

ഇറാനില്‍ മതഭരണകൂടത്തിനെതിരേ ഉയരുന്ന ബഹുജന പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിനിടെ പുതിയ ഉപരോധം പ്രഖ്യാപിച്ച് യുഎസ്. ഇറാനുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം തീരുവ വര്‍ധനയാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാനില്‍ പ്രക്ഷോഭത്തിനിടെ ഇതുവരെ 600ലേറെ പേര്‍ മരിച്ചു. ആയിരക്കണക്കിനു പേരെ അറസറ്റ് ചെയ്ത് തടങ്കലിലാക്കിയിട്ടുണ്ട്. കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഇറാനില്‍ അരങ്ങേറുന്നതെന്ന് മതഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കുന്നവര്‍ ആരോപിക്കുന്നു. ആശയവിനിമയം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അടക്കം വിച്ഛേദിച്ചിട്ടുണ്ട്.
യുഎസിന്റെ ഇരട്ട താരിഫില്‍ വലയുന്ന ഇന്ത്യയ്ക്ക് കടുത്ത പ്രഹരമാകും ഇറാനുമായി സഹകരിക്കുന്നവര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ തീരുവ. ചൈന, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇറാനുമായി കൂടുതല്‍ വ്യാപാര ബന്ധമുള്ളവര്‍.
ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി നല്കുന്ന വിവരങ്ങളനുസരിച്ച് ഇറാന്റെ അഞ്ച് പ്രധാന വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. അരി, ചായപ്പൊടി, പഞ്ചസാര, മരുന്നുകള്‍, വൈദ്യുതി മെഷിനറീസ് തുടങ്ങിയവയാണ് പ്രധാനമായും ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ഡ്രൈഫ്രൂട്ട്‌സ്, ഗ്ലാസ്‌വെയറുകള്‍ എന്നിവയാണ് ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. മുമ്പ് ക്രൂഡ്ഓയില്‍ ഇറക്കുമതി ഉണ്ടായിരുന്നെങ്കിലും ഉപരോധത്തെ തുടര്‍ന്ന് കുറച്ചിരുന്നു.
2024-25 സാമ്പത്തികവര്‍ഷം 1.24 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. ആകെ കയറ്റുമതി വരുമാനത്തിന്റെ 757 മില്യണ്‍ ഡോളറും അരിയില്‍ നിന്നാണ്. ഇന്ത്യന്‍ ബസുമതി അരിയുടെ വലിയ മാര്‍ക്കറ്റാണ് ഇറാന്‍. ധാന്യങ്ങള്‍ (698 മില്യണ്‍), കാലികള്‍ക്കുള്ള തീറ്റ (149 മില്യണ്‍), ടീ ആന്‍ഡ് സ്‌പൈസസ് (74 മില്യണ്‍) എന്നിങ്ങനെയാണ് മറ്റ് ഉത്പന്നങ്ങളുടെ കയറ്റുമതി.
ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തത് 0.44 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങളും. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് താല്ക്കാലികമായെങ്കിലും നല്ലൊരു വിപണി നഷ്ടമാകും. അതേസമയം, ഇറാനില്‍ വിപ്ലവത്തെതുടര്‍ന്ന് ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ സംബന്ധിച്ചത് വലിയ നേട്ടമാകും.
Read DhanamOnline in English
Subscribe to Dhanam Magazine