Begin typing your search above and press return to search.
നിക്ഷേപകരില്‍ ദുല്‍ഖറും, കൊച്ചിയില്‍ യു.വി സ്പേസ് സ്റ്റേഷന്‍ തുറന്ന് അള്‍ട്രാവയലറ്റ്
പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ് കൊച്ചിയില്‍ യു.വി സ്പേസ് സ്റ്റേഷന്‍ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു. പാലാരിവട്ടം ബൈപാസിലാണ് യു.വി സ്റ്റേഷന്‍. പൂന, അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ക്കുശേഷം കമ്പനിയുടെ നാലാമത്തെ കേന്ദ്രമാണിത്. ലോകമെമ്പാടും ഇത്തരത്തില്‍ 50 എക്സ്പീരിയന്‍സ് സെന്ററുകള്‍ തുറക്കാനാണ് അള്‍ട്രാവയലറ്റ് ലക്ഷ്യമിടുന്നത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രണ്ടു വര്‍ഷം മുമ്പ് നിക്ഷേപം നടത്തിയ കമ്പനിയാണിത്.
അതിനൂതന സാങ്കേതികവിദ്യയും രൂപകല്‍പ്പനയും ഉപയോഗപ്പെടുത്തി പ്രീമിയം ഇലക്ട്രിക്ക് മോട്ടോര്‍ സൈക്കിളുകളുടെ വിപണിയില്‍ മേധാവിത്വം നേടാന്‍ അള്‍ട്രാവയലറ്റിന് സാധിച്ചിട്ടുണ്ട്. ദീപാവലിക്ക് മുമ്പ് 10 കേന്ദ്രങ്ങള്‍ തുറക്കാനും ആലോചനയുണ്ടെന്ന് സി.ഇ.ഒ നാരായണ്‍ സുബ്രഹ്‌മണ്യം പറഞ്ഞു.
പാലാരിവട്ടം ബൈപാസിലെ 3,500 ചതുരശ്രയടി വലിപ്പമുള്ള കേന്ദ്രത്തില്‍ അള്‍ട്രാവയലറ്റ് വാഹനങ്ങളുടെ സെയില്‍സും സര്‍വീസും സ്പെയര്‍ പാര്‍ട്‌സും ലഭ്യമാണ്. സര്‍വീസിന് അത്യാധുനിക സംവിധാനങ്ങളാണുള്ളത്. ബംഗളൂരുവിലെ ആസ്ഥാനകേന്ദ്രത്തിലുള്ള വിദഗ്ധ ടെക്‌നീഷ്യന്മാരുടെ സേവനം തത്സമയം ഫോണില്‍ ലഭിക്കുമെന്ന് സി.ടി.ഒയും സഹസ്ഥാപകനുമായ നീരജ് രാജ്‌മോഹന്‍ പറഞ്ഞു.
എട്ടുലക്ഷം കിലോമീറ്റര്‍ വാറന്റി
10.3 കിലോവാട്ട് ശേഷിയുള്ള എസ്ആര്‍ബി7 ലിഥിയം അയോണ്‍ ബാറ്ററിയാണ് എഫ്77 മാക് 2 എന്ന കമ്പനിയുടെ പ്രധാന മോഡലിന് കരുത്തേകുന്നത്. എട്ടു ലക്ഷം കിലോമീറ്റര്‍ ദൂരംവരെയാണ് ബാറ്ററിക്ക് അള്‍ട്രാവയലറ്റ് വാറന്റി വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്ന ഖ്യാതിയും എഫ്77 മാക് 2ന് അവകാശപ്പെട്ടതാണ്. മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ ഈ ബൈക്കിന് സാധിക്കും. കേവലം 7.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാനുള്ള കരുത്തും ഈ വാഹനത്തിനുണ്ട്.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അള്‍ട്രാവയലറ്റില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 2022ല്‍ കമ്പനിയുടെ ആദ്യ ബൈക്ക് അവതരണത്തിലും പിന്നീട് ഇറ്റലിയിലെ മിലാനില്‍ നടന്ന ഇ.ഐ.സി.എം.എ 2023 ഷോയിലും ദുല്‍ഖര്‍ ഈ വാഹനവുമായി വേദിയിലെത്തിയിരുന്നു.
Next Story
Videos