അഡ്വഞ്ചര്‍, നേക്കഡ്, ക്രൂസര്‍! സീന്‍ മാറ്റാനൊരുങ്ങി അള്‍ട്രാവയലറ്റ്, പുതിയ ഇ.വി സ്‌കൂട്ടറുകളും ഉടനെത്തും

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ക്ക് നിക്ഷേപമുള്ള കമ്പനിയാണിത്
Ultraviolette upcoming ev two wheelers
Ultraviolette
Published on

വിവിധ സെഗ്‌മെന്റുകളില്‍ കിടിലന്‍ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ്. ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിക്ഷേപമുള്ള കമ്പനിയാണിത്. നിലവില്‍ എഫ്77 മാക്ക് 2, എഫ്77 സൂപ്പര്‍ സ്ട്രീറ്റ് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്.

കൂടുതല്‍ മോഡലുകളെത്തും

നേക്കഡ് സ്ട്രീറ്റ്, അഡ്വഞ്ചര്‍, സ്‌കൂട്ടര്‍, ക്രൂസര്‍ എന്നിങ്ങനെ വിവിധ ശ്രേണികളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കാനാണ് കമ്പനിയുടെ അടുത്ത പ്ലാന്‍. വാഹനങ്ങള്‍ മാര്‍ച്ച് അഞ്ചിന് വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവില്‍ വിപണിയിലുള്ള 150-350 സിസി ബൈക്കുകളോടാണ് അള്‍ട്രാവയലറ്റ് മോഡലുകളുടെ മത്സരം. അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കാനും പ്രവര്‍ത്തനം വിപുലീകരിക്കാനുമാണ് അള്‍ട്രാവയലറ്റിന് പദ്ധതിയുണ്ട്.

ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്ന ഖ്യാതി കമ്പനി പുറത്തിറക്കുന്ന എഫ്77 മാക് 2ന് അവകാശപ്പെട്ടതായിരുന്നു. മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ ഈ ബൈക്കിന് സാധിക്കും. കേവലം 7.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാനുള്ള കരുത്തും ഈ വാഹനത്തിനുണ്ട്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 211 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. 323 കിലോമീറ്റര്‍ റേഞ്ചുള്ള മാക്ക് 2 റീക്കോണ്‍ എന്നൊരു മോഡലും കമ്പനി പുറത്തിറക്കുന്നുണ്ട്. മൂന്ന് ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില. ഇതിനോടകം ആയിരത്തോളം യൂണിറ്റുകള്‍ കമ്പനി പുറത്തിറക്കി. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ബൈക്കെന്ന ബഹുമതി അള്‍ട്രാവയലറ്റിന്റെ തന്നെ എഫ്99 റേസിംഗ് പ്രോട്ടോടൈപ്പ് വാഹനം അടുത്തിടെ സ്വന്തമാക്കി. മണിക്കൂറില്‍ 258 കിലോമീറ്റര്‍ വേഗതയാണ് വാഹനം കൈവരിച്ചത്.

കൊച്ചിയടക്കം 11 നഗരങ്ങളിലും കമ്പനിക്ക് നിലവില്‍ സാന്നിധ്യമുണ്ട്. യൂറോപ്പ് അടക്കമുള്ള വിദേശ വിപണിയിലേക്കും കമ്പനി ഉടന്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com