

ഇന്ത്യയിലേക്കുള്ള യുഎസ് ക്രൂഡ് ഓയില്‍ വരവ് നാലുവര്‍ഷത്തെ ഉയര്‍ന്ന തലത്തില്‍. 2021 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും കൂടിയ വാങ്ങലാണ് ഒക്ടോബറില്‍ യുഎസില്‍ നിന്ന് ഇന്ത്യ നടത്തിയത്. പ്രതിദിനം 5,68,000 ബാരല്‍ എണ്ണയാണ് യുഎസില്‍ നിന്ന് കഴിഞ്ഞ മാസം എത്തിയത്. ഇന്ത്യന്‍ ഇറക്കുമതിയുടെ 12 ശതമാനം വരുമിത്.
യുഎസിന്റെ കടുത്ത ഉപരോധവും സമ്മര്‍ദവും നിലനില്‍ക്കുമ്പോഴും റഷ്യയില്‍ നിന്നുള്ള എണ്ണ വരവില്‍ വലിയ കുറവില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ എണ്ണ വാങ്ങലിന്റെ ഭൂരിഭാഗവും റഷ്യയില്‍ നിന്നാണ്. മൊത്തം ഇറക്കുമതിയുടെ 34 ശതമാനം വരുമിത്. പ്രതിദിനം 1.62 മില്യണ്‍ ബാരലാണ് പ്രതിദിനം എത്തുന്നത്. എണ്ണ ഇറക്കുമതിയില്‍ ഇന്ത്യന്‍ താല്പര്യങ്ങള്‍ക്ക് മാത്രമാണ് ഊന്നല്‍ നല്കുന്നതെന്ന കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സാധൂകരിക്കുന്നതാണ് ഈ കണക്കുകള്‍.
ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ മൂന്നാംസ്ഥാനത്ത് ഇറാഖാണ്. കഴിഞ്ഞ മാസം പ്രതിദിന ഇറക്കുമതി 8,26,000 ബാരലാണ്. തൊട്ടുപിന്നാല്‍ നാലാമത് സൗദി അറേബ്യയാണ്, പ്രതിദിന സംഭാവന 6,69,000 ബാരല്‍. ഒക്ടോബറില്‍ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയില്‍ തൊട്ടുമുന്‍ മാസത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം വര്‍ധനയുണ്ടായി.
വിപണിയില്‍ ആവശ്യത്തിലധികം എണ്ണ ലഭ്യമായത് വിലയിലും പ്രതിഫലിക്കുന്നുണ്ട്. ഡബ്ല്യുടിഐ ക്രൂഡ് വില നിലവില്‍ 60 ഡോളറുകളിലാണ്. പുതിയ ഉത്പാദക രാജ്യങ്ങള്‍ ഉയര്‍ന്നുവന്നതും ഏറ്റവും വലിയ ഉപയോക്താക്കളായ ചൈനയില്‍ നിന്നുള്ള ആവശ്യകത താഴ്ന്നു നില്‍ക്കുന്നതും വില കുറഞ്ഞു നില്‍ക്കാന്‍ കാരണമാകുന്നുണ്ട്. ഇന്ത്യയെ പോലെ ആവശ്യത്തിന്റെ 80 ശതമാനം എണ്ണയും പുറത്തു നിന്ന് വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഈ ട്രെന്റ് നേട്ടമാണ്.
ക്രൂഡ് വില താഴ്ന്നു നില്‍ക്കുന്ന രണ്ടാംപാദത്തില്‍ ഇന്ത്യന്‍ എണ്ണ കമ്പനികളുടെ വരുമാനത്തിലും പ്രകടമായി. അവസാന രണ്ട് പാദങ്ങളെ അപേക്ഷിച്ച് പൊതുമേഖ എണ്ണ കമ്പനികളുടെ ലാഭത്തില്‍ വര്‍ധനയുണ്ടായി.
റഷ്യയില്‍ നിന്നുള്ള ഡിസ്‌കൗണ്ട് എണ്ണയുടെ കടന്നുവരവില്‍ പ്രതിസന്ധി നേരിടുന്ന സൗദി അറേബ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണവിലയില്‍ കുറവു വരുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഉള്‍പ്പെടെ ഈ നീക്കം ഗുണം ചെയ്യും. സൗദി എണ്ണയുടെ 70 ശതമാനവും ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ് വില്ക്കുന്നത്. എണ്ണ വില്പന ഇടിഞ്ഞതിനെ തുടര്‍ന്ന് സൗദിയുടെ വരുമാനത്തില്‍ വലിയ കുറവുണ്ടായിരുന്നു. ഇത് പരിഹരിക്കുകയാണ് ലക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine