

രാജ്യത്ത് യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (Unified Payments Interface-UPI) വീണ്ടും പണിമുടക്കി. ഗൂഗിള്‍പേ, പേയ്ടിഎം, ഫോണ്‍പേ തുടങ്ങിയ ആപ്ലിക്കേഷനുകളെ സ്തംഭനം ബാധിച്ചു. പണം അയയ്ക്കാനോ സ്വീകരിക്കാനോ സാധിക്കാത്ത അവസ്ഥ സംജാതമായെന്ന് പലരും സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
സാങ്കേതിക തകരാര്‍ സംഭവിച്ചുവെന്ന് പിന്നീട് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) സ്ഥിരീകരിച്ചു. രാവിലെ ആരംഭിച്ച സാങ്കേതിക തകരാര്‍ ഉച്ചകഴിഞ്ഞതോടെ ഭാഗികമായി പുന:സ്ഥാപിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് യു.പി.ഐ സേവനങ്ങള്‍ നിശ്ചലമാകുന്നത്. മാര്‍ച്ച് 26, ഏപ്രില്‍ 2 തീയതികളിലാണ് ഇതിനുമുമ്പ് യു.പി.ഐ സേവനങ്ങള്‍ തടസപ്പെട്ടത്. പലരും പണക്കൈമാറ്റത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിക്കുന്നത്.
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ് വഴി 2025 സാമ്പത്തിക വര്‍ഷം നടന്നത് 18,500 കോടി ഇടപാടുകളാണ്. രാജ്യത്തെ ഏറ്റവും പ്രചാരമേറിയ റിയല്‍ടൈം പേയ്മെന്റ് പ്ലാറ്റ്ഫോമാണ് യു.പി.ഐ. ഡിജിറ്റല്‍ പേയ്മെന്റുകളുടെ 85 ശതമാനവും നടക്കുന്നത് യു.പി.ഐ വഴിയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം യു.പി.ഐ വഴി 260 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് മൊത്തം നടന്നത്. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷമിത് 200 ലക്ഷം കോടി രൂപയായിരുന്നു. 30 ശതമാനമാണ് ഇടപാട് മൂല്യത്തിലെ വര്‍ധന. 2024 കലണ്ടര്‍ വര്‍ഷത്തില്‍ യു.പി.ഐ ഇടപാടുകള്‍ 17,200 കോടിയായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 45 ശതമാനം വര്‍ധന.
മാര്‍ച്ചിലാണ് യു.പി. ഐ ഇടപാടുകളുടെ എണ്ണം ആദ്യമായി 1,830 കോടിയെത്തി റെക്കോഡിട്ടത്. ഇടപാട് മൂല്യം 24.77 ലക്ഷം കോടിയും തൊട്ടു. തൊട്ട് മുന്‍ മാസത്തേക്കാള്‍ 1.7 ശതമാനം വര്‍ധനയും രേഖപ്പെടുത്തി.
Read DhanamOnline in English
Subscribe to Dhanam Magazine