ബിയര്‍ വാങ്ങിയിട്ട് സര്‍വത്ര 'കടം'; രേവന്ത് റെഡ്ഡിയോട് നോ പറഞ്ഞ് കിംഗ്ഫിഷര്‍!

മദ്യപാനികളെ കൈവിടാന്‍ സര്‍ക്കാരിനാകില്ലെന്ന് മുഖ്യമന്ത്രി, എങ്കില്‍ ഇനി ബിയര്‍ നല്‍കില്ലെന്ന് യു.ബി ഗ്രൂപ്പ്‌
Image Courtesy: x.com/revanth_anumula, www.unitedbreweries.com
Image Courtesy: x.com/revanth_anumula, www.unitedbreweries.com
Published on

തെലങ്കാനയിലേക്കുള്ള ബിയര്‍ വിതരണം നിര്‍ത്തിവച്ച് പ്രമുഖ മദ്യനിര്‍മാതാക്കളായ യുണൈറ്റഡ് ബ്രീവറീസ് ലിമിറ്റഡ് (യു.ബി.എല്‍) കമ്പനിയുടെ കിംഗ്ഫിഷര്‍ (Kingfisher), ഹൈനെക്കന്‍ (Heineken) എന്നി ബ്രാന്‍ഡുകളുടെ വിതരണമാണ് അവസാനിപ്പിച്ചത്.

സര്‍ക്കാരിന് കീഴിലുള്ള തെലങ്കാന ബീവറേജസ് കോര്‍പറേഷന്‍ ലിമിറ്റഡിന് (ടി.ജി.ബി.സി.എല്‍) ആണ് സംസ്ഥാനത്ത് മദ്യവിതരണത്തിന്റെ ചുമതല. മുമ്പ് ബിയര്‍ നല്‍കിയതിന്റെ തുക നല്‍കാത്തും 2020ന് ശേഷം വില വര്‍ധിപ്പിക്കാത്തതുമാണ് ടി.ജി.ബി.സി.എല്ലിനുള്ള വിതരണം നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കിയതെന്ന് യുണൈറ്റഡ് ബ്രീവറീസ് അറിയിച്ചു.

കിട്ടാക്കടം 658 കോടി രൂപ!

തെലങ്കാന സര്‍ക്കാര്‍ യുണൈറ്റഡ് ബ്രീവറീസിന് നല്‍കാനുള്ളത് 658.95 കോടി രൂപയാണ്. കുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ ഉള്‍പ്പെടെ സമീപിച്ചിരുന്നു. എന്നാല്‍ കുടിശിക തീര്‍ക്കാന്‍ സംസ്ഥാനം യാതൊന്നും ചെയ്തില്ലെന്ന് കമ്പനി ആരോപിക്കുന്നു. ബിയര്‍ വില വര്‍ധിപ്പിക്കണമെന്ന കമ്പനികളുടെ ആവശ്യം ഇതിനിടെ കഴിഞ്ഞ മാസം മുഖ്യമന്ത്രി നിരസിക്കുകയും ചെയ്തു. കുപ്പിക്ക് 10 രൂപ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കമ്പനികളുടെ ആവശ്യം. ഇതോടെയാണ് കടുത്ത തീരുമാനമെടുക്കാന്‍ യു.ബി ഗ്രൂപ്പ് തീരുമാനിച്ചത്.

യുണൈറ്റഡ് ബ്രീവറീസിന്റെ വിപണി വിഹിതത്തിന്റെ 15-20 ശതമാനം സംഭാവന ചെയ്യുന്നത് തെലങ്കാനയാണ്. എന്നാല്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യേണ്ടതിനാല്‍ തെലങ്കാനയില്‍ നിന്നുള്ള വരുമാനം കുറവാണ്. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തെലങ്കാനയില്‍ ബിയര്‍വില കുറവാണ്. കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളേക്കാള്‍ 30 ശതമാനത്തോളം വിലകുറച്ചാണ് ഇവിടെ ബിയര്‍ വില്‍ക്കുന്നത്. എക്‌സൈസ് ഡ്യൂട്ടിയായി യു.ബി ഗ്രൂപ്പ് ഓരോ വര്‍ഷവും 500 കോടി രൂപയിലേറെയാണ് സംസ്ഥാന സര്‍ക്കാരിലേക്ക് നല്‍കുന്നത്.

ബിയര്‍ ഉത്പാദന ചെലവ് 2019നെ അപേക്ഷിച്ച് 35-40 ശതമാനം വര്‍ധിച്ചതായി ബ്രീവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. ഗ്ലാസ്, ബാര്‍ലി, കൂലി എന്നിവ ബിയര്‍ വ്യവസായത്തിന് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് അസോസിയേഷന്റെ വാദം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com