

റിസർവ് ബാങ്ക് (RBI) മുൻ ഗവർണറായ ഉർജിത് പട്ടേലിനെ കേന്ദ്ര സർക്കാർ അന്താരാഷ്ട്ര നാണ്യ നിധിയുടെ (IMF) എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ എന്ന നിലയില്‍ ഇന്ത്യയുടെ ധനനയ ചട്ടക്കൂട് രൂപപ്പെടുത്തുന്നതു മുതൽ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ (AIIB) വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നത് വരെയുള്ള അദ്ദേഹത്തിന്റെ കരിയർ പാത സുദീർഘവും ശ്രദ്ധേയവുമാണ്.
കെനിയയിൽ ജനിച്ച സാമ്പത്തിക ശാസ്ത്രജ്ഞനായ പട്ടേൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്റെ കരിയർ ആരംഭിച്ചതും ഐഎംഎഫിലാണ്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സില്‍ 1984 ല്‍ ബി.എസ്‌സി. ഇക്കണോമിക്‌സ് നേടിയ അദ്ദേഹം 1986 ല്‍ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇക്കണോമിക്സില്‍ എം.ഫില്ലും 1990 ല്‍ യേൽ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ പിഎച്ച്.ഡിയും കരസ്ഥമാക്കി.
2013–2016 കാലയളവിലാണ് ആർബിഐ ഡെപ്യൂട്ടി ഗവർണറായി നിയമിതനാകുന്നത്. 2016–2018 കാലയളവില്‍ ആർബിഐയുടെ 24-ാമത് ഗവർണറായി ചുമതലയേറ്റു. 2018 ഡിസംബറിൽ അദ്ദേഹം രാജിവച്ചു.
ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിൽ (ബിസിജി) ഉപദേഷ്ടാവ്, റിലയൻസ് ഇൻഡസ്ട്രീസിൽ ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡന്റ്, ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷനിലും മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയിലും ബോർഡ് സ്ഥാനങ്ങൾ എന്നിവയാണ് പട്ടേല്‍ വഹിച്ച പ്രധാന കോർപ്പറേറ്റ് റോളുകൾ.
ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, പസഫിക് ദ്വീപുകൾ എന്നിവയുടെ ചുമതല വഹിക്കുന്ന എഐഐബി യുടെ വൈസ് പ്രസിഡന്റ് ചുമതല വഹിക്കുമ്പോഴാണ് ഐഎംഎഫിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ പട്ടേലിനെ നിയമിക്കുന്നത്.
Former RBI Governor Urjit Patel appointed as Executive Director at the International Monetary Fund (IMF).
Read DhanamOnline in English
Subscribe to Dhanam Magazine