
അമേരിക്കയില്‍ പഠിക്കാന്‍ വന്നാല്‍ മര്യാദക്കാരായി പഠിക്കണം. ക്ലാസ് കട്ട് ചെയ്യരുത്, കോഴ്‌സ് പാതിവഴിയില്‍ നിര്‍ത്തി പോകരുത്. ഇങ്ങനെയൊക്കെ ചെയ്താല്‍ സ്റ്റുഡന്റ് വീസ റദ്ദാക്കും. ഭാവിയില്‍ യു.എസ് വീസ കിട്ടുകയുമില്ല. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള യുഎസ് എംബസിയുടെ മുന്നറിയിപ്പ് ഇതാണ്. ഇന്ത്യയിലെ അമേരിക്കന്‍ എംബസി വഴിയാണ് നിര്‍ദേശം.
യുഎസില്‍ സ്റ്റുഡന്റ് വീസയില്‍ എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട ചടങ്ങള്‍ സംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങളാണ് യുഎസ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഏതെങ്കിലും കാരണത്താല്‍ സ്റ്റുഡന്റ് സ്റ്റാറ്റസ് റദ്ദായാല്‍ ഉടനെ വീസ തന്നെ റദ്ദാക്കുന്നതാണ് പ്രധാന നിബന്ധന. ക്രിമിനല്‍ കേസുകളില്‍ പെട്ടാലും വിരലടയാള ഡാറ്റാബേസില്‍ ക്രമക്കേട് കണ്ടെത്തിയാലും വീസ റദ്ദാക്കും. പഠന കാലത്തേക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉണ്ടെന്ന് ഉറപ്പാക്കണം. വിദേശ രാജ്യങ്ങളില്‍ യുഎസ് സര്‍ക്കാര്‍ അംഗീകരിച്ച വിദ്യാലയങ്ങളില്‍ പഠിച്ചവരും കോണ്‍സുലേറ്റുകള്‍ വഴി ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കിയവരുമാകണം.
അക്കാദമിക കാര്യങ്ങളില്‍ മാത്രം ശ്രദ്ധ പതിപ്പിക്കണമെന്നും ഓഫ് കാമ്പസ് ജോലികളിലെ നിയന്ത്രണം പാലിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. ഡിഗ്രി പഠനത്തിന് ശേഷം 12 മാസം ജോലി ചെയ്യാം. ഉപരിപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് 36 മാസവും. വിദേശ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സെവിസ് (SEVIS) സംവിധാനത്തിലാണ് സൂക്ഷിക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാതിരിക്കുകയോ കോഴ്‌സ് പൂര്‍ത്തിയാക്കുകയോ മറ്റിനം വിസകളിലേക്ക് മാറുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഈ സംവിധാനത്തില്‍ നിന്ന് സ്വാഭാവികമായി അപ്രത്യക്ഷമാകും.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസം വരെ 1,222 വിദ്യാര്‍ത്ഥികളുടെ വീസകള്‍ വിവിധ കാരണങ്ങളാല്‍ റദ്ദാക്കിയിട്ടുണ്ട്. സെവിസ് സംവിധാനത്തില്‍ നിന്ന് 4,736 പേരുടെ വിവരങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. ചട്ടലംഘനത്തിന്റെ പേരില്‍ വീസ റദ്ദാക്കപ്പെട്ടവരുടെ എണ്ണം യഥാര്‍ത്ഥത്തില്‍ കൂടുതല്‍ വരുമെന്നാണ് സൂചനകള്‍.
2023 ല്‍ അമേരിക്ക ഏറ്റവും കൂടുതല്‍ സ്റ്റുഡന്റ് വീസ നല്‍കിയത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ്. 1.4 ലക്ഷം പേര്‍ക്ക്.
Read DhanamOnline in English
Subscribe to Dhanam Magazine