
യു.എസ് - ചൈന തീരുവ യുദ്ധത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍. നിലവിലെ തീരുവ 90 ദിവസത്തേക്ക് നിര്‍ത്തി വെക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. നിലവിലെ തീരുവയില്‍ നിന്നും യു.എസും ചൈനയും 115 ശതമാനം വീതം കുറക്കും.
ഇതോടെ ചൈനയില്‍ നിന്നും യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ 30 ശതമാനമായി കുറയും. 145 ശതമാനം നികുതി ഈടാക്കാനായിരുന്നു നേരത്തെ ട്രംപ് തീരുമാനിച്ചത്. യു.എസില്‍ നിന്നും ചൈനയിലേക്കുള്ള ഇറക്കുമതി തീരുവ നിലവിലെ 125ല്‍ നിന്നും 10 ശതമാനമായി കുറയുമെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു.
സ്വിറ്റ്‌സര്‍ലാന്റില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സമവായമായത്. താരിഫ് യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് യു.എസ്-ചൈനീസ് അധികൃതര്‍ നേരിട്ട് ചര്‍ച്ച നടത്തുന്നത്. ഇരുഭാഗത്തിന്റെയും താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള സമവായമാണ് ഉണ്ടായതെന്ന് ബെസന്റ് വിശദീകരിച്ചു. പ്രതിസന്ധി സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യാപാരം സുഗമമായി നടക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്തക്ക് പിന്നാലെ പല ഓഹരി സൂചികകളും മുകളിലേക്ക് കുതിച്ചു. പാകിസ്ഥാനുമായുള്ള വെടിനിറുത്തലിന് പിന്നാലെ കുതിച്ച ഇന്ത്യന്‍ വിപണി ഈ വാര്‍ത്തക്ക് ശേഷം പുതിയ ഉയരങ്ങള്‍ കീഴടക്കി. ഇരുസൂചികകളും 3.5 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നു. ഇപ്പോഴത്തെ തീരുമാനം പ്രതീക്ഷിച്ചതിലും കൂടുതലാണെന്നാണ് വിപണിയുടെ വിലയിരുത്തല്‍. ആഗോള സാമ്പത്തിക മാന്ദ്യം ഒഴിവായെന്നും വിപണി കരുതുന്നു. വാര്‍ത്തക്ക് പിന്നാലെ യു.എസ് ഡോളര്‍ ഇന്‍ഡെക്‌സും ഉയര്‍ന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായതോടെ അടുത്ത ദിവസങ്ങളിലും സ്വര്‍ണ വില കുറഞ്ഞേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ മൂന്ന് ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,227.93 എന്ന നിലയിലാണ് ആഗോള വിപണിയിലെ സ്വര്‍ണ വ്യാപാരം. സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് പവന് 1,320 രൂപയാണ് കുറഞ്ഞത്.
ജനുവരിയില്‍ യു.എസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 145 ശതമാനമാക്കി ട്രംപ് വര്‍ധിപ്പിച്ചത്. മുന്‍ഭരണകാലത്തുള്ളതും ബൈഡന്‍ സര്‍ക്കാര്‍ ചുമത്തിയതുമായ തീരുവ അടക്കമായിരുന്നു ഇത്. ഇതിന് മറുപടിയായി ചില അപൂര്‍വ മൂലകങ്ങളുടെ കയറ്റുമതി നിരോധിച്ച ചൈന യു.എസ് ഉത്പന്നങ്ങള്‍ക്ക് 125 ശതമാനം തീരുവ നിശ്ചയിക്കുകയും ചെയ്തു.
ലോകസാമ്പത്തിക ശക്തികളായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര യുദ്ധം കനത്തതോടെ ഏതാണ്ട് 600 ബില്യന്‍ ഡോളറിന്റെ (ഏകദേശം 50.81 ലക്ഷം കോടി രൂപ) വ്യാപാരവും അനിശ്ചിതത്വത്തിലായി. വിതരണ ശൃംഖലയില്‍ തടസങ്ങളുണ്ടാവുകയും തൊഴില്‍ നഷ്ടത്തിലേക്ക് വഴിവെക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
The U.S. and China agree to a 90-day reduction in reciprocal tariffs, easing trade tensions and boosting global markets
Read DhanamOnline in English
Subscribe to Dhanam Magazine