

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വ്യാപാര നയപ്പേടിയില്‍ ഓഹരി വിപണി കട്ടച്ചുവപ്പിലാണ്. ട്രംപ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരുമായി ഇന്ത്യയില്‍ ഇറങ്ങിയത് മൂന്ന് വിമാനങ്ങളാണെങ്കില്‍ യു.എസില്‍ നിന്ന് ഒരു മാസത്തിനകം 38,000 പേരെ തിരിച്ചയച്ചതിന്റെ അമര്‍ഷവും ആശങ്കയും ഒരുപോലെ പേറുകയാണ് വിവിധ രാജ്യങ്ങള്‍. ഈ ചെയ്തിയെല്ലാം ട്രംപ് വിഭാവനം ചെയ്യുന്ന പോലെ അമേരിക്കയെ ഫസ്റ്റ് ആക്കുമോ? ട്രംപ് നയങ്ങള്‍ യു.എസില്‍ മാന്ദ്യത്തിന്റെ മുറുക്കം കൂട്ടുന്നുവെന്നും തൊഴില്‍ മേഖലയെ ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ സാമ്പത്തിക ഭദ്രതക്ക് ഭീഷണിയാണെന്ന് വിദഗ്ധര്‍.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച മുന്‍കൂട്ടി പ്രവചിച്ച ഹാരി ഡെന്റ് ഈ ആശങ്ക പ്രകടിപ്പിക്കുന്നവരില്‍ ഒരാളാണ്. യു.എസ് സമ്പദ്‌വ്യവസ്ഥ വര്‍ധിച്ച സമ്മര്‍ദത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി അദ്ദേഹം പറയുന്നു. മുന്‍പ് കണക്കു കൂട്ടിയതിനേക്കാള്‍ വേഗത്തില്‍ ഒരു മാന്ദ്യത്തിലേക്ക് അമേരിക്കയെ കൂട്ടിക്കൊണ്ടു പോകുന്നതാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന ഏര്‍പ്പാട് എന്ന് അദ്ദേഹം പറയുന്നു. അനധികൃത കുടിയേറ്റക്കാര്‍ കുറയുമെന്നത് ശരി. പക്ഷേ, അമേരിക്കന്‍ സമ്പദവ്യവസ്ഥക്ക് വര്‍ഷങ്ങളായി സംഭാവന നല്‍കുന്നവരാണ് ഈ വിഭാഗത്തില്‍ പെടുന്ന ലക്ഷക്കണക്കായ തൊഴിലാളികളെന്ന് ഡന്റ് ചൂണ്ടിക്കാട്ടുന്നുണ്ട്. അവരെ തിരിച്ചയക്കുന്നത് അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) ഒന്നര ശതമാനം വരെ കുറച്ചു കളയാം. എന്നാല്‍ ഇത്തരം ആശങ്കയൊന്നും ട്രംപ് ഭരണകൂടത്തിന്റെ നിലപാട് മാറ്റുന്നില്ല.
വര്‍ഷങ്ങളായി യു.എസില്‍ കഴിയുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരെ അമേരിക്കയുടെ ഭാഗമാക്കാന്‍ രേഖാപരമായ ക്രമപ്പെടുത്തല്‍ നടത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ ഏറെയാണ്. അനധികൃത കുടിയേറ്റം നിയന്ത്രിക്കപ്പെടണം. എന്നാല്‍ ഇതിനകം അമേരിക്കക്ക് സംഭാവന നല്‍കുന്നവരായി മാറിയവരെ പുറന്തള്ളുന്നത് അപകടമാണ്.
കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് അമേരിക്കയുടെ തൊഴില്‍ ശക്തി കുറക്കുക മാത്രമല്ല, വേതന നിരക്കുകള്‍ ഉയര്‍ത്തും. വിലക്കയറ്റം കൂടും. ബിസിനസുകള്‍ പ്രയാസപ്പെടും. ഉപഭോക്തൃ വിശ്വാസം ദുര്‍ബലമാകും. അതിനൊപ്പം തന്നെയാണ് വ്യാപാര യുദ്ധം ശക്തിപ്പെടുത്തുന്നത്. ഗവണ്‍മെന്റ് ചെലവു ചുരുക്കാന്‍ നിര്‍ബന്ധിതമാകും. അന്താരാഷ്ട്ര തലത്തില്‍ വിപണന ശൃംഖലയെ ബാധിക്കും. ബിസിനസില്‍ നിക്ഷേപം കുറയും. ബദല്‍ നികുതി നിരക്കുകള്‍ മറ്റു രാജ്യങ്ങള്‍ ഏര്‍പ്പെടുത്തും. കര്‍ഷകര്‍, ഉല്‍പാദകര്‍, കയറ്റുമതിക്കാര്‍ എന്നിവര്‍ക്കെല്ലാം വിപണി ബന്ധം കൂടുതല്‍ പ്രയാസകരമാവും. അത് അടച്ചു പൂട്ടലുകളിലേക്കു വരെ കാര്യങ്ങള്‍ എത്തിക്കാം. ഇതെല്ലാം വഴി സമ്പദ്‌വ്യവസ്ഥ കൂടുതല്‍ മാന്ദ്യത്തിലേക്ക് നീങ്ങും. യു.എസ് വ്യവസായങ്ങള്‍ക്കും സമ്പദ് വ്യവസ്ഥക്കും വേണ്ടിയാണ് യഥാര്‍ഥത്തില്‍ ഈ കടുംപിടുത്തങ്ങളെല്ലാം എന്നിരിക്കേ തന്നെയാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine