
കടല്‍ പായല്‍ കൃഷി തീരദേശ ജനതക്ക് മികച്ച വരുമാന മാര്‍ഗമാണെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍. കടല്‍പായല്‍ കൃഷിയിലൂടെ തമിഴ്‌നാട്ടിലെ വനിതാ കര്‍ഷക സംഘങ്ങള്‍ക്ക് വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായെന്നും മന്ത്രി പറഞ്ഞു. ലക്ഷദ്വീപിലെ കവരത്തിയില്‍ സിഎംഎഫ്ആര്‍ഐയുടെ കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിച്ച വിക്‌സിത് കൃഷി സങ്കല്‍പ് ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി.
ലക്ഷദ്വീപ് കടല്‍പ്പായല്‍ കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. 'കടല്‍പ്പായല്‍ ക്ലസ്റ്റര്‍' ആയി കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ നീക്കം മേഖലയിലുടനീളം കടല്‍പ്പായല്‍ കൃഷിയുടെ വികസനവും അതിന്റെ ഉപയോഗവും കൂട്ടാന്‍ സഹായിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ദ്വീപുകാര്‍ക്കിടയില്‍ കടല്‍പായല്‍ കൃഷി ജനകീയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച സി.എം.എഫ്.ആര്‍.ഐയെയും കെ.വി.കെയെയും മന്ത്രി അഭിനന്ദിച്ചു. ലക്ഷദ്വീപ് കെവികെയെ ഇന്ത്യയിലെ ഏറ്റവും മികച്ചതായി ഈയിടെ തെരഞ്ഞെടുത്തിരുന്നു.
ആഴക്കടല്‍ മത്സ്യബന്ധന രംഗത്ത് മികച്ച സാധ്യതയാണ് ലക്ഷദ്വീപില്‍ ഉള്ളത്. ഇത് പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും. ലക്ഷദ്വീപിലെ പ്രധാന ഇനമായ ചൂര മത്സ്യബന്ധനം ശക്തിപ്പെടുത്തും. തത്സമയ സംസ്‌കരണത്തിന് കൂടി അവസരമൊരുക്കുന്ന സൗകര്യങ്ങളുള്ള യാനങ്ങള്‍ വികസിപ്പിക്കും. ഇത് ലക്ഷദ്വീപ് ചൂരയുടെ വിപണി മൂല്യം വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുമെന്നും മന്തി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
കൃഷിയിലും അനുബന്ധ മേഖലകളിലുമുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കുകയാണ് വിക്‌സിത് കൃഷി സങ്കല്‍പ്പ് അഭിയാനിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സിഎംഎഫ്ആര്‍ഐ കവരത്തിയില്‍ സ്ഥാപിച്ച സമുദ്ര അലങ്കാര മത്സ്യ ഹാച്ചറി മന്ത്രി സന്ദര്‍ശിച്ചു. സമുദ്രമത്സ്യ മേഖലയിലെ ഗവേഷണ വികസന സംരംഭങ്ങള്‍ക്കായി സി.എം.എഫ്.ആര്‍ഐയുടെ ഫീല്‍ഡ് ലാബ് ലക്ഷദ്വീപില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകര്‍ക്കുള്ള ചെറുകിട യന്ത്രങ്ങളും ഉപകരണങ്ങളും മന്ത്രി വിതരണം ചെയ്തു.
സിഎംഎഫ്ആര്‍ഐയുടെ കെവികെ-ലക്ഷദ്വീപ് മേധാവി ഡോ. പി.എന്‍. ആനന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലക്ടര്‍ ഡോ. ഗിരി ശങ്കര്‍, ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള കൃഷി സെക്രട്ടറി രാജ് തിലക് സംസാരിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine