

രാജ്‌കോട്ടിലെ ചെറിയൊരു തീയറ്ററിനു സമീപത്ത് ചെറിയ രീതിയില്‍ ആരംഭിച്ച ഒരു സ്‌നാക്‌സ് ബ്രാന്‍ഡ് ഇന്ന് ആഗോള തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാലാജി വാഫേഴ്‌സാണ് ആ കമ്പനി. ബാലാജി വാഫേഴ്‌സില്‍ 7 ശതമാനം ഓഹരി പങ്കാളിത്തം നേടിയിരിക്കുകയാണ് യുഎസ് നിക്ഷേപക സ്ഥാപനമായ ജനറല്‍ അറ്റ്‌ലാന്റിക്. ഏകദേശം 2,500 കോടി രൂപയ്ക്കാണ് ഇടപാട്.
ഗുജറാത്തിലും സമീപ സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ള ബാലാജി വാഫേഴ്‌സിന്റെ വാര്‍ഷിക വിറ്റുവരവ് 6,500 കോടി രൂപയാണ്. വന്‍കിട കമ്പനികള്‍ മേധാവിത്വം പുലര്‍ത്തുന്ന ഇന്ത്യയുടെ എഫ്എംസിജി വിപണിയില്‍ ബാലാജി വാഫേഴ്‌സ് അത്ഭുതമായി മാറുകയാണ്.
മറ്റ് എഫ്എംസിജി കമ്പനികള്‍ പരസ്യത്തിനും മാര്‍ക്കറ്റിംഗിനുമായി കോടികള്‍ മുടക്കുമ്പോഴാണ് ബാലാജിയുടെ കുതിപ്പ്.
രാജ്‌കോട്ടിലെ ഒരു തീയറ്ററില്‍ സ്‌നാക്‌സിന്റെയും സാന്‍ഡ്‌വിച്ചിന്റെയും വിതരണക്കാരനായാണ് ബാലാജി വാഫേഴ്‌സിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ചന്ദു വിരാനിയുടെ തുടക്കം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 6,500 കോടി രൂപ വിറ്റുവരവും 1,000 കോടി രൂപ ലാഭവുമായിരുന്നു കമ്പനി നേടിയത്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ സ്‌നാക്‌സ് വിപണിയില്‍ 65 ശതമാനം പങ്കാളിത്തം ബാലാജി വാഫേഴ്‌സിനാണ്.
ഒരു ഇടത്തരം കാര്‍ഷിക കുടുംബത്തിലായിരുന്നു വിരാനിയുടെ ജനനം. പിതാവ് കൃഷിഭൂമി വിറ്റു നല്കിയ 20,000 രൂപയില്‍ നിന്നാണ് വിരാനിയും സഹോദരനും ബിസിനസ് ആരംഭിക്കുന്നത്. തുടക്കത്തില്‍ നടത്തിയ ബിസിനസ് പരാജയപ്പെട്ടതോടെ സിനിമ കാന്റീനില്‍ ജീവനക്കാരായി. തുടക്കത്തില്‍ മാസശമ്പളം വെറും 90 രൂപയായിരുന്നു. ഇതിനിടെ പാര്‍ട്ട്‌ടൈം ജോലികളും ചെയ്തിരുന്നു.
സ്ഥിര വരുമാനം ലഭിച്ചതോടെ ഒറ്റമുറി ഷെഡില്‍ ചിപ്‌സ് നിര്‍മിക്കാന്‍ ആരംഭിച്ചു. ഈ ചിപ്‌സിന് വലിയ സ്വീകാര്യത ലഭിച്ചതോടെ കമ്പനി വിപുലീകരിച്ചു. 1982ല്‍ ബാങ്കില്‍ നിന്ന് ലഭിച്ച 1.5 ലക്ഷം രൂപയ്ക്ക് ചിപ്‌സ് നിര്‍മിക്കാന്‍ ചെറിയൊരു ഫാക്ടറി തുടങ്ങി. പിന്നീട് പടിപടിയായി ഉയര്‍ന്ന് ബാലാജി വാഫേഴ്‌സ് ഇന്ന് വലിയൊരു ബിസിനസ് സാമ്രാജ്യമായി മാറി. ഇപ്പോള്‍ ബാലാജി വാഫേഴ്‌സിന് കീഴില്‍ 5,000ത്തോളം ജീവനക്കാരുണ്ട്. 50 ശതമാനം പേരും സ്ത്രീകളാണ്.
ആകെ വരുമാനത്തിന്റെ വെറും 4 ശതമാനം മാത്രമാണ് കമ്പനി പരസ്യത്തിനായി വിനിയോഗിക്കുന്നത്. മറ്റ് മുന്‍നിര കമ്പനികള്‍ 8 മുതല്‍ 12 ശതമാനം വരെ പരസ്യത്തിനായി മാറ്റിവയ്ക്കുമ്പോഴാണ് ബാലാജിയുടെ വേറിട്ട യാത്ര. കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയാണ് പെപ്‌സിയെയും ഹല്‍ദിറാം സ്‌നാക്‌സിനെയും ബാലാജി പിന്നിലാക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine