

മുന്നോട്ടു കുതിക്കാന്‍ ഫണ്ടില്ലാതെ ബുദ്ധിമുട്ടുന്ന ചെറുകിട സംരംഭകര്‍ക്ക് പിന്തുണയുമായി പാലക്കാട്ടുകാരനായ അമേരിക്കന്‍ വ്യവസായി. അമേരിക്കയില്‍ ടെക് സംരംഭകനായ പാലക്കാട് കൊട്ടേക്കാട് സ്വദേശി വി.കെ.വിനോദ് ശ്രീകുമാറാണ് ഇന്ത്യയില്‍ സംരംഭക മേഖലയില്‍ ഫണ്ടിംഗിന് ഒരുങ്ങുന്നത്. അസംഘടിത മേഖലയിലെ ചെറുകിട വ്യവസായ സംരംഭങ്ങളെ പിന്തുണക്കുകയാണ് ലക്ഷ്യം. അര്‍ഹരായ സംരംഭകരെ കണ്ടെത്തിയാണ് ഫണ്ട് നല്‍കുക.
യുഎസ് ആസ്ഥാനമായ പ്രാക്ടീസ് സ്യൂട്ട് എന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമാണ് വിനോദ് ശ്രീകുമാര്‍. നേരത്തെ ഒറാക്ക്ള്‍, ജുനീപ്പര്‍ തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ച ശേഷം 2004 ലാണ് സിലിക്കണ്‍ വാലിയില്‍ സ്വന്തം സ്ഥാപനം തുടങ്ങിയത്. ക്ലിനിക്കല്‍ മെഡിക്കല്‍ ബില്ലുകള്‍, മെഡിക്കല്‍ പ്രാക്ടീസ് മാനേജ്‌മെന്റ്, ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ്‌സ് തുടങ്ങിയ ഓണ്‍ലൈന്‍ മെഡിക്കല്‍ സേവനങ്ങളാണ് നല്‍കി വരുന്നത്.
ഇക്വിലിബ്രിയം കാപ്പിറ്റല്‍ എന്ന പേരിലാണ് കേരളത്തില്‍ സോഷ്യല്‍ ഇംപാക്ട് ഫണ്ടിന് വിനോദ് ശ്രീകുമാര്‍ രൂപം നല്‍കുന്നത്. 100 കോടി രൂപ വരെ ഇതിനായി മാറ്റിവെക്കും.
ഓരോ മേഖലയിലെയും സംരംഭങ്ങള്‍ക്കായി ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചാണ് ഫണ്ട് നല്‍കുന്നത്. കേരളത്തിലെ സംരംഭങ്ങള്‍ക്കും വനിതാ സംരംഭങ്ങള്‍ക്കും മുന്‍ഗണനയുണ്ട്. ഓരോ സംരംഭത്തിന്റെയും പ്രവര്‍ത്തന രീതിയും വളര്‍ച്ചാ സാധ്യതയും ക്യാമ്പുകളില്‍ വിലയിരുത്തും. രണ്ട് ലക്ഷം മുതല്‍ 20 കോടി രൂപവരെയാണ് മൂലധനമായി നല്‍കുക. ഇത്തരത്തില്‍ 100 സംരംഭങ്ങള്‍ക്കെങ്കിലും ഫണ്ട് ലഭ്യമാക്കാനാണ് ആലോചിക്കുന്നതെന്ന് വിനോദ് ശ്രീകുമാര്‍ പറഞ്ഞു.
കൊച്ചിയില്‍ ഡോക്ടേഴ്‌സ് ഓഫ് ഹെല്‍ത്ത് എന്ന പേരില്‍ ക്ലിനിക്ക് ആരംഭിക്കാന്‍ വിനോദ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. മെഡിക്കല്‍ സേവനങ്ങള്‍ എളുപ്പമാക്കുന്ന സോഫ്റ്റ് വെയറാണ് പ്രാക്ടീസ് സ്യൂട്ടിന്റെ പ്രധാന ഉല്‍പ്പന്നം. നേരത്തെ ഹലോ ഹെല്‍ത്ത് എന്ന കമ്പനിയെ ഇവര്‍ ഏറ്റെടുത്തിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine