വാക്‌സിന്‍ ഗവേഷണ വിവരം ചോര്‍ത്താന്‍ ചൈനയുടെ ശ്രമമെന്ന് അമേരിക്ക

വാക്‌സിന്‍ ഗവേഷണ വിവരം ചോര്‍ത്താന്‍ ചൈനയുടെ    ശ്രമമെന്ന് അമേരിക്ക
Published on

കൊറോണ വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് അമേരിക്കയില്‍ നടന്നുവരുന്ന  ഗവേഷണത്തിന്റെ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും സൈബര്‍ സുരക്ഷാ വിദഗ്ധരും. വാക്‌സിന്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും മത്സരിക്കുമ്പോള്‍ ചൈനീസ് ഹാക്കിംഗിനെക്കുറിച്ച്  മുന്നറിയിപ്പ് നല്‍കാന്‍ എഫ്ബിഐയും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പും ഒരുങ്ങുന്നുന്നതായി വാള്‍സ്ട്രീറ്റ് ജേണലും ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് 19 ചികിത്സകളെയും പരിശോധനകളെയും കുറിച്ചുള്ള വിവരങ്ങളും വാക്‌സിന്‍ ഗവേഷണ വിവരങ്ങളും ബൗദ്ധിക സ്വത്തവകാശവും ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു. ഇവര്‍ക്ക് ചൈനീസ് സര്‍ക്കാരുമായി ബന്ധമുണ്ടെന്നും യു. എസ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ആരോഗ്യ പ്രവര്‍ത്തകരെയും ഗവേഷകരെയും ലക്ഷ്യമാക്കി, കൊവിഡ് ബാധയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പുറത്തുവിടുന്ന ഇറാന്‍, നോര്‍ത്ത് കൊറിയ, റഷ്യ, ചൈന എന്നിവിടങ്ങളിലെ സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ക്കും യു. എസ് മുന്നറിയിപ്പ് ബാധകമായിരിക്കും. ആരോഗ്യവിദഗ്ധരും ഗവേഷകരും പൊതുവായി ഉപയോഗിക്കാന്‍ സാധ്യതയുള്ള പാസ്‌വേര്‍ഡുകള്‍ വഴിയാണ് ഹാക്കര്‍മാര്‍ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നത്. പാസ്‌വേര്‍ഡ് കണ്ടെത്താനുള്ള പുതിയ തന്ത്രങ്ങളാണ് ഹാക്കര്‍മാര്‍ ആവിഷ്‌കരിക്കുന്നതെന്ന് ബ്രിട്ടനിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററും യുഎസിലെ സൈബര്‍ സുരക്ഷാ വിദഗ്ധരും അറിയിച്ചു.

അതേസമയം ചൈനയുടെ വിദേശ കാര്യ മന്ത്രാലയം വക്താവ് സാവോ ലിജ്ജാന്‍ ഈ ആരോപണം  നിഷേധിച്ചു. എല്ലാത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളും ചൈന ശക്തമായി എതിര്‍ക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊവിഡ് 19 ചികിത്സയിലും വാക്‌സിന്‍ ഗവേഷണത്തിലും തങ്ങളാണ് ലോകത്തെ നയിക്കുന്നതെന്നാണ് ചൈനയുടെ വാദം. യാതൊരു വിധ തെളിവുകളും ഇല്ലാതെ ഊഹങ്ങളെയും കിംവദന്തികളെയും കൂട്ടു പിടിച്ച് ചൈനയെ ലക്ഷ്യമിടുന്നത് അധാര്‍മ്മികമാണ് - സാവോ ലിജാന്‍ പറഞ്ഞു.

ഇതിനിടെ കൊറോണ വൈറസിന് തുടരെയുണ്ടാകുന്ന ജനിതക വ്യതിയാനം ഇതിനെതിരെ ഫലപ്രദമായ വാക്സിന്‍ വേഗത്തില്‍ കണ്ടെത്തുന്നതിന് തടസമാകുമെന്ന ആശങ്ക ശാസ്ത്രജ്ഞരില്‍ ഏറുന്നു.അമേരിക്കയിലെ വൈറസില്‍ ജനിതക വ്യതിയാനം കണ്ടെത്തിയ  അലാമോസ് നാഷണല്‍ ലബോറട്ടറിയിലെ ഗവേഷകര്‍ ഇക്കാര്യം ചര്‍ച്ചാവിഷയമാക്കിയിട്ടുണ്ട്.

മനുഷ്യന്റെ ശ്വസന കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന കൊറോണ വൈറസിന്റെ  പുറംഭാഗത്തുള്ള മുള്ളുപോലുള്ള ഭാഗത്തെയാണ് ജനിതക വ്യതിയാനം ബാധിക്കുന്നത്.  ഈ ജനിതകവ്യതിയാനത്തെ സംബന്ധിച്ച് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് ഗുണം ചെയ്യുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

കൊറോണ വൈറസുകളില്‍ പുതുതായി കണ്ടെത്തിയിരിക്കുന്ന ജനിതകവ്യതിയാനം ശാസ്ത്ര ലോകത്തെ ആശ്ചര്യപ്പെടുത്തുകയാണ്. പുതുരൂപം കൂടുതല്‍ അപകടകാരിയാണെന്നും  വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജനിതകവ്യതിയാനം സംഭവിച്ച കൊറോണയുടെ ഏറ്റവും പുതിയ വര്‍ഗത്തെ ഫെബ്രുവരിയില്‍ യൂറോപ്പിലാണ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് അമേരിക്കയിലും ഇതേ വൈറസ് കണ്ടെത്തി. മാര്‍ച്ചോടെ ഇത് ലോകത്തെ ശക്തമായ കൊറോണ വൈറസ് ശ്രേണിയായി മാറുകയായിരുന്നുവെന്ന് അലാമോസ് ലാബ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറായിരത്തിലധികം കൊറോണ വൈറസ് സീക്വന്‍സുകളെ അടിസ്ഥാനമാക്കി വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആശങ്കാജനകമാണെന്ന് ഗവേഷക സംഘം തലവന്‍ ബെറ്റ് കോര്‍ബര്‍ അഭിപ്രായപ്പെട്ടു. രോഗം ബാധിച്ച ആളുകളില്‍ രണ്ടാമതും അണുബാധയുണ്ടാകുന്നതായും ഇത് വേഗത്തില്‍ പടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com