

ആഗോളവല്‍ക്കരണത്തിനും രാജ്യാന്തര വാണിജ്യത്തിനും ലോകമെമ്പാടുമുള്ള ഓഹരി നിക്ഷേപകര്‍ക്കും കനത്ത പ്രഹരമേല്‍പ്പിച്ച ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയൊഴികെയുള്ള രാജ്യങ്ങള്‍ക്ക് പകര ചുങ്കമേര്‍പ്പെടുത്തിയതില്‍ നിന്ന് പിന്നോക്കം പോയിരിക്കുകയാണ്. ട്രംപിന്റെ ഏറ്റവും പുതിയ നീക്കമനുസരിച്ച്, അദ്ദേഹത്തിന്റെ തീരുവ യുദ്ധം ആഗോള വാണിജ്യത്തിനൊട്ടാകെ എന്ന നിലയില്‍ നിന്ന് ചൈനയെ മാത്രം കേന്ദ്രീകരിച്ചുള്ളതായി മാറിയിട്ടുണ്ട്. ഇതോടെ ഫലത്തില്‍ ലോകത്തിലെ രണ്ട് അതിശക്തരായ രാജ്യങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന മൃഗീയമായ വാണിജ്യപ്പോര് കൂടുതല്‍ രൂക്ഷമായി.
നിര്‍ദയമായ ചുങ്കത്തില്‍ നിന്ന് ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളെ സംരക്ഷിച്ചു നിര്‍ത്തി ക്കൊണ്ട് ചൈനയെ ഒറ്റപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം വിജയിക്കുമോ? മറ്റ് നിരവധി രാജ്യങ്ങള്‍ അമേരിക്കയുമായി പങ്കാളിത്തത്തിലായി തീരുവയുടെ കാര്യത്തില്‍ ധാരണയിലെത്തുമോ? പ്രവചനങ്ങള്‍ക്ക് അതീതനായ ട്രംപിന്റെ ചൂതാട്ടം വീണ്ടും അമേരിക്കയെ മഹത്തരമായ രാജ്യമാക്കുമോ? എന്തായാലും ഇത് മൃഗീയമായൊരു ചുങ്കപ്പോരിന്റെ തുടക്കം മാത്രമായാണ് തോന്നുന്നത്.
എന്തുകൊണ്ടാണ് ട്രംപ് ഇത്ര തിടുക്കത്തില്‍ ചുങ്കപ്പോരിന് തുടക്കമിട്ടത്? ചില സന്ദര്‍ഭങ്ങളില്‍ ട്രംപ് നടത്തിയ നിരീക്ഷണങ്ങളല്ലാതെ, ഇക്കാര്യത്തില്‍ ട്രംപിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്താണെന്ന് നിരീക്ഷകര്‍ക്ക് ഇപ്പോഴും വ്യക്തതയില്ല. പ്രവചനങ്ങള്‍ക്ക് അതീതനായ ട്രംപിന്റെ മനസറിയുന്നവരും ചുരുക്കം. ഇക്കാര്യത്തില്‍ നല്‍കാവുന്ന ചില വിശദീകരണങ്ങള്‍ നോക്കാം.
1. ചൈനയെ നിലയ്ക്ക് നിര്‍ത്തുക. ചൈന നിലവാരമില്ലാത്ത ചരക്കുകള്‍ വിപണിയില്‍ തള്ളുകയാണെന്നും കറന്‍സിയില്‍ അനധികൃതമായ ഇടപെടലുകള്‍ നടത്തുകയാണെന്നും അമേരിക്കയുടെ ബൗധിക സ്വത്തവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും ട്രംപ് എല്ലായ്‌പ്പോഴും ആരോപണം ഉന്നയിക്കുന്നുണ്ട്.
2. ഓഹരി, ബോണ്ട് വിലകള്‍ മാനേജ് ചെയ്തുകൊണ്ട് അമേരിക്കയുടെ പൊതുകടവും വ്യാപാരക്കമ്മിയും കുറയ്ക്കുക. ബോണ്ട് നേട്ടം കുറയ്ക്കുകയും ഡോളറിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നതെന്നും ചിലര്‍ നിരീക്ഷിക്കുന്നുണ്ട്.
3. ഉയര്‍ന്ന തീരുവയിലൂടെ ഉയര്‍ന്ന വരുമാനമുണ്ടാക്കുക.
4. കയറ്റുമതിക്കാരെ അമേരിക്കയില്‍ യൂണിറ്റ് സ്ഥാപിക്കാന്‍ നിര്‍ബന്ധിതരാക്കിക്കൊണ്ട് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക. ഇതിലൂടെ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുക.
തുടക്കം മുതല്‍ തന്നെ ഏറെ പേര്‍ ട്രംപിന്റെ നയങ്ങളില്‍ സന്ദേഹം പ്രകടിപ്പിച്ചിരുന്നു. ഉദാഹരണത്തിന് വന്‍കിട കമ്പനികള്‍ രാജ്യത്തിന്റെ 20-30 വര്‍ഷത്തെ സാധ്യത മുന്നില്‍ കണ്ടാണ് നിക്ഷേപം നടത്തുക. ട്രംപിന്റെ കാലയളവ് പരിമിതമാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ നയങ്ങള്‍ പ്രവചനാതീതവും. അതുകൊണ്ട് തന്നെ നിക്ഷേപം നടത്താന്‍ ധൈര്യപ്പെടുന്നവരും കുറവായിരിക്കും.
കൂലി വളരെ ഉയര്‍ന്നതായതുകൊണ്ട് വ്യാപകമായ ഓട്ടോമേഷന്‍ നടപ്പാക്കാതെ അമേരിക്കയില്‍ വന്‍കിട മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ല. ഓട്ടോമേഷന്റെ കാര്യത്തില്‍ ഒരുപക്ഷേ അമേരിക്കയുടെ മുന്നിലായിരിക്കും ചൈന. ഓട്ടോമൊബൈല്‍ മേഖലയിലെ ഒരു തൊഴിലാളിക്ക് അമേരിക്കയില്‍ മണിക്കൂറിന് 70 ഡോളറാണ് വേതനമെങ്കില്‍ മെക്‌സിക്കോയില്‍ അത് ഏഴ് ഡോളറാണ്. അതുകൊണ്ട് വലിയ തോതിലുള്ള മാനുഫാക്ചറിംഗിനെ കുറിച്ചുള്ള ചോദ്യം തന്നെ അപ്രസക്തമാണ്.
ഉയര്‍ന്ന തീരുവ നാണ്യപ്പെരുപ്പത്തിന് കാരണമാകും. ജീവിതച്ചെലവും കൂട്ടും. ഇത് ചെലവ് ചുരുക്കാന്‍ ആളുകളെ പ്രേരിപ്പിക്കും. അതോടെ ഉപഭോഗം കുറയും. കൂടുതല്‍ തൊഴില്‍ നഷ്ടത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തും. ഈ കളിയില്‍ അമേരിക്ക ജയിക്കാനിടയില്ലെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. അതിന് കാരണങ്ങള്‍ പലതാണ്.
അതിശക്തമായ ആഭ്യന്തര വിപണിയും ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങളുമായി ശക്തമായ ബന്ധങ്ങളുമുള്ള ചൈന ഈ സാമ്പത്തിക സംഭവവികാസങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളാകാന്‍ ഇടയുണ്ട്. ഇന്ത്യയെ അപേക്ഷിച്ച് വളരെ വേഗം മാറുന്ന സാഹചര്യങ്ങളുമായി ഇഴുകിച്ചേര്‍ന്ന് നേട്ടമെടുക്കാന്‍ ചൈനയ്ക്ക് സാധിക്കും. അവരുടെ ടെക്നോളജി മികവും പശ്ചാത്തല സൗകര്യങ്ങളും അതിഗംഭീരമാണ്. ഓരോ വര്‍ഷവും ചൈന 35 ലക്ഷം STEM (സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിംഗ്, മാത്സ്) ബിരുദധാരികളെയാണ് സൃഷ്ടിക്കുന്നത്. അമേരിക്കയിലുണ്ടാകുന്നതിനേക്കാള്‍ ഏറെ അധികം.
ചൈനയിലെ വൊക്കേഷണല്‍ സ്‌കൂളുകളില്‍ നിന്ന് പതിനായിരക്കണക്കിന് ഇലക്ട്രീഷ്യന്മാര്‍, വെല്‍ഡര്‍മാര്‍, കാര്‍പെന്റര്‍മാര്‍, മെക്കാനിക്കുകള്‍, പ്ലംബര്‍മാര്‍ തുടങ്ങിവര്‍ പ്രതിവര്‍ഷം പഠിച്ചിറങ്ങുന്നു. ഒരു പുതിയ ഉല്‍പ്പന്നത്തെ പറ്റി ഒരാള്‍ക്ക് ഒരാശയമുണ്ടെങ്കില്‍ വളരെ പെട്ടെന്ന് അത് സൃഷ്ടിക്കാനുള്ള അടിസ്ഥാന സൗകര്യം ചൈനയിലുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് കോളമിസ്റ്റായ തോമസ് എല്‍ ഫ്രീഡ്മാന്‍ പറയുന്നു. ''നിങ്ങള്‍ക്ക് യഥേഷ്ടം STEM ബിരുദധാരികള്‍ ഉണ്ടെങ്കില്‍ ഒരു പ്രശ്നപരിഹാരത്തിന് മറ്റാരേക്കാള്‍ കൂടുതല്‍ പ്രതിഭകളെ നിങ്ങള്‍ക്ക് വിന്യസിക്കാനാവും.'' ട്രംപിന്റെ ഭീഷണി നേരിടാന്‍ ചൈന യഥാര്‍ത്ഥത്തില്‍ ചെയ്യാന്‍ പോകുന്നതും അതാകും.
ആഗോളതലത്തിലും പ്രവിശ്യാതലത്തിലുമായി 22 സ്വതന്ത്ര വ്യാപാരക്കരാറുകളില്‍ ഇതിനകം തന്നെ ചൈന ഒപ്പുവെച്ചിട്ടുണ്ട്. മറ്റൊരു 10 സ്വതന്ത്ര വ്യാപാരക്കരാറുകളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. മാനുഫാക്ചറിംഗ് രംഗത്ത് ചൈനയ്ക്കാണ് അപ്രമാദിത്തം. ആഗോളതലത്തിലെ മൊത്തം മാനുഫാക്ചറിംഗിന്റെ 32 ശതമാനവും ചൈനയുടെ സംഭാവനയാണ്. 2000ത്തില്‍ ഇത് ആറ് ശതമാനമായിരുന്നു. അമേരിക്ക, ജര്‍മനി, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍ എന്നിവയുടെ മൊത്തം മാനുഫാക്ചറിംഗിനേക്കാള്‍ കൂടുതലാണ് ചൈനയുടെ മാനുഫാക്ചറിംഗ് ഔട്ട്പുട്ട്.
ലോകത്ത് മറ്റെവിടെയും ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ റോബോട്ടുകളെ ചൈന ഫാക്ടറികളില്‍ ഉപയോഗിക്കുന്നു. ഇവയെല്ലാം ചൈനയില്‍ തന്നെ നിര്‍മിച്ചവയുമാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയും എന്തിന്, യൂറോപ്പ് പോലും ചൈനീസ് കയറ്റുമതിക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കും.
പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഒരിക്കലും ഓഫര്‍ ചെയ്യാനാകാത്ത വിലയിലുള്ള ബദല്‍ ആഗോള മാനുഫാക്ചറിംഗ് ഹബ്ബിനെ എവിടെ നിന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും കണ്ടെത്തും? ഉയര്‍ന്ന തീരുവ ആഗോള സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുകയും അത് മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന കാര്യം പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് 1828ല്‍ യുഎസ് ഉയര്‍ന്ന തീരുവ ചുമത്തിയത് വലിയൊരു സാമ്പത്തിക മാന്ദ്യത്തിന് വഴിവെച്ചു. 1930ല്‍ യുഎസ് കൊണ്ടുവന്ന മറ്റൊരു ദേശസംരക്ഷണവാദ തീരുവയും മറ്റൊരു മഹാമാന്ദ്യത്തിന് തുടക്കമിട്ടു.
സാമ്പത്തിക മാന്ദ്യ ഭീഷണി മുറിവേറ്റ, അല്ലെങ്കില്‍ ഒറ്റപ്പെട്ട ചൈന ആഗോള വാണിജ്യത്തിനും സമാധാനത്തിനും അങ്ങേയറ്റം ഭീഷണിയാണ്. പ്രത്യേകിച്ച് മതമൗലികവാദവും രാഷ്ട്രീയ അസ്ഥിരതകളും ലോകമെമ്പാടും പിടിമുറുക്കിയിരിക്കുന്ന വേളയില്‍. സ്വന്തം കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സെനറ്റ് അംഗങ്ങളില്‍ നിന്നും ബിസിനസ് സമൂഹത്തില്‍ നിന്നും ചുങ്കപ്പോര് നിര്‍ത്താനും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കരിനിഴല്‍ ഒഴിവാക്കാനും സമ്മര്‍ദ്ദം ഏറിവരുന്നത് കൊണ്ട് ട്രംപ് തീരുവ യുദ്ധത്തിന്റെ തീവ്രത ചുരുക്കാന്‍ നിര്‍ബന്ധിതനാവുന്നുണ്ട്. ബോണ്ട് മാര്‍ക്കറ്റിലെ സംഭവവികാസങ്ങളെ സംബന്ധിച്ച് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രകടിപ്പിച്ച ആശങ്കകള്‍ ട്രംപിന്റെ മനംമാറ്റത്തിന് കാരണമായിട്ടുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. തന്റെ മുന്‍ നയം മാറ്റുമ്പോള്‍ മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് ചൈനയെ മാത്രം ലക്ഷ്യമിട്ടുള്ള പുതിയ നീക്കം ട്രംപ് പ്രഖ്യാപിച്ചതെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഗോള്‍ഡ്മാന്‍ സാക്‌സ് അടക്കം പല സാമ്പത്തിക വിദഗ്ധ ഏജന്‍സികളും സമീപ ഭാവിയില്‍ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീഴാനിടയുണ്ടെന്ന് നിരീക്ഷിക്കുന്നു.
പ്രവചനങ്ങള്‍ക്ക് വഴങ്ങാത്ത ട്രംപും മുറിവേറ്റ, ഒറ്റപ്പെട്ട് നില്‍ക്കുന്ന ചൈനയും സമാധാനപരമായ ലോകത്തിന് ഭീഷണി തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇരുപക്ഷവും സംയമനം പാലിച്ചില്ലെങ്കില്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വരും ദിനങ്ങള്‍ കരിദിനങ്ങളാകും.
(ധനം വ്യവസായ വാണിജ്യ ദ്വൈവാരിക ഏപ്രില്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine