ബജറ്റ് ചർച്ചകളിൽ ജെൻ-സിക്കും ഇടം; യുവാക്കളുടെ തൊഴിൽ, വിദ്യാഭ്യാസ വായ്പാ ആശങ്കകൾ പരിഗണിക്കുമോ?

2027–28 കേന്ദ്ര ബജറ്റിന് മുന്നോടിയായി യുവാക്കളുമായി പ്രത്യേക കൂടിയാലോചന നടത്താൻ ധനമന്ത്രി നിർമല സീതാരാമൻ ഒരുങ്ങുന്നു; തൊഴിൽ, വിദ്യാഭ്യാസച്ചെലവ്, വായ്പ, സംരംഭകത്വം തുടങ്ങിയ വിഷയങ്ങളിൽ യുവാക്കളുടെ നിർദേശങ്ങൾ പരിഗണിക്കുമോ എന്നതാണ് ശ്രദ്ധേയം
finance minister nirmala sitharaman
ധനമന്ത്രി നിർമല സീതാരാമൻFacebook/Nirmala Sitharaman
Published on: 

അടുത്ത വർഷത്തെ പൊതു ബജറ്റ് രൂപീകരണത്തിൽ പുതിയ തലമുറയുടെ ശബ്ദത്തിനും ഇടം നൽകാൻ കേന്ദ്രസർക്കാർ. 2027–28 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിന് മുന്നോടിയായി യുവാക്കളുമായി പ്രത്യേക ചർച്ച നടത്താൻ ധനമന്ത്രി നിർമല സീതാരാമൻ തയ്യാറെടുക്കുന്നു. സർക്കാരിന്റെ വാർഷിക പ്രീ-ബജറ്റ് കൂടിയാലോചനകളിൽ ജെൻ-സിയെ (Gen Z) ഔദ്യോഗികമായി ഉൾപ്പെടുത്തുന്നത് ഇതാദ്യമാണ്. സാമ്പത്തിക വിദഗ്ധർ, വ്യവസായ സംഘടനകൾ, കർഷകർ, ബാങ്കിങ്-ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ പരമ്പരാഗത വിഭാഗങ്ങൾക്കപ്പുറം യുവാക്കളുടെ കൂടി ആവശ്യങ്ങളും ധനനയ രൂപീകരണത്തിൽ പരിഗണിക്കാനാണ് കേന്ദ്ര നീക്കം.

ബജറ്റിൽ നിന്നും യുവാക്കൾ പ്രതീക്ഷിക്കുന്നത്?

തൊഴിൽ, ഭവനം, വിദ്യാഭ്യാസ വായ്പ, സംരംഭകത്വം, മാനസികാരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റൽ സ്വകാര്യത, നികുതി എന്നിവയാണ് യുവാക്കളുടെ പ്രധാന ആശങ്കകൾ. ഇവയിൽ ഏതൊക്കെയാകും ധനമന്ത്രിയുമായുള്ള പ്രീ-ബജറ്റ് ചർച്ചകളിൽ ഉയരുകയെന്നത് ശ്രദ്ധേയമാണ്. നവംബർ 16-ന് ആരംഭിച്ച കൂടിയാലോചനകൾ 26 വരെ തുടരും. കൃഷി, വ്യവസായം, എംഎസ്എംഇ, സ്റ്റാർട്ടപ്പുകൾ, മൂലധന വിപണി, ബാങ്കിങ്, ഇൻഷുറൻസ്, ഐടി, അടിസ്ഥാനസൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യവികസനം തുടങ്ങിയ വിവിധ മേഖലകളും ഈ ചർച്ചകളുടെ ഭാഗമാണ്.

തൊഴിൽ സൃഷ്ടി നിർണായകം

വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ലക്ഷക്കണക്കിന് യുവാക്കൾക്ക് അനുയോജ്യമായ തൊഴിൽ ലഭ്യമാക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി. നൈപുണ്യ പരിശീലനത്തിനൊപ്പം അപ്രന്റീസ്ഷിപ്പ്, എംഎസ്എംഇകൾക്കുള്ള വായ്പാ പിന്തുണ, സ്റ്റാർട്ടപ്പുകൾക്കുള്ള മൂലധനം, തൊഴിൽ സാധ്യതയുള്ള മേഖലകളിലെ നിക്ഷേപം എന്നിവയിലൂടെ എത്രത്തോളം പുതിയ ജോലികൾ സൃഷ്ടിക്കാനാകും? വരാനിരിക്കുന്ന ബജറ്റിൽ യുവാക്കൾക്ക് ലഭിക്കേണ്ട പ്രധാന ഉത്തരം ഇതാണ്.

വിദ്യാഭ്യാസച്ചെലവും വായ്പാഭാരവും

ഉന്നത വിദ്യാഭ്യാസത്തിന്റെ വർധിച്ചുവരുന്ന ചെലവ്, കോച്ചിങ് ഫീസ്, വിദ്യാഭ്യാസ വായ്പകളുടെ തിരിച്ചടവ് എന്നിവ യുവാക്കളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്കോളർഷിപ്പുകൾ, കുറഞ്ഞ ചെലവിലുള്ള വിദ്യാഭ്യാസ ധനസഹായം, തൊഴിൽ വിപണിയുമായി ബന്ധിപ്പിച്ച നൈപുണ്യ പരിശീലനം എന്നിവയ്ക്ക് സർക്കാരിൽ നിന്നും കൂടുതൽ പിന്തുണ ലഭിക്കുമോ എന്നതാണ് വിദ്യാർത്ഥികൾ ഉറ്റുനോക്കുന്ന പ്രധാന കാര്യം.

പങ്കാളിത്തമോ പ്രതീകാത്മക നീക്കമോ?

2026–27 പൊതു ബജറ്റിനെ 'യുവശക്തി അധിഷ്ഠിത ബജറ്റ്' എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വിശേഷിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിനുള്ള വിഹിതം 8.27 ശതമാനം വർധിപ്പിച്ച് 1.39 ലക്ഷം കോടി രൂപയാക്കിയിരുന്നു. കായിക മേഖലയ്ക്കും റെക്കോഡ് വിഹിതം അനുവദിച്ചു. വിദ്യാഭ്യാസ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ജൂലൈയിൽ യുവാക്കളുടെ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ പുതിയ കൂടിയാലോചനയ്ക്ക് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

എന്നാൽ ആരെയാണ് ചർച്ചയ്ക്ക് തിരഞ്ഞെടുക്കുന്നത്, നിർദേശങ്ങൾ പരസ്യപ്പെടുത്തുമോ, ബജറ്റ് വിഹിതങ്ങളിൽ അവ പ്രതിഫലിക്കുമോ എന്നതാണ് യഥാർഥ പരീക്ഷണം. 2027 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ബജറ്റിൽ യുവശബ്ദം എത്രത്തോളം ഇടംപിടിക്കുമെന്ന് കാത്തിരുന്നുകാണാം.

For the first time, the Union government plans a dedicated pre-Budget consultation with youth representatives as Finance Minister Nirmala Sitharaman prepares the 2027–28 Budget.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```