മുന്നറിയിപ്പ് പോലൊരു റിപ്പോർട്ട്: കാനഡയിൽ തൊഴിലില്ലായ്മ വർധിക്കുന്നു

താൽക്കാലിക താമസക്കാരും സമീപകാല കുടിയേറ്റക്കാരും കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് വർദ്ധിപ്പിക്കുന്നു. കോവിഡ് മഹാമാരി കാലത്ത് തൊഴിൽ ക്ഷാമം നികത്താൻ രാജ്യത്ത് എത്തിയവര്‍ ഇപ്പോൾ ജോലി കണ്ടെത്താൻ പാടുപെടുകയാണ്.
വിദേശ തൊഴിലാളികൾ, അന്തർദേശീയ വിദ്യാർത്ഥികൾ, കാനഡയിലേക്ക് കുടിയേറിയവര്‍ എന്നിവരുൾപ്പെടെ താൽക്കാലിക താമസക്കാരുടെ തൊഴിലില്ലായ്മ നിരക്ക് ജൂണിൽ 11 ശതമാനത്തില്‍ എത്തിയതായി സാമ്പത്തിക വിശകലന സ്ഥാപനമായ ബ്ലൂംബെർഗ് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വന്നിറങ്ങിയ കുടിയേറ്റക്കാര്‍ ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്, അവരുടെ തൊഴിലില്ലായ്മ നിരക്ക് ജൂണിൽ 12.6% ആയി. കാനഡയിലെ തൊഴിൽ വിപണിയിലെ സമ്മര്‍ദ്ദം യുവ തൊഴിലാളികളെയും പുതുതായി രാജ്യത്ത് എത്തിയവരേയും ബാധിച്ചിട്ടുണ്ടെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്‌ലെം പറഞ്ഞു.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ രാജ്യത്ത് തൊഴിലാളികളുടെ ക്ഷാമം ഉണ്ടാക്കാതെയും വിപണിയെ കർശനമാക്കാതെയും സ്ഥിരതാമസക്കാരല്ലാത്തവരെ കുറയ്ക്കാനുളള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. മൂന്ന് വർഷത്തിനുള്ളിൽ സ്ഥിരതാമസക്കാരല്ലാത്തവരുടെ എണ്ണം 20% കുറയ്ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്കിൽ താൽക്കാലിക താമസക്കാരുടെയും സമീപകാല കുടിയേറ്റക്കാരുടെയും സംഭാവന രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയിലധികമാണ്.
കോവിഡ് മഹാമാരി കാലത്തെ തീരുമാനം തിരിച്ചടിയായി
വിദേശ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കുമുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാന്‍ കോവിഡ് മഹാമാരി കാലത്ത് ട്രൂഡോ ഗവൺമെന്‍റ് എടുത്ത തീരുമാനം തിരിച്ചടിയായതായി ആണ് വ്യക്തമാകുന്നത്. 2022 ൽ ജോലി ഒഴിവുകൾ നികത്താൻ അധിക തൊഴിലാളികൾ ആവശ്യമായിരുന്നു എങ്കിലും അതിനു ശേഷം ഒഴിവു വരുന്ന തസ്തികകൾ ഇല്ലാതാകുന്നതിനാല്‍ പുതുമുഖങ്ങൾ കൂടുതലായി തൊഴില്‍ രഹിതരാകുകയാണ്.
താൽക്കാലിക താമസക്കാരുടെ എണ്ണം കുറയുന്നതിനനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് കുറയാനാണ് സാധ്യത. പുതുതായി വരുന്നവർക്ക് കാനഡയില്‍ തൊഴിൽ വിപണിയുമായി പൂർണ്ണമായി സമരസപ്പെടാന്‍ വർഷങ്ങളെടുക്കും. സമീപകാല കുടിയേറ്റക്കാരുടെ തൊഴിലില്ലായ്മ നിരക്ക് കനേഡിയൻ വംശജരായ തൊഴിലാളികളേക്കാൾ ഇരട്ടിയിലധികമാണ്. എന്നാല്‍ ഒരു ദശാബ്ദമോ അതിൽ കൂടുതലോ കഴിഞ്ഞാൽ, കുടിയേറ്റക്കാർ കാനഡയിൽ ജനിച്ചവരുടെ അതേ നിരക്കിൽ ജോലി കണ്ടെത്തുന്നതായാണ് ഡാറ്റകള്‍ വ്യക്തമാക്കുന്നത്. ജനസംഖ്യ വർധനവ് സംഭവിക്കുന്നതും കാനഡയിൽ തൊഴില്‍ ക്ഷാമത്തിനിളള കാരണങ്ങളില്‍ ഒന്നാണ്.
Related Articles
Next Story
Videos
Share it