

അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരോട് സുരക്ഷാ പരിശോധനകളുടെ ഭാഗമായി ഷൂസ് ഊരിവെക്കാൻ ആവശ്യപ്പെടുന്ന നടപടി ഒഴിവാക്കുന്നു. തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ ദീർഘകാലമായി നിലനിൽക്കുന്ന നിയമം ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യുരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) ഘട്ടം ഘട്ടമായി പിൻവലിക്കുന്ന പ്രവര്‍ത്തനങ്ങളിലാണെന്ന് സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
"ഷൂ ബോംബർ" എന്നറിയപ്പെടുന്ന ബ്രിട്ടീഷ് പൗരനായ റിച്ചാർഡ് റീഡ് ഷൂസിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് 2001 ഡിസംബറിൽ അമേരിക്കൻ എയർലൈൻസ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 2006 ലാണ് ഷൂ നീക്കം ചെയ്തുളള സുരക്ഷാ പരിശോധന നടപ്പിലാക്കിയത്.
ബാൾട്ടിമോർ/വാഷിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളം, ഫോർട്ട് ലോഡർഡെയ്ൽ അന്താരാഷ്ട്ര വിമാനത്താവളം, സിൻസിനാറ്റി/നോർത്തേൺ കെന്റക്കി, പോർട്ട്‌ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളം, ഫിലാഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളം, നോർത്ത് കരോലിനയിലെ പീഡ്‌മോണ്ട് ട്രയാഡ് അന്താരാഷ്ട്ര വിമാനത്താവളം, ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളം, ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളം തുടങ്ങിയവിടങ്ങളില്‍ ഷൂ ഊരണമെന്ന നിയമം ഒഴിവാക്കാന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സ്റ്റാൻഡേർഡ് ടി.എസ്.എ സുരക്ഷാ പരിശോധനകളുടെ ഭാഗമായുളള യാത്രക്കാരെയാണ് ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുളളത്. അതേസമയം സ്കാനറുകളിലോ മാഗ്നെറ്റോമീറ്ററുകളിലോ അലാറം മുഴക്കുകയാണെങ്കില്‍ കൂടുതൽ സ്ക്രീനിംഗിനായി യാത്രക്കാര്‍ ഷൂസ് ഊരേണ്ടതുണ്ട്. പതിവായി യാത്ര ചെയ്യുന്നവർക്ക് ഈ മാറ്റം ആശ്വാസകരമാണ്.
ആളുകള്‍ക്ക് മെച്ചപ്പെട്ട യാത്രാ അനുഭവം പ്രദാനം ചെയ്യുന്നതിനും നൂതനമായ സുരക്ഷാ നടപടികള്‍ കൈകൊളളുന്നതിന്റെയും ഭാഗമായാണ് ഈ മാറ്റം. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം ഏര്‍പ്പെടുത്തിയ സുരക്ഷാ പരിശോധന നടപടികള്‍ പിന്‍വലിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം യു.എസിലെ എല്ലാ വിമാനത്താവളങ്ങളിലും പുതിയ മാറ്റം നിലവില്‍ വന്നിട്ടില്ല. വരും ആഴ്ചകളിൽ കൂടുതൽ വിമാനത്താവളങ്ങൾ ഈ നടപടി ഒഴിവാക്കുമെന്നാണ് കരുതുന്നത്.
US airports begin phasing out shoe removal rule in security checks for passengers.
Read DhanamOnline in English
Subscribe to Dhanam Magazine