

അധികാരത്തിലെത്തിയ ശേഷം പ്രസിഡന്റ് ഡൊണള്‍ഡ് നടപ്പിലാക്കിയ പരിഷ്‌കരണം അമേരിക്കയിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ വരവിനെ ബാധിക്കുന്നു. നവംബര്‍ 1 വരെയുള്ള കണക്കനുസരിച്ച് യുഎസ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനുള്ള അപേക്ഷകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം കുറവാണുള്ളത്. 1,100 യൂണിവേഴ്‌സിറ്റികള്‍ അംഗങ്ങളായ കോമണ്‍ ആപ്പില്‍ നിന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ 14 ശതമാനത്തിന്റെ കുറവാണുള്ളത്. 2020നു ശേഷം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി അപേക്ഷകള്‍ കുറയുന്നത് ഇതാദ്യമാണ്. ആഫ്രിക്കന്‍ മേഖലയില്‍ നിന്നുള്ള അപേക്ഷകളില്‍ 18 ശതമാനം കുറഞ്ഞപ്പോള്‍ ഏഷ്യയില്‍ നിന്നുള്ള അപേക്ഷകള്‍ ഒന്‍പത് ശതമാനവും കുറഞ്ഞു.
ചൈനയുമായുള്ള വ്യാപാരയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെയാണെങ്കിലും അവിടെ നിന്നുള്ള അപേക്ഷകളില്‍ വലിയ കുറവുണ്ടായിട്ടില്ല. വിദേശ വിദ്യാര്‍ത്ഥികളുടെ വരവില്‍ യുഎസ് ഭരണകൂടം കൂടുതല്‍ കര്‍ശന നിബന്ധനകള്‍ ചേര്‍ത്തതാണ് ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ അപേക്ഷകള്‍ കുറയാന്‍ കാരണമായത്.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന ഭരണകൂടത്തിന്റെ ഉത്തരവും അപേക്ഷകള്‍ കുറയുന്നതിന് കാരണമായി. ഈ വര്‍ഷം ഇതുവരെ ട്രംപ് ഭരണകൂടം ആയിരക്കണക്കിന് വീസകള്‍ റദ്ദാക്കുകയും, പലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുതലുള്ള സര്‍വകലാശാലകളില്‍ ഉദ്യോഗസ്ഥര്‍ സൂക്ഷ്മപരിശോധന നടത്തുന്നുണ്ട്. പ്രവേശന രീതികള്‍, ജൂതവിരുദ്ധതയെക്കുറിച്ചുള്ള പരാതികള്‍, വീസ പാലിക്കല്‍ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരിക്കു ശേഷം ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്കായിരുന്നു. യുകെ, കാനഡ, യുഎസ്, ഓസ്‌ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളിലേക്കായിരുന്നു കൂടുതല്‍ പേര്‍ വിമാനം കയറിയിരുന്നത്. ജര്‍മനിയും ഓസ്‌ട്രേലിയയും ഒഴികെയുള്ള രാജ്യങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വരവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine