Begin typing your search above and press return to search.
ഭൂമിയുടെ വിലകുറച്ച് ആധാരം രജിസ്റ്റർചെയ്തവർക്ക് ഇളവുകളുമായി റവന്യു വകുപ്പ്, പകുതി തുകയടച്ചാല്‍ മതി, കേസിൽ നിന്നൊഴിവാകാം
ഭൂമിയുടെ വിലകുറച്ച് ആധാരം രജിസ്റ്റർചെയ്തവർക്ക് മുദ്രവിലയുടെ പകുതി തുകയടച്ച് കേസിൽ നിന്നൊഴിവാകാന്‍ അവസരമൊരുക്കി റവന്യു വകുപ്പ്. അണ്ടർ വാല്യുവേഷൻ ആയി രജിസ്റ്റർചെയ്തവർക്ക് മുദ്രവിലയിൽ 50 ശതമാനം ഇളവ് കൂടാതെ രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കി നൽകുന്നതാണ്.
റവന്യുറിക്കവറിയിലുളള കേസുകൾക്കും കോടതിയുടെ പരിഗണനയിലുള്ളവയ്ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. സബ് രജിസ്ട്രാറുടെ ഓഫീസിലെത്തി മുദ്രവില നൽകാന്‍ സാധിക്കും. 2025 മാർച്ച് 31 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്ന കാലാവധി. അണ്ടർ വാല്യുവേഷൻ സംബന്ധിച്ച് നോട്ടീസ് ലഭിക്കാത്തവര്‍ക്കും കോമ്പൗണ്ടിങ് സ്കീം പ്രയോജനപ്പെടുത്താവുന്നതാണ്.
2017 ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31 വരെയായി അണ്ടർ വാല്യുവേഷനിലുളള 34,422 ആധാരങ്ങൾ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്. ഇവ തീർപ്പാക്കിയാൽ 88 കോടി രൂപയാണ് സർക്കാരിലേക്ക് പ്രതീക്ഷിക്കുന്ന വരുമാനം.
1986 മുതൽ 2017 മാർച്ച് 31 വരെ കണ്ടെത്തിയ അണ്ടർ വാല്യുവേഷൻ കേസുകൾ സെറ്റിൽമെന്റ് കമ്മിഷൻ മുഖേനയാണ് തീർപ്പാക്കുക. ഈ കേസുകളില്‍ മുദ്രവിലയിൽ 60 ശതമാനവും ഫീസിൽ 75 ശതമാനവും വരെ പരമാവധി ഇളവ് നല്‍കും.
നോട്ടീസ് കൈപ്പറ്റാതെ ഭൂവുടമ തിരികെ അയയ്ക്കുകയോ പണം ഒടുക്കാതിരിക്കുകയോ ചെയ്താൽ ജപ്തി നടപടികള്‍ നേരിടേണ്ടി വരും. ഒടുക്കാനുള്ള തുക സബ് രജിസ്ട്രാർ ഓഫീസിൽ പണമായോ ഇ-പേമെന്റായോ നല്‍കാം, ജില്ലാ രജിസ്ട്രാർ ഓഫീസിൽ ഡി.ഡി.യായോ ബാങ്കേഴ്‌സ് ചെക്കായോ നൽകാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Next Story
Videos