

യുഎസും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുകയാണ്. ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളെത്തുടർന്ന് സുരക്ഷ മുൻനിർത്തി ദുബായ്, ദോഹ, അബുദാബി തുടങ്ങിയ പ്രധാന വിമാനത്താവളങ്ങൾ അടച്ചിടുകയും ഗൾഫ് മേഖലയിലെ ബഹ്‌റൈൻ , ഇറാഖ്, കുവൈറ്റ്, ഒമാൻ, സിറിയ, ഖത്തർ എന്നിവിടങ്ങളിലെ വ്യോമാതിർത്തികൾ വിമാനങ്ങൾക്കായി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
യൂറോപ്പ്, ആഫ്രിക്ക, പടിഞ്ഞാറൻ ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിലേക്കുളള യാത്രയെ ഇത് ബാധിച്ചു. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളും തടസപ്പെട്ടു. ഈ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരും യാത്ര പ്ലാൻ ചെയ്തവരും പാലിക്കേണ്ട സുപ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു.
വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ യാത്രക്കാർ യാതൊരു കാരണവശാലും അവിടേക്ക് പോകരുതെന്ന് ദുബായ് എയർപോർട്ട് അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരിക്കേൽക്കുകയും ഒരു കോൺകോഴ്സിന് നേരിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ വിമാനത്താവളങ്ങളിൽ നിന്ന് സർവീസുകൾ പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ യാത്രക്കാർ തങ്ങളുടെ വീടുകളിലോ താമസസ്ഥലത്തോ തന്നെ തുടരേണ്ടതാണ്.
വിമാന സർവീസുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അറിയാൻ എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ്, ഇത്തിഹാദ് തുടങ്ങിയ എയർലൈനുകളുടെയോ ദുബായ് ഗവൺമെന്റിന്റെയോ (@DXBMediaOffice) ദോഹ ന്യൂസിന്റെയോ (@dohanews) ഔദ്യോഗിക വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പിന്തുടരുക. കൂടാതെ, ഏറ്റവും പുതിയ യാത്രാ വിവരങ്ങൾക്കായി ആ പ്രദേശത്തെ ഇന്ത്യൻ എംബസികളുമായി നിരന്തരം ബന്ധപ്പെടുക.
ടിക്കറ്റ് റീബുക്കിംഗും റീഫണ്ടും: പ്രമുഖ എയർലൈനുകൾ യാത്രക്കാർക്കായി പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
എമിറേറ്റ്സ്: മാർച്ച് 5-നോ അതിനുമുമ്പോ ടിക്കറ്റെടുത്തവർക്ക് 20 ദിവസത്തിനുള്ളിൽ യാത്ര ചെയ്യുന്ന രീതിയിൽ സൗജന്യമായി റീബുക്ക് ചെയ്യാം അല്ലെങ്കിൽ റീഫണ്ട് ആവശ്യപ്പെടാം.
എയർ ഇന്ത്യ: മാർച്ച് 5 വരെയുള്ള യാത്രകൾക്ക് അധിക ചെലവില്ലാതെ റീബുക്ക് ചെയ്യാനോ അല്ലെങ്കിൽ മുഴുവൻ തുകയും റീഫണ്ട് ആയി നേടാനോ സൗകര്യമുണ്ട്.
ഇൻഡിഗോ: മാർച്ച് 7 വരെ യാത്ര പുനഃക്രമീകരിക്കാനോ റീഫണ്ട് വാങ്ങാനോ അവസരം നൽകുന്നു.
താമസസൗകര്യവും വിസയും: അപ്രതീക്ഷിതമായി യാത്ര മുടങ്ങിയത് കാരണം അബുദാബിയിൽ കുടുങ്ങിയവരുടെ താമസച്ചെലവ് അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ കുടുങ്ങിയ വിദേശികൾ വീസ നീട്ടിനൽകുന്നതിനായി അടുത്തുള്ള എഫ്‌ആർആർഒ (FRRO) ഓഫീസുകളെ സമീപിക്കണം.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രം യാത്രകൾ പ്ലാൻ ചെയ്യുക. ഏതൊരു യാത്രയ്ക്കും മുൻപ് എയർലൈനുമായി ബന്ധപ്പെട്ട് സർവീസ് ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക.
US-Iran conflict disrupts Gulf air travel as Dubai and Doha airports close, prompting urgent travel advisories and airline rebooking measures.
Read DhanamOnline in English
Subscribe to Dhanam Magazine