

ഇന്ത്യ-യു.എസ് വ്യാപാരക്കരാറില്‍ നിന്നും പാലും പാലുത്പന്നങ്ങളും ഒഴിവാക്കാമെന്ന് അമേരിക്ക സമ്മതിച്ചതായി റിപ്പോര്‍ട്ട്. യു.എസില്‍ നിന്നുള്ള പാല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്താല്‍ രാജ്യത്തെ ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകരെ സാരമായി ബാധിക്കുമെന്ന് ഇന്ത്യ നിലപാടെടുത്തതോടെയാണിത്. അമേരിക്കയില്‍ പശുക്കള്‍ക്ക് മാംസ അവശിഷ്ടങ്ങളും രക്തവും ഭക്ഷണത്തിനൊപ്പം നല്‍കുന്നതും ഇന്ത്യയുടെ എതിര്‍പ്പിന് കാരണമായി. ഇത്തരം പശുക്കളുടെ പാല്‍ വെജ് ആയി പരിഗണിക്കാനാവില്ലെന്നും വിശ്വാസത്തിന് എതിരാണെന്നുമാണ് ഇന്ത്യ പറയുന്നത്. എന്നാല്‍ സോയാബീന്‍, ചോളം (Corn) പോലുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് യു.എസ് നിലപാട്.
യു.എസില്‍ നിന്നുള്ള ചില പഴവര്‍ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും തീരുവ ഇളവ് നല്‍കാമെന്ന് ഇന്ത്യ ഇതിനോടകം അറിയിച്ചിട്ടുണ്ട്. സോയാബീന്‍, ചോളം എന്നിവ യു.എസില്‍ നിന്നും വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. യു.എസില്‍ ഉത്പാദിപ്പിക്കുന്ന ഇത്തരം ഉത്പന്നങ്ങള്‍ ജനിതക മാറ്റം വരുത്തിയതാണ്. ഇത് ഇന്ത്യയില്‍ വില്‍ക്കാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനിതക മാറ്റം വരുത്തിയ കാര്‍ഷിക ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം തുടരുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 5.52 ബില്യന്‍ ഡോളറിന്റെ കാര്‍ഷിക ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിന്നും യു.എസിലേക്ക് കയറ്റുമതി ചെയ്‌തെന്നാണ് കണക്ക്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 6.25 ബില്യന്‍ ഡോളറായി വര്‍ധിച്ചു. എന്നാല്‍ 2023 കലണ്ടര്‍ വര്‍ഷത്തില്‍ യു.എസില്‍ നിന്നും 373 മില്യന്‍ ഡോളറിന്റെ കാര്‍ഷിക ഉത്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തതെന്നും കണക്കുകള്‍ പറയുന്നു. ഇന്ത്യ പ്രതിവര്‍ഷം 86.51 ബില്യന്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ യു.എസിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ 45.69 ബില്യന്‍ ഡോളറിന്റെ വിവിധ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്.
യു.എസിലേക്കുള്ള ഇറക്കുമതി ഉത്പന്നങ്ങളുടെ മേല്‍ ഇന്ത്യക്ക് 26 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതൊഴിവാക്കാനുള്ള ചര്‍ച്ചകള്‍ കുറച്ചുനാളുകളായി പുരോഗമിക്കുകയാണ്. ഓഗസ്റ്റ് ഒന്നിന് മുമ്പ് ഇടക്കാല കരാറിലെത്തിയില്ലെങ്കില്‍ 26 ശതമാനം തീരുവ ചുമത്തുമെന്നാണ് നിലവില്‍ ട്രംപിന്റെ അന്ത്യശാസനം. ഇതിന് മുമ്പ് തന്നെ ഇടക്കാല കരാറിലെത്താമെന്നും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ബൃഹത് കരാറിലെത്താമെന്നുമാണ് ഇന്ത്യയുടെ പ്രതീക്ഷ.
യു.എസ് കാര്‍ഷിക ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കുറഞ്ഞ വിലയില്‍ വില്‍ക്കാന്‍ കഴിയുന്ന ഉത്പന്നങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ കര്‍ഷക സംഘടനകളുടെ വലിയ പ്രതിഷേധമുണ്ടാകുമെന്ന് ഉറപ്പാണ്. ജനിതക മാറ്റം വരുത്തിയ ഉത്പന്നങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ ഈ പ്രതിഷേധം ഇരട്ടിയാകും. രാജ്യത്ത് ജനിതക മാറ്റം വരുത്തിയ ഗോതമ്പ് വിത്തുകള്‍ പരീക്ഷണം നടത്താനുള്ള നീക്കം ഇതിനോടകം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആര്‍.എസ്.എസ് അനുകൂല കാര്‍ഷിക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് (ബി.കെ.എസ്) കേന്ദ്രനീക്കം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. വ്യാപാര കരാറിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ ജനിതക മാറ്റം വരുത്തിയ സോയാബീനും ചോളവും അടിച്ചേല്‍പ്പിക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. പരുത്തി കൃഷിയില്‍ ഇത്തരം വിത്തുകള്‍ ഉപയോഗിച്ച് പരാജയപ്പെട്ട കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
India and the US are negotiating a trade deal with the US seeking access for soyabean and corn, while India remains firm on excluding dairy imports.
Read DhanamOnline in English
Subscribe to Dhanam Magazine