
മധ്യപ്രദേശ് ഭോപ്പാലിലുള്ള യൂണിയൻ കാർബൈഡ് ഫാക്ടറിയിലെ 337 ടൺ വിഷ മാലിന്യം മുഴുവനും കത്തിച്ചുകളഞ്ഞു. ഇപ്പോൾ പ്രവർത്തനരഹിതമാണ് യൂണിയൻ കാർബൈഡ് ഫാക്ടറി. ഈ വര്‍ഷം ജനുവരി 1 നാണ് ഫാക്ടറിയിൽ നിന്നുള്ള വിഷ മാലിന്യങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഭോപ്പാല്‍ ദുരന്തത്തിന് 40 വർഷങ്ങൾക്ക് ശേഷമാണ് ഇത്.
1984 ഡിസംബർ 2 ന് രാത്രിയിലാണ് യൂണിയൻ കാർബൈഡിന്റെ കീടനാശിനി ഫാക്ടറിയിൽ നിന്ന് അത്യന്തം വിഷാംശമുള്ള മീഥൈൽ ഐസോസയനേറ്റ് എന്ന വാതകം (MIC) ചോർന്നത്. ദുരന്തത്തില്‍ കുറഞ്ഞത് 5,479 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായാണ് ഇത് കണക്കാക്കുന്നത്.
മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ധാർ ജില്ലയിലെ പിതാംപൂർ വ്യാവസായിക നഗരത്തിലെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് അവശിഷ്ടങ്ങള്‍ മാറ്റിയത്. യൂണിയൻ കാർബൈഡ് ഫാക്ടറി പരിസരത്ത് നിന്നുള്ള മണ്ണ്, റിയാക്ടർ അവശിഷ്ടം, സെവിൻ (കീടനാശിനി) അവശിഷ്ടം, നാഫ്തൽ അവശിഷ്ടം തുടങ്ങിയവ മാലിന്യത്തിൽ ഉൾപ്പെടുന്നു. സെവിൻ, നാഫ്തൽ രാസവസ്തുക്കളുടെ പ്രഭാവം മാലിന്യത്തിൽ ഇതിനകം നിസാരമായി മാറിയതായാണ് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞത്. മീഥൈൽ ഐസോസയനേറ്റ് വാതകത്തിന്റെ സാന്നിധ്യം അവശിഷ്ടങ്ങളില്‍ ഉണ്ടായിരുന്നില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കുന്നു. അതിൽ റേഡിയോ ആക്ടീവ് കണികകളും അടങ്ങിയിട്ടില്ല.
337 ടൺ മാലിന്യം കത്തിച്ചതിനുശേഷം അവശേഷിച്ച ചാരവും മറ്റ് അവശിഷ്ടങ്ങളും സുരക്ഷിതമായി ചാക്കുകളിൽ പായ്ക്ക് ചെയ്ത് പ്ലാന്റിലെ ചോർച്ച രഹിത ഷെഡിൽ സൂക്ഷിച്ചിരിക്കുകയാണ്. ശാസ്ത്രീയമായി മാലിന്യ അവശിഷ്ടങ്ങൾ നിലത്ത് കുഴിച്ചിടുന്നതിനായി പ്രത്യേക ലാൻഡ്‌ഫിൽ സെല്ലുകൾ നിർമ്മിച്ചു വരികയാണ്. ഈ ജോലി നവംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിസ്ഥിതിക്ക് ദോഷം വരുത്താത്ത രീതിയില്‍ ഡിസംബറോടെ ഈ അവശിഷ്ടങ്ങളും സംസ്കരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
പരിസ്ഥിതിക്കും ആരോഗ്യത്തിനും പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ഭയത്തില്‍ തുടക്കത്തിൽ മാലിന്യ സംസ്കരണ പ്ലാന്റില്‍ അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ഉയർന്നിരുന്നു. മാലിന്യങ്ങൾ കത്തിക്കുന്നത് ചുറ്റുമുള്ള പ്രദേശങ്ങളിലെ ആളുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിലെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെയും അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം ശമിച്ചത്.
Union Carbide’s 337 tons of toxic waste incinerated 40 years after Bhopal disaster in a major environmental cleanup effort.
Read DhanamOnline in English
Subscribe to Dhanam Magazine