
യു.എസിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന ബില്‍ പ്രതിനിധി സഭയില്‍ പാസായി. നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. കൂടുതല്‍ നികുതികള്‍ ചുമത്തി സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുളള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ നടപടിയെ കരുതുന്നത്.
2026 ജനുവരി 1 മുതലാണ് ബില്‍ പ്രാബല്യത്തിൽ വരുന്നത്. വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന പേരിലാണ് ഈ നികുതി നിര്‍ദേശം അറിയപ്പെടുന്നത്. ഇതനുസരിച്ച് യു.എസിലെ വിദേശ തൊഴിലാളികൾ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന തുകയ്ക്ക് 3.5 ശതമാനം നികുതി ചുമത്തുന്നതാണ്.
യു.എസിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹങ്ങളിലൊന്നായ ഇന്ത്യൻ പ്രവാസികൾക്ക് വലിയ തിരിച്ചടിയുണ്ടാകുന്നതാണ് ഈ നീക്കം. 2023 ലെ കണക്കനുസരിച്ച് 29 ലക്ഷത്തിലധികം ഇന്ത്യൻ കുടിയേറ്റക്കാരാണ് യുഎസിൽ താമസിക്കുന്നത്. യുഎസ് പൗരന്മാരല്ലാത്തവർ മാത്രമാണ് അയയ്ക്കുന്ന പണത്തിന് നികുതി അടയ്ക്കേണ്ടത്. ഗ്രീൻ കാർഡ് ഉടമകളും തൊഴിൽ വിസയിലുള്ള വ്യക്തികളും ഇത്തരത്തില്‍ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് നികുതി അടയ്ക്കണം. അതേസമയം, യുഎസ് പൗരന്മാർക്ക് നിയമത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
നാട്ടിലേക്ക് അയയ്ക്കുന്ന പണത്തില്‍ നികുതി ചുമത്തുന്നത് ഇന്ത്യന്‍ സമൂഹത്തില്‍ കൂടുതല്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണ്. കേരളം, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പേരാണ് യു.എസില്‍ ജോലി ആവശ്യങ്ങള്‍ക്കായി താമസിക്കുന്നത്. നാട്ടിലേക്ക് അയയ്ക്കുന്ന പണത്തില്‍ നികുതി കൂടി ചുമത്തുന്ന അവസ്ഥ ഇവര്‍ക്ക് വലിയ ബുദ്ധിമുട്ടായിരിക്കും സൃഷ്ടിക്കുക. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ പ്രവാസികളും അവരുടെ നാട്ടിലുളള ബന്ധുക്കളും ഉന്നയിക്കുന്നത്.
അയയ്ക്കുന്ന പണത്തിന്റെ 5 ശതമാനം നികുതിയായി നല്‍കണമെന്നായിരുന്നു ബില്ലിലെ നേരത്തെയുളള വ്യവസ്ഥ. എന്നാല്‍ ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് നികുതി 3.5 ശതമാനമായി കുറച്ചാണ് ബില്‍ പാസാക്കപ്പെട്ടിരിക്കുന്നത്.
US passes bill imposing 3.5% tax on remittances by non-citizens, impacting millions of Indian immigrants.
Read DhanamOnline in English
Subscribe to Dhanam Magazine