അതിമാരകം, ശത്രുവിനെ തെരഞ്ഞു കൊല്ലും, ഇസ്രയേലിന്റെ കുന്തമുന; ആപത്തെന്ന് വിദഗ്ധര്‍

പേജര്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ഇസ്രയേലും ലെബനനും ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി. പ്രതികാരം ചെയ്യുമെന്ന ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയുടെ ആഹ്വാനത്തിന് പിന്നാലെ വെള്ളിയാഴ്ച ഇസ്രയേലിലേക്ക് 140 റോക്കറ്റുകള്‍ ലെബനന്‍ ഭാഗത്ത് നിന്നും വിക്ഷേപിച്ചു. വ്യോമാക്രമണത്തിലൂടെ ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹീം അഖീല്‍ അടക്കം 14 പേരെ വധിച്ചാണ് ഇസ്രയേല്‍ മറുപടി നല്‍കിയത്. ആക്രമണത്തില്‍ 66 പേര്‍ക്ക് പരിക്കേറ്റതായി ലെബനീസ് ആരോഗ്യവിഭാഗം അറിയിച്ചു. എഫ് 35 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ടാര്‍ഗറ്റഡ് അറ്റാക്കാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ വിശദീകരണത്തിലും ചിലരെ ലക്ഷ്യമിട്ടുള്ള ടാര്‍ഗറ്റഡ് സ്‌ട്രൈക്കാണ് വെള്ളിയാഴ്ച നടത്തിയതെന്നാണ് പറയുന്നത്.

ആരാണ് ഇബ്രാഹീം അഖീല്‍

പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 7 മില്യന്‍ ഡോളര്‍ (ഏകദേശം 58 കോടി രൂപ) അമേരിക്കന്‍ സൈന്യം പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി പട്ടികയില്‍ പെട്ടയാളാണ് ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൂടിയായ ഇബ്രാഹീം അഖീല്‍. കഴിഞ്ഞ ദിവസം പലസ്തീന്‍ സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഇസ്രയേലി സൈന്യത്തിന്റെ ആക്രമണമുണ്ടായതെന്നാണ് വിവരം. 1983ല്‍ ബെയ്‌റൂത്തിലെ അമേരിക്കന്‍ എംബസിയില്‍ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരന്‍ അഖീലാണെന്നാണ് യു.എസ് സൈന്യം പറയുന്നത്. 63 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെ യു.എസ് മറീനുകളുടെ ബാരക്കില്‍ 241 പേരെ കൊല്ലപ്പെടുത്തിയതിന് പിന്നിലും അഖീലിന്റെ സാന്നിധ്യമുണ്ട്. ലെബനന് പുറത്തുള്ള ഹിസ്ബുള്ളയുടെ ആക്രമണങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്ന അഖീല്‍ പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. തഹ്‌സിന്‍ എന്ന പേരിലും അറിയപ്പെടുന്ന ഇയാള്‍ ലെബനീസ് സായുധ സംഘത്തിന്റെ മുതിര്‍ന്ന സൈനിക ഗ്രൂപ്പിലെ അംഗമായിരുന്നു. അഖീലിനെയോര്‍ത്ത് ഒരാളും കണ്ണീര്‍ പൊഴിക്കില്ലെന്നും 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ ക്യാമ്പ് ആക്രമിച്ച പ്രതിയാണ് അയാളെന്നും മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ പ്രതിനിധി ബ്രെറ്റ് മക്ഗര്‍ക്ക് പ്രതികരിച്ചു. എന്നാല്‍ അഖീലിന്റെ കൊലപാതകത്തോടെ ഇസ്രയേല്‍ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചതായും കനത്ത തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു ലെബനന്‍-പലസ്തീന്‍ പ്രതിനിധികളുടെ പ്രതികരണം.

ബാറ്ററിയില്‍ വച്ചത് അതിമാരക സ്‌ഫോടക വസ്തു

അതേസമയം, ലെബനനിലെ പേജര്‍,വാക്കിടോക്കി സ്‌ഫോടന പരമ്പരയ്ക്ക് ഉപയോഗിച്ചത് പി.ഇ.ടി.എന്‍ (പെന്റാഎറിത്രൈടോള്‍ ടെട്രാനൈട്രേറ്റ്) എന്ന മാരക സ്‌ഫോടക വസ്തുവാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരിക്കലും തിരിച്ചറിയാനാവാത്ത വിധത്തില്‍ ബാറ്ററിയ്ക്കുള്ളിലാണ് ഇവ ഒളിപ്പിച്ചത്. ഇലക്ട്രോണിക് കംപോണന്റുകളില്‍ സ്‌ഫോടക വസ്തു ഒളിപ്പിക്കാനാവില്ലെന്നും ഇളക്കിമാറ്റാവുന്ന ബാറ്ററിയിലാണ് ഒളിപ്പിക്കാന്‍ സാധ്യത കൂടുതലെന്നും റിപ്പോര്‍ട്ട് തുടരുന്നു. ബാറ്ററി ഇളക്കിമാറ്റിയ ശേഷവും പൊട്ടിത്തെറിയുണ്ടായെന്നും ലെബനീസ് ഏജന്‍സികള്‍ പറയുന്നു.

ആണവായുധത്തേക്കാള്‍ മാരകം, ശത്രുവിനെ തെരഞ്ഞു കൊല്ലും

കഴിഞ്ഞ ദിവസം ലെബനനിലുണ്ടായ ആക്രമണത്തിന് പിന്നാലെ പ്രതിരോധ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും ചര്‍ച്ചകള്‍ സജീവമായി. സാധാരണ ജനങ്ങള്‍ നിത്യോപയോഗ സാധനങ്ങളായി പരിഗണിക്കുന്ന ഗാഡ്ജറ്റുകളും മറ്റും ലക്ഷ്യം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് വിവിധ പ്രതിരോധ വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ആത്മഹത്യാ ഡ്രോണുകളുടെ തെറ്റായ ഉപയോഗം കുറയ്ക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. ആണവായുധത്തേക്കാള്‍ മാരക പ്രഹര ശേഷിയുള്ള ആയുധമായി പരിഗണിക്കാന്‍ കഴിയുന്നവയാണ് ഇത്തരം ഡ്രോണുകള്‍. കൂട്ടമായും ഒറ്റയ്ക്കും വിന്യസിക്കാന്‍ കഴിയുന്ന ഇത്തരം ഡ്രോണുകള്‍ കിലോമീറ്ററുകള്‍ അകലെ പറന്നുചെന്ന് ശത്രുവിനെ കീഴ്‌പ്പെടുത്താന്‍ പോന്നവയാണ്. സ്‌ഫോടക വസ്തുക്കള്‍ വഹിക്കാന്‍ കഴിയുമെന്നതിനാല്‍ ശത്രുകേന്ദ്രങ്ങളില്‍ കനത്ത നാശം വിതയ്ക്കാന്‍ കഴിയും. ആണവായുധങ്ങള്‍ പോലുള്ളവ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കനത്ത നാശനഷ്ടം ഒഴിവാക്കി ശത്രുവിനെ മാത്രം കൊലപ്പെടുത്താനും ഇവയ്ക്കാകും. മുഖം തിരിച്ചറിയാനുള്ള ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ സംവിധാനമുള്ള ഡ്രോണുകളാണെങ്കില്‍ എത്രതിരക്കിലാണെങ്കിലും ശത്രുവിനെ തിരിച്ചറിയാനും ഇത്തരം ഡ്രോണുകള്‍ക്കാകും. അടുത്തിടെ ശത്രുനേതാക്കളെ കൊലപ്പെടുത്താന്‍ ഇസ്രയേല്‍ വ്യാപകമായി ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്.

മേഖലയില്‍ യു.എസ് സേനാ വിന്യാസം

അതേസമയം, പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ മേഖലയിലെ സേനാവിന്യാസം വര്‍ധിപ്പിച്ച് യു.എസ് സൈന്യം. 40,000 സൈനികരെയും ഒരു ഡസനോളം യുദ്ധക്കപ്പലുകളെയും രണ്ട് സ്‌ക്വാഡ്രണ്‍ യുദ്ധവിമാനങ്ങളെയുമാണ് മേഖലയില്‍ വിന്യസിച്ചത്. മിഡില്‍ ഈസ്റ്റ് മേഖലയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സെന്‍ട്രല്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും അമേരിക്കന്‍ സേനാവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, മറുപടിയായി ഇറാന്റെ നേതൃത്വത്തില്‍ പടയൊരുക്കം നടത്തുന്നതായ റിപ്പോര്‍ട്ടുകള്‍ മേഖലയെ യുദ്ധഭീതിയിലെത്തിച്ചിട്ടുണ്ട്. യുദ്ധമൊഴിവാക്കണമെന്നും ഇരുകൂട്ടരും സമാധാനം പാലിക്കണമെന്നും ലോകനേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന നടപടികളില്‍ നിന്നും ഇസ്രയേല്‍ പിന്മാറണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞതായി അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു.
Related Articles
Next Story
Videos
Share it