സ്റ്റേജ് കാര്യേജ് ചട്ട ലംഘനം: ബസുകള്‍ പിടിച്ചെടുത്ത് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് മാറ്റും

ഓള്‍ ഇന്‍ഡ്യാ പെര്‍മിറ്റ് അടക്കമുള്ള ടൂറിസ്റ്റ് ബസുകള്‍ അനധികൃതമായി സ്റ്റേജ് കാര്യേജ് സര്‍വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അനധികൃത സര്‍വീസ് നടത്തുന്ന ബസുകള്‍ സെക്ഷന്‍ 207 പ്രകാരം പിടിച്ചെടുത്ത് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ സൂക്ഷിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരിശോധന കര്‍ശനമാക്കാന്‍ എല്ലാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ആര്‍.ടി.ഒമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ പൊലിസ് സ്റ്റേഷനുകളില്‍ സൗകര്യമില്ലെന്ന് ആഭ്യന്തര വകുപ്പ് ഗതാഗത വകുപ്പിനെ രേഖാമൂലം അറിയച്ചതിനേത്തുടര്‍ന്നാണ് ബദല്‍ മാര്‍ഗം തേടിയത്. 'സ്റ്റേജ് ക്യാരേജ്' എന്നാല്‍ ഡ്രൈവര്‍ ഒഴികെ ആറിലധികം യാത്രക്കാരെ വഹിക്കുന്നതിനായി നിര്‍മ്മിച്ച മോട്ടോര്‍ വാഹനമാണ്. 'കോണ്‍ട്രാക്റ്റ് ക്യാരേജ്' എന്നാല്‍ വാടകയ്ക്കോ പ്രതിഫലത്തിനോ വേണ്ടി ഒരു യാത്രക്കാരനെയോ യാത്രക്കാരെയോ കൊണ്ടുപോകുന്ന മോട്ടോര്‍ വാഹനം.

വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ട്. അന്തര്‍ സംസ്ഥാന ബസുകള്‍ ഉള്‍പ്പെടെ എല്ലാത്തരം അനധികൃത സ്റ്റേജ് കാര്യേജുകള്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന വിജ്ഞാപനത്തിലെ പഴുതുകള്‍ മുതലെടുത്താണ് സംസ്ഥാനത്ത് കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നത്. വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി ഓള്‍ ഇന്‍ഡ്യ ടൂറിസ്റ്റ് ബസ് പെര്‍മിറ്റ് നല്‍കുന്നതിന്റെ ഭാഗമായുള്ള പുതിയ വിജ്ഞാപനത്തിന്റെ പേരില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാന്‍ കഴിയില്ല. നിയമ ലംഘനം നടത്തി ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം വാഹന ഉടമയ്ക്കായിരിക്കുമെന്ന് ഗതാഗത കമ്മിഷണര്‍ അറിയിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it