
ദേശീയപാതകളിലും സംസ്ഥാനപാതകളിലും മികച്ച ഹോട്ടലുകള്‍, ശൗചാലയങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇല്ലാത്തത് വലിയൊരു പോരായ്മയാണ്. ദിവസവും ലക്ഷകണക്കിന് വാഹനങ്ങളാണ് ഹൈവേകളിലൂടെ സഞ്ചരിക്കുന്നത്. യാത്രയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നത് ജനങ്ങളുടെ കാലങ്ങളായുളള ആവശ്യമാണ്. കേരളത്തില്‍ ഹൈവേകളില്‍ സഞ്ചരിക്കുമ്പോള്‍ മതിയായ ശൗചാലയ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ പരാതികള്‍ ഉന്നയിക്കുന്നത് വ്യാപകമാണ്.
ഈ അവസരത്തില്‍ വേറിട്ട ഒരു പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രധാന ഹൈവേകളിലും ടൂറിസ്റ്റ് ഇടനാഴികളിലും വഴിയോര സൗകര്യങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ സബ്‌സിഡി പദ്ധതി ആരംഭിച്ചിരിക്കുകയാണ് യു.പി സര്‍ക്കാര്‍. വഴിയോര സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സ്വകാര്യ നിക്ഷേപകർക്കും സംരംഭകർക്കും നിർമ്മാണ ചെലവിൽ 30 ശതമാനം വരെ സബ്‌സിഡിയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഇത്തരം പദ്ധതികൾക്കായി പ്രത്യേകം വാങ്ങിയ ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജുകൾ തുടങ്ങിയവ ഒഴിവാക്കുന്നതാണ്.
ദേശീയ പാതകൾ, സംസ്ഥാന പാതകൾ, എക്‌സ്പ്രസ് വേകൾ, പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നയിക്കുന്ന റോഡുകൾ തുടങ്ങിയവയ്ക്ക് സമീപം ഹോട്ടലുകള്‍, മോട്ടലുകൾ, ഫുഡ് പ്ലാസകൾ, എയർ കണ്ടീഷൻ ചെയ്ത ടോയ്‌ലറ്റ് സമുച്ചയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നതാണ് പദ്ധതി. പെട്രോള്‍ പമ്പുകള്‍, മറ്റ് ഉപയോഗയോഗ്യമായ പ്ലോട്ടുകൾ തുടങ്ങിയ സ്വകാര്യ ഭൂമികളില്‍ ഈ സൗകര്യങ്ങൾ സ്ഥാപിക്കാവുന്നതാണ്. റോഡരികില്‍ നിലവിലുളള സംവിധാനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെയും പുതിയ ബിസിനസ്, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും യാത്രക്കാർക്കും പ്രാദേശിക സംരംഭകർക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നും അധികൃതര്‍ വിലയിരുത്തുന്നു. ഉത്തര്‍പ്രദേശില്‍ 50,000 കിലോമീറ്ററിലധികമാണ് ഹൈവേകളും എക്സ്പ്രസ് വേകളും ഉളളത്. ഓരോ 30-40 കിലോമീറ്ററിലും ഒരു കേന്ദ്രം വീതം സ്ഥാപിക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.
കേരളത്തില്‍ 11 നാഷണല്‍ ഹൈവേകളും 83 സ്റ്റേറ്റ് ഹൈവേകളുമാണ് ഉളളത്. ദേശീയ പാതകള്‍ 1,812 കിലോമീറ്റർ നീളത്തിലും സംസ്ഥാന പാതകള്‍ 4,342 കിലോമീറ്റർ നീളത്തിലുമാണ് വ്യാപിച്ചു കിടക്കുന്നത്. ഇതിലൂടെ ലക്ഷകണക്കിന് പേരാണ് പ്രതിദിനം യാത്ര ചെയ്യുന്നത്. യാത്രാ മധ്യേ ഇവര്‍ക്ക് വേണ്ട ഗുണമേന്മയുളള ശൗചാലയങ്ങള്‍ അടക്കമുളള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം നിരവധി പേരാണ് ബുദ്ധിമുട്ടുന്നത്. ടൂറിസത്തിനും വളരെ പ്രാധാന്യമുളള കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് വഴിയരികില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
UP mandates roadside amenities every 30 km, sparking calls for similar infrastructure upgrades along Kerala highways.
Read DhanamOnline in English
Subscribe to Dhanam Magazine