
ഗതാഗത നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ കൃത്യസമയത്ത് അടയ്ക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ട്രാഫിക് പിഴ മൂന്ന് മാസത്തിനുള്ളില്‍ അടക്കാത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് ആലോചന. കൂടാതെ ഒരു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ റെഡ് ലൈറ്റ് ക്രോസ് ചെയ്യുക, അപകടകരമായി വാഹനം ഓടിക്കുന്ന എന്നീ കുറ്റങ്ങള്‍ക്ക് മൂന്ന് തവണ ശിക്ഷിക്കപ്പെടുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് എങ്കിലും തടഞ്ഞുവെക്കാനും ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ട്രാഫിക് നിയമലംഘനത്തിന് ചുമത്തുന്ന പിഴയില്‍ 40 ശതമാനം മാത്രമാണ് പിരിഞ്ഞുകിട്ടുന്നതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം. ഇത്തരക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതില്‍ മുന്നിലാണെങ്കിലും ഇത് പിരിച്ചെടുക്കുന്നതില്‍ പല സംസ്ഥാനങ്ങളും പിന്നിലാണെന്നും ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ടില്‍ തുടരുന്നു. ചുമത്തുന്ന പിഴയില്‍ 14 ശതമാനം പിരിച്ചെടുക്കുന്ന ഡല്‍ഹിയാണ് ഏറ്റവും പിന്നില്‍. കര്‍ണാടക (21%), തമിഴ്‌നാട് (27%), ഉത്തര്‍പ്രദേശ് (27%), ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് കൂട്ടത്തിലുള്ളത്. രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ പിഴത്തുക പിരിച്ചെടുക്കുന്നതില്‍ മുന്നിലാണെന്നും റിപ്പോര്‍ട്ട് തുടരുന്നു. 2025 വരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 40,548 കോടി രൂപയാണ് ട്രാഫിക്ക് പിഴയിനത്തില്‍ ചുമത്തിയത്. ഇതില്‍ 16,324 കോടി രൂപ മാത്രമാണ് പിരിച്ചത്.
ആളുകള്‍ പിഴത്തുക അടക്കാത്തതിന് നിരവധി കാരണങ്ങളാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. കൃത്യസമയത്ത് അറിയിപ്പ് ലഭിക്കാത്തതും തെറ്റായ പിഴയും ഇതിലുള്‍പ്പെടുന്നു. ഇത് കണക്കിലെടുത്ത് ട്രാഫിക്ക് നിയമലംഘനം സംബന്ധിച്ച അറിയിപ്പുകള്‍ കൃത്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ വിപുലമായ സംവിധാനം ഒരുക്കാനുള്ള നീക്കത്തിലാണ്. പിഴ ഒടുക്കുന്നത് വരെ കൃത്യമായ റിമൈന്‍ഡറുകള്‍ അയക്കാനും പദ്ധതിയുണ്ട്. നിയമലംഘനമുണ്ടായി മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ഇത് സംബന്ധിച്ച അറിയിപ്പെത്തും. അടുത്ത മുപ്പത് ദിവസത്തിനുള്ളില്‍ പിഴത്തുക അടക്കണം. അല്ലെങ്കില്‍ ഇതിനെതിരെ കോടതിയെയോ ഉന്നത അധികാരികളെയോ സമീപിക്കാം. മുപ്പത് ദിവസത്തിനുള്ളില്‍ കോടതിയെ സമീപിച്ചില്ലെങ്കില്‍ കുറ്റം സമ്മതിച്ചതായി കണക്കാക്കും. 90 ദിവസത്തിനുള്ളില്‍ പണമടച്ചില്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സോ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോ (ആര്‍.സി) സസ്‌പെന്‍ഡ് ചെയ്യാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ട്രാഫിക്ക് പിഴ സംബന്ധിച്ച പരാതികള്‍ മുപ്പത് ദിവസത്തിനുള്ളില്‍ പരിഹരിക്കാനും അല്ലെങ്കില്‍ പിഴ ശിക്ഷ ഒഴിവാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വാഹനത്തിന്റെ ആര്‍.സി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ കൃത്യമായ മൊബൈല്‍ നമ്പര്‍ ചേര്‍ക്കാന്‍ നിശ്ചിത സമയം അനുവദിക്കുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine