറഞ്ഞ സിംഗപ്പൂരിനെ കിഴക്കിന്റെ ജെനീവ എന്ന പേരിലാണ് അറിയപ്പെടുന്നത്. ലോകത്തിലെ പ്രധാന ട്രാന്‍സിറ്റ് ഹബ്ബുകളിലൊന്നായതും സിംഗപ്പൂരിനെ തിരഞ്ഞെടുക്കാന്‍ അതിസമ്പന്നരെ പ്രേരിപ്പിക്കുന്നുണ്ട്. സിംഗപ്പൂരിന് പുറമെ ന്യൂസിലാന്റ് പോലുള്ള രാജ്യങ്ങളെയും സ്വര്‍ണം സൂക്ഷിക്കാനായി സമ്പന്നര്‍ തിരഞ്ഞെടുക്കാറുണ്ടെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Amid rising global uncertainties and Trump-linked volatility, the ultra-rich are moving their gold reserves to secure vaults in Singapore.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com