

അപ്രതീക്ഷിതമായെത്തിയ കനത്ത മഴ പൈനാപ്പിള്‍ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഒരാഴ്ച്ച മുമ്പ് വരെ 50 രൂപയ്ക്ക് അടുത്ത് വിലയുണ്ടായിരുന്ന സ്‌പെഷ്യല്‍ ഗ്രേഡിന് അടക്കം വില വലിയ തോതില്‍ താഴ്ന്നു. നിലവില്‍ പൈനാപ്പിള്‍ പഴത്തിന് കിലോ വില 45 രൂപയാണ്. സ്‌പെഷ്യല്‍ ഗ്രേഡ് ഗ്രീന്‍ കിലോയ്ക്ക് 37 രൂപയും പച്ചയ്ക്ക് 35 രൂപയുമാണ് നിലവിലെ വില. വരും ദിവസങ്ങളില്‍ ഇടിവ് തുടര്‍ന്നേക്കുമെന്നാണ് കര്‍ഷകര്‍ നല്കുന്ന സൂചന.
കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് പഴത്തിന് 52 രൂപയായിരുന്നു കിലോ വില. ഒക്ടോബര്‍ ആദ്യവാരം സ്‌പെഷ്യല്‍ ഗ്രേഡിന് 49 രൂപയും പഴത്തിന് 56 രൂപയുമായിരുന്നു വില. എന്നാല്‍ പിന്നീടാണ് ഇടിഞ്ഞ് തുടങ്ങിയത്.
സാധാരണ ഉത്തരേന്ത്യയില്‍ ഉത്സവകാലം വരുമ്പോള്‍ വില ഉയരുന്നതായിരുന്നു പതിവ്. രാജ്യത്തിന്റെ പലഭാഗത്തും മഴയുടെ സാഹചര്യം നിലനില്‍ക്കുന്നതാണ് പെട്ടെന്ന് വില താഴേക്ക് പോകാന്‍ കാരണം. മഴക്കാലത്ത് പൈനാപ്പിള്‍ ഉള്‍പ്പെടെയുള്ള പഴങ്ങളുടെ വില്പന താഴുന്നത് പതിവാണ്.
കടുത്ത വേനലില്‍ കഴിഞ്ഞ വര്‍ഷം വലിയതോതില്‍ കൃഷിനാശം സംഭവിച്ചിരുന്നു. എന്നാല്‍ ഇത്തവണ അനുകൂല കാലാവസ്ഥയായിരുന്നതിനാല്‍ ഉത്പാദനം നല്ലരീതിയില്‍ ഉയര്‍ന്നു. കേരളത്തില്‍ നിന്നുള്ള പൈനാപ്പിള്‍ കൂടുതലായും ഉത്തരേന്ത്യന്‍ വിപണിയിലാണ് വിറ്റഴിക്കുന്നത്.
വിദേശത്തേക്കുള്ള കയറ്റുമതി കൂടുതലും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്. ഉത്പാദനം വര്‍ധിക്കുന്നതിന് അനുസരിച്ച് വിദേശത്ത് കൂടുതല്‍ വിപണി കണ്ടെത്താന്‍ സാധിക്കാത്തത് തിരിച്ചടിയാണ്. യൂറോപ്പിലേക്ക് ഇടയ്ക്ക് കയറ്റുമതി നടത്തിയിരുന്നെങ്കിലും അതത്ര ലാഭകരമായിരുന്നില്ല.
സംസ്ഥാനത്ത് പൈനാപ്പിള്‍ കൃഷിയുടെ ഹബ്ബ് എറണാകുളം ജില്ലയിലെ വാഴക്കുളമാണ്. ഇവിടെ നിന്നാണ് വിവിധ രാജ്യങ്ങളിലേക്കും രാജ്യത്തിന്റെ മറ്റ് മാര്‍ക്കറ്റുകളിലേക്ക് ലോഡ് കയറിപ്പോകുന്നത്. ഡല്‍ഹി മാര്‍ക്കറ്റിനെ അടിസ്ഥാനപ്പെടുത്തി പൈനാപ്പിള്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ വില നിര്‍ണയിക്കുന്നത്. ജയ്പൂര്‍, മുംബൈ, കൊല്‍ക്കത്ത, പൂന, മധുര, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വാഴക്കുളം പൈനാപ്പിളിന് ഡിമാന്‍ഡ് ഏറെയാണ്.
പൈനാപ്പിള്‍ മേഖലയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പേരാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികള്‍ കൂടുതലായി വരുന്നത് ജാര്‍ഖണ്ഡ്, അസം എന്നിവിടങ്ങളില്‍ നിന്നാണ്. വാഴക്കുളത്ത് മാത്രം ചെറുതും വലുതുമായി 2,500ലേറെ കര്‍ഷകരാണ് കൃഷി ചെയ്യുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine