
വീസ അപേക്ഷകർ സമൂഹ മാധ്യമ അക്കൗണ്ട് വിവരങ്ങള്‍ നല്‍കേണ്ടത് നിർബന്ധമാക്കിയിരിക്കുകയാണ് യു.എസ്. അഞ്ച് വർഷമായി ഉപയോഗിച്ച എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും ഉപയോക്തൃനാമങ്ങളോ ഹാൻഡിലുകളോ ആണ് വീസ അപേക്ഷകര്‍ സമർപ്പിക്കേണ്ടത്. വീസ അപേക്ഷാ ഫോമിൽ സോഷ്യൽ മീഡിയ വിവരങ്ങൾ ഒഴിവാക്കുന്നത് വിസ നീഷേധിക്കുന്നതിനും ഭാവിയില്‍ വീസകൾക്ക് യോഗ്യതയില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നതിനും ഇടയാക്കുമെന്നാണ് മുന്നറിയിപ്പുളളത്. ഡൊണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി രണ്ടാമതും അധികാരത്തിയ ശേഷം കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുകയാണ്. ഭീകരവാദികളെയും യു.എസിന് എതിരായി പ്രവര്‍ത്തിക്കുന്നവരെയും രാജ്യത്തിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുക എന്ന ഉദ്ദേശം കൂടി ഇതിനുണ്ട്.
വീസയ്ക്ക് അപേക്ഷകരോട് സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ പബ്ലിക്ക് ആക്കി മാറ്റണമെന്നാണ് യു.എസ് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. തീവ്ര ആശയങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരാണോ എന്നത് പരിശോധിക്കാന്‍ അധികൃതരെ ഇത് സഹായിക്കും. വിദ്യാർത്ഥി വീസകൾക്കും സന്ദര്‍ശക വീസകള്‍ക്കും ഇത് നിര്‍ബന്ധമാണ്.
ഒരു വ്യക്തിയുടെ പെരുമാറ്റം, വിവിധ സംഘടനകളുമായുളള ബന്ധങ്ങള്‍, പൊതുവായ നിലപാടുകള്‍ തുടങ്ങിയവ വിലയിരുത്തുന്നതിനായാണ് യു.എസ് എംബസി അധികൃതര്‍ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പരിശോധിക്കുന്നത്. ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ്ഇൻ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളാണ് പരിശോധിക്കുക. വീസ നൽകിയതിനുശേഷവും പരിശോധന തുടരുമെന്നും എംബസി അധിതൃതര്‍ വ്യക്തമാക്കി. യു.എസ് നിയമങ്ങൾ ലംഘിച്ചാൽ വീസ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പുളളത്. വിദേശ വിദ്യാർത്ഥികളോട് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പബ്ലിക്ക് ആക്കി മാറ്റണമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
രാഷ്ട്രീയം, മതം, സാമൂഹിക കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മുൻകാല സോഷ്യൽ മീഡിയ പോസ്റ്റുകള്‍ യു.എസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. വിവാദപരമായ നിലപാടുകളുളള ആക്ടിവിസ്റ്റുകളെയും രാഷ്ട്രീയ നേതാക്കളെയും സുഹൃത്തുക്കളെയും പിന്തുടരുന്നത് ഒഴിവാക്കാനും (അൺഫോളോ) യു.എസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പലരും ആരംഭിച്ചിട്ടുണ്ട്. വിവാദമായ രാഷ്ട്രീയ പോസ്റ്റുകളിലോ മീമുകളിലോ തന്നെ ടാഗ് ചെയ്യരുതെന്നും പല വീസ അപേക്ഷകരും സുഹൃത്തുക്കളോട് ആവശ്യപ്പെടുന്നു.
സാങ്കേതിക വാർത്തകൾ, അക്കാദമിക് വിവരങ്ങള്‍, കായികം, യാത്ര അല്ലെങ്കിൽ ഭക്ഷണം തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനാണ് പലരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വീസ അപേക്ഷകർക്കായി സോഷ്യൽ മീഡിയ പരിശോധിക്കുന്ന ഒരേയൊരു രാജ്യം നിലവില്‍ അമേരിക്കയാണ്. രണ്ടാം ട്രംപ് സര്‍ക്കാരിന് കീഴിൽ കുടിയേറ്റ നിയന്ത്രണങ്ങൾ കൂടുതല്‍ ശക്തമാക്കുകയാണ്. തടവ്, നാടുകടത്തൽ, ഭാവി വീസകൾക്ക് സ്ഥിരമായ യോഗ്യതയില്ലായ്മ തുടങ്ങിയ നടപടികളാണ് നിയമലംഘകര്‍ക്ക് നേരിടേണ്ടി വരിക. കാലിഫോർണിയയിലും ലോസ് ഏഞ്ചൽസിലും അടക്കം അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടികളും സ്വീകരിച്ചിരുന്നു.
അതേസമയം അമേരിക്കയിലേക്ക് നിയമപരമായി യാത്ര ചെയ്യുന്നവരെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യയിലെ യു.എസ് എംബസി പറഞ്ഞു. നിയമവിരുദ്ധമായ പ്രവേശനമോ വീസ ദുരുപയോഗമോ അനുവദിക്കില്ലെന്നും എംബസി വ്യക്തമാക്കി.
U.S. mandates visa applicants to submit and publicize social media accounts, intensifying scrutiny under Trump’s immigration policies.
Read DhanamOnline in English
Subscribe to Dhanam Magazine