ബിഹാറിലും ഡല്‍ഹിയിലും പരീക്ഷണം ഹിറ്റ്, ബജറ്റില്‍ കേരളമടക്കം ഇലക്ഷന്‍ സംസ്ഥാനങ്ങളെ കാത്ത് വന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത?

2021ല്‍ ഈ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പ് അവതരിപ്പിച്ച ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു.
Nirmala Sitharaman, Modi, Rupee Sack
Image : Narendra Modi and Nirmala Sitharaman/twitter and Canva
Published on

ധനമന്ത്രി നിര്‍മല സീതാരാമന്‍ ഞായറാഴ്ച കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഇത്തവണത്തെ ബജറ്റില്‍ ശ്രദ്ധാകേന്ദ്രമായി മാറും. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങള്‍ക്കായി ചില പ്രത്യേക പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഡല്‍ഹിയിലും ബിഹാറിലും വിജയിച്ചു കയറാന്‍ ബിജെപി സഖ്യത്തെ ബജറ്റിലെ വകയിരുത്തല്‍ സഹായിക്കുകയും ചെയ്തിരുന്നു.

അസം, പശ്ചിമബംഗാള്‍, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് വരും മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ അസം ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ്. ഹിമന്ത ബിശ്വാസ് ശര്‍മയിലൂടെ മൂന്നാംവട്ടവും ഭരണം നിലനിര്‍ത്താനാണ് ബിജപിയുടെ ശ്രമം.

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെ താഴെയിറക്കി ആദ്യമായി അധികാരം പിടിക്കാനും പാര്‍ട്ടി ലക്ഷ്യമിടുന്നു. കേരളത്തില്‍ നിര്‍ണായ സ്വാധീനം ഉറപ്പിക്കാനും തമിഴ്‌നാട്ടില്‍ ഭരണത്തിന്റെ ഭാഗമാകാനുമുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് കരുതുന്നത്.

2021ല്‍ ഈ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പ് അവതരിപ്പിച്ച ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. പ്രധാന ഹൈവേ പ്രോജക്ടുകള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചിരുന്നു.

അസമിലെയും ബംഗാളിലെയും തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കായി വെല്‍ഫെയര്‍ പാക്കേജുകളും അന്നത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. വീണ്ടുമൊരു തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണന ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ബിഹാര്‍, ഡല്‍ഹി മോഡല്‍

കഴിഞ്ഞ ബജറ്റില്‍ പേഴ്‌സണല്‍ ഇന്‍കം ടാക്‌സില്‍ ആശ്വാസകരമായ തീരുമാനങ്ങള്‍ നിര്‍മല പ്രഖ്യാപിച്ചിരുന്നു. ഇത് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനമാണുണ്ടാക്കിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അകന്നുനിന്ന ജനവിഭാഗത്തെ അടുപ്പിക്കാന്‍ തീരുമാനത്തിലൂടെ സാധിച്ചു.

ബിഹാറിന് കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ വാരിക്കോരിയാണ് നല്കിയത്. മഖാന കര്‍ഷകര്‍ക്കായി മഖാന ബോര്‍ഡ്, നാഷണല്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഐടി പാട്‌നയുടെ വിപുലീകരണം തുടങ്ങി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഗുണം തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ലഭിക്കുകയും ചെയ്തു.

കേരളത്തിന് ഇത്തവണ എയിംസ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകളുണ്ട്. ഇതിനൊപ്പം തിരുവനന്തപുരവും തൃശൂരും കേന്ദ്രീകരിച്ച് വലിയ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ടിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com