
3,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍) പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യു.പി.ഐ സേവന ദാതാക്കളെയും ബാങ്കുകളെയും പിന്തുണക്കുന്നതിന് വേണ്ടിയാണ് നയം മാറ്റം. ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ ബാങ്കുകള്‍ക്കും സേവന ദാതാക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്നതിനും ഈ തുക സഹായകമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ എം.ഡി.ആര്‍ ഏര്‍പ്പെടുത്തുന്നത് വ്യാപാരികള്‍ക്ക് അധിക ബാധ്യതയാകുമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്-യു.പി.ഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്കും യു.പി.ഐ സേവന ദാതാക്കള്‍ക്കും നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാര്‍ക്കും നല്‍കേണ്ട തുകയാണിത്. 2020 മുതല്‍ ഇന്ത്യയിലെ യു.പി.ഐ ഇടപാടുകള്‍ക്ക് എം.ഡി.ആര്‍ ഈടാക്കുന്നില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിന് പുറമെ 2,000 രൂപക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് 0.15 ശതമാനം ഇന്‍സെന്റീവും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. 2024-25 ബജറ്റില്‍ 1,500 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി മാറ്റിവെച്ചത്.
സര്‍ക്കാര്‍ പിന്തുണയുണ്ടെങ്കിലും യു.പി.ഐ ഇക്കോസിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തിന് പ്രതിവര്‍ഷം 10,000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് ഈ രംഗത്തെ കമ്പനികള്‍ പറയുന്നത്. 20 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള വ്യാപാരികളില്‍ നിന്ന് 0.3 ശതമാനം എം.ഡി.ആര്‍ ഈടാക്കണമെന്നാണ് കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ വ്യാപാരികളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് തീരുമാനിക്കേണ്ടതില്ലെന്നും പകരം സ്വീകരിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ചെറിയ യു.പി.ഐ ഇടപാടുകളും ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഇടപാടുകളും എം.ഡി.ആറില്‍ നിന്ന് ഒഴിവാക്കുമെന്നും റിപ്പോര്‍ട്ട് തുടരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ആഴ്ച സാമ്പത്തിക കാര്യ മന്ത്രാലയവും ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റും പ്രധാനമന്ത്രിയുടെ ഓഫീസില്‍ യോഗം ചേര്‍ന്നിരുന്നു.
രാജ്യത്ത് നിലവില്‍ നടക്കുന്ന 80 ശതമാനം ഡിജിറ്റല്‍ ഇടപാടുകളും യു.പി.ഐ വഴിയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് ആറ് കോടി വ്യാപാരികള്‍ രാജ്യത്ത് യു.പി.ഐ ഇടപാടുകള്‍ സ്വീകരിക്കാറുണ്ടെന്നും കണക്കുകള്‍ പറയുന്നു. ഇവയില്‍ 90 ശതമാനം പ്രതിവര്‍ഷം 20 ലക്ഷത്തില്‍ താഴെ വരുമാനം ലഭിക്കുന്ന ചെറുകിട വ്യാപാരികളാണ്. ഇത്തരം വ്യാപാരികള്‍ക്ക് അധിക ബാധ്യത സൃഷ്ടിക്കാന്‍ തീരുമാനം കാരണമായേക്കാം. ഇവര്‍ക്ക് മേല്‍ ചുമത്തപ്പെടുന്ന എം.ഡി.ആര്‍ ഉപയോക്താക്കളുടെ തലയിലിടുമോയെന്ന ആശങ്കയും ശക്തമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine