ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാന്‍ ഇനി 4 ദിവസം മാത്രം, ഓണ്‍ലൈനായി പുതുക്കാം

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാന്‍ ഇനി നാലു ദിവസം കൂടി മാത്രം. 10 വര്‍ഷത്തിലേറെയായി ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാത്ത പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സൗജന്യമായി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 14 വരെയാണ് യു.ഐ.ഡി.എ.ഐ (Unique Identification Authority of India) സമയം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 14 ന് ശേഷം പുതുക്കുന്നതിന് ഫീസ് ഈടാക്കിയേക്കും. നിലവില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി സേവനം നല്‍കുന്നതിന് 50 രൂപ ഫീസ് ഈടാക്കും.

ആരൊക്കെ അപ്ഡേറ്റ് ചെയ്യണം?
10 വര്‍ഷം മുന്‍പ് ആധാര്‍ ലഭിച്ച, ഇതുവരെ വിവരങ്ങള്‍ പുതുക്കാത്തവര്‍ക്ക് ഈ അവസരം വിനിയോഗിക്കാം. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും ആധാര്‍ വിവിരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് യു.ഐ.ഡി.എ.ഐ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കുട്ടിക്ക് 15 വയസ് തികയുമ്പോള്‍ എല്ലാ ബയോമെട്രിക് വിവരങ്ങളും മറ്റ് വിശദാംശങ്ങളും അപ്ഡേറ്റ് ചെയ്യണം. പേര്, ജനനത്തീയതി, വിലാസം മുതലായ വിവരങ്ങളാണ് അപ്ഡേറ്റ് ചെയ്യാനാകുക.
അപ്‌ഡേറ്റ് ചെയ്യുന്ന വിധം
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി നേരിട്ട് ചെയ്യാനാകുക. അല്ലാത്തവര്‍ അക്ഷയകേന്ദ്രങ്ങളില്‍ പോയി ആദ്യം മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം. അതിനുശേഷം :
-https://myaadhaar.uidai.gov.in എന്ന പോര്‍ട്ടല്‍ വഴി മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
-'പ്രൊസീഡ് റ്റു അപ്ഡേറ്റ് അഡ്രസ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
-ഒറ്റത്തവണ പാസ്‌വേഡ് മൊബൈലില്‍ ലഭിക്കും
-അതിനുശേഷം 'ഡോക്യുമെന്റ് അപ്ഡേറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. നിലവിലെ ആധാര്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിഞ്ഞു വരും.
-ഈ വിവരങ്ങള്‍ ശരിയാണെന്നുണ്ടെങ്കില്‍ തുടര്‍ന്നുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
-അടുത്ത സ്‌ക്രീനില്‍ ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. സ്‌കാന്‍ ചെയ്ത രേഖകള്‍ അപ്‌ലോഡ് ചെയ്ത് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
-ആധാര്‍ അപ്ഡേറ്റ് അഭ്യര്‍ത്ഥന ആഗീകരിച്ചാല്‍ 14 അക്കങ്ങളുള്ള അപ്ഡേറ്റ് റിക്വസ്റ്റ് നമ്പര്‍(യു.ആര്‍.എന്‍) ലഭിക്കും. ഇതുപയോഗിച്ച് ആധാര്‍ അഡ്രസ് അപ്‌ഡേറ്റായോ എന്ന് ചെക്ക് ചെയ്യാനാകും. അപ്‌ഡേറ്റ് ചെയ്ത ശേഷം നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it