റഷ്യയുടെ എണ്ണപ്പണത്തില്‍ കണ്ണുവച്ച് ട്രംപിന്റെ സാഹസം, ക്രൂഡ് ഓയില്‍ വില $80 ലേക്ക് കുതിച്ചേക്കും; ഇന്ത്യയ്ക്ക് വേണം പ്ലാന്‍ ബി

റഷ്യന്‍ എണ്ണ വിപണിയിലെത്താത്ത സ്ഥിതി വന്നാല്‍ 100-120 ഡോളറിലേക്ക് ആഗോള വില എത്താനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല
donald trump and narendra modi crude oil
Published on

ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില വരുന്ന മാസങ്ങളില്‍ 80 ഡോളറിന് മുകളിലേക്ക് പോയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ-പാക്കിസ്ഥാന്‍, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷ സമയത്തു പോലും കാര്യമായി കുതിക്കാതിരുന്ന രാജ്യാന്തര എണ്ണവിലയ്ക്ക് പുതിയ ഭീഷണി റഷ്യ-യു.എസ് സംഘര്‍ഷമാണ്. എണ്ണ വില്പനയിലൂടെ റഷ്യ വലിയ തോതില്‍ പണം നേടുന്നതാണ് യു.എസ് പ്രസിഡന്റിന്റെ ഇപ്പോഴത്തെ വലിയ പ്രശ്‌നം.

എണ്ണ വിറ്റ് വാങ്ങുന്ന പണം യുക്രൈയ്‌നില്‍ ആയുധവര്‍ഷം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ ഉപയോഗിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം നേരിടുന്ന റഷ്യന്‍ എണ്ണ വാങ്ങി യുദ്ധത്തില്‍ പരോക്ഷ സഹായം നല്കുന്നുവെന്നും ട്രംപ് പറയുന്നു.

ട്രംപിന്റെ മനസില്‍ ബിസിനസ് താല്പര്യങ്ങളും

റഷ്യയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാക്കുകയാണ് യു.എസ്. റഷ്യന്‍ എണ്ണ വാങ്ങുന്ന കമ്പനികളെ വിലക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഒക്ടോബറോടെ എണ്ണവില 80 ഡോളറിലേക്ക് എത്തിക്കാന്‍ ട്രംപിന്റെ കൈവിട്ട കളി ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രതിദിനം 50 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ റഷ്യ കയറ്റുമതി ചെയ്യുന്നുണ്ട്. അതും ഡിസ്‌കൗണ്ട് നിരക്കില്‍.

രാജ്യാന്തര എണ്ണവിലയെ ഒരുപരിധിക്കപ്പുറം ഉയരാതെ പിടിച്ചുനിര്‍ത്തുന്നത് റഷ്യയുടെ എണ്ണയാണ്. ഡിസ്‌കൗണ്ട് നിരക്കില്‍ റഷ്യന്‍ എണ്ണ വിപണിയിലേക്ക് വന്നതോടെ പരിധിവിട്ട് വില വര്‍ധിപ്പിക്കാനാകാതെ യു.എസ് അടക്കമുള്ള എണ്ണ വില്പനക്കാര്‍ നട്ടംതിരിയുകയാണ്.

റഷ്യന്‍ എണ്ണ ആരും വാങ്ങാത്ത സ്ഥിതി വന്നാല്‍ രാജ്യാന്തര വില സ്വാഭാവികമായും ഉയരും. യു.എസ് അടക്കം എണ്ണ വില്പന രാജ്യങ്ങള്‍ക്ക് ഇത് വലിയ രീതിയില്‍ ഗുണം ചെയ്യും. റഷ്യന്‍ എണ്ണ വിപണിയിലെത്താത്ത സ്ഥിതി വന്നാല്‍ 100-120 ഡോളറിലേക്ക് ആഗോള വില എത്താനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

നിലവില്‍ ക്രൂഡ് വില 70 ഡോളറിന് അടുത്താണ്. ബ്രെന്റ് ക്രൂഡ് 69 കടന്നു. വരും ദിവസങ്ങളില്‍ ഈ മുന്നേറ്റം തുടരാനാണ് സാധ്യത. ഒപെക് രാജ്യങ്ങള്‍ ഉത്പാദനം പരിധിവിട്ട് ഉയര്‍ത്തില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. റഷ്യന്‍ എണ്ണയുടെ വാങ്ങല്‍ പൂര്‍ണമായി തടസപ്പെട്ടാല്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ സംഘടിതമായി വില ഉയര്‍ത്താനുള്ള നീക്കങ്ങള്‍ തുടങ്ങിയേക്കും.

ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് ക്രൂഡ് വിലയിലെ കയറ്റം പ്രശ്‌നം സൃഷ്ടിക്കും. എണ്ണവില ഉയര്‍ന്നാല്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉയരാന്‍ ഇടയാക്കും. രാജ്യവ്യാപകമായി അവശ്യസാധന വിലവര്‍ധനയ്ക്കും ഇതു വഴിയൊരുക്കും. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും എണ്ണ സാധ്യതകള്‍ കണ്ടറിഞ്ഞ് ഇന്ത്യ മുന്‍കൂര്‍ നീക്കം നടത്തിയെങ്കിലും റഷ്യന്‍ എണ്ണ പോലെ ഇത്രയും ഡിസ്‌കൗണ്ടില്‍ മറ്റൊരിടത്തു നിന്നും എണ്ണ ലഭിക്കില്ലെന്നതാണ് സത്യം.

Rising U.S.-Russia oil tensions may push crude prices beyond $80, prompting India to seek alternative sources

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com