50 വര്‍ഷം നീണ്ട ഡോളറിലെ എണ്ണവില്‍പ്പന നിറുത്തി സൗദി, യു.എസിന് തിരിച്ചടി: നേട്ടമാക്കാന്‍ ഇന്ത്യ

അമേരിക്കയുമായി 50 വര്‍ഷമായി തുടരുന്ന പെട്രോഡോളര്‍ കരാര്‍ അവസാനിപ്പിച്ച് സൗദി അറേബ്യന്‍ ഭരണകൂടം. 1974 ജൂണ്‍ 8ന് ഇരുരാജ്യങ്ങളും ഒപ്പിട്ട ഈ കരാര്‍ അനുസരിച്ചാണ് സൗദി അറേബ്യ അമേരിക്കന്‍ ഡോളര്‍ അടിസ്ഥാനമാക്കി പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ മറ്റ് രാജ്യങ്ങളിലെ കറന്‍സികളിലും സൗദിക്ക് പെട്രോള്‍ വില്‍ക്കാന്‍ സാധിക്കും. ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികളും സൗദി ഉപയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സൗദിയുടെ തീരുമാനം അഗോളതലത്തില്‍ അമേരിക്കന്‍ ഡോളറിനുള്ള അപ്രമാദിത്തം കുറക്കുമെന്നും സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ദര്‍ പറയുന്നു.
എന്താണ് പെട്രോഡോളര്‍ കരാര്‍?
ആഗോളവിപണിയില്‍ അമേരിക്കന്‍ ഡോളറിന്റെ സ്വാധീനം ഊട്ടിയുറപ്പിച്ച കരാറാണ് 1974 ജൂണ്‍ എട്ടിന് ഒപ്പിട്ട പെട്രോഡോളര്‍. 1971 വരെ അമേരിക്കന്‍ ഡോളര്‍ സ്വര്‍ണ വിലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ബ്രെട്ടണ്‍ വുഡ്‌സ് കരാര്‍ പ്രകാരം ഒരു ഔണ്‍സ് സ്വര്‍ണത്തിന് 35 അമേരിക്കന്‍ ഡോളര്‍ എന്നതായിരുന്നു അടിസ്ഥാനവില. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് എം നിക്‌സണ്‍ ഇതവസാനിപ്പിച്ചതോടെ ഡോളറിന്റെ വിലയിടിഞ്ഞു. തുടര്‍ന്നാണ് സ്വര്‍ണത്തേക്കാള്‍ സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് തിരിയണമെന്ന ആവശ്യമുയരുന്നതും പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് വേണ്ടി 1972ല്‍ പെട്രോഡോളര്‍ എന്നൊരാശയം നിലവില്‍ വരുന്നതും. എന്നാല്‍ ഇതൊരു കറന്‍സിയല്ല. ക്രൂഡ് ഓയില്‍ വില്‍പനയിലൂടെ നേടുന്ന അമേരിക്കന്‍ ഡോളറിനെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.
ഇസ്രായേലിനെ സഹായിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് അമേരിക്കയെ ഉപരോധിച്ചത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാക്കി. ഇതിന് പരിഹാരമായാണ് 1974 ജൂണ്‍ എട്ടിനാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിഞ്ചറും സൗദി രാജകുമാരന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസും പെട്രോഡോളര്‍ കരാര്‍ ഒപ്പുവയ്ക്കുന്നത്. അങ്ങനെയൊരു കരാര്‍ അന്നത്തെ കാലത്ത് ഇരുരാജ്യങ്ങള്‍ക്കും ആവശ്യവുമായിരുന്നു. സൗദിയില്‍ നിന്നുള്ള എണ്ണ മുടങ്ങാതിരിക്കുക അമേരിക്കയുടെ ആവശ്യവും വില്‍പന നടക്കേണ്ടത് സൗദിയുടെയും ആവശ്യമായിരുന്നു. പകരം സൗദി അറേബ്യയ്ക്ക് സാമ്പത്തികവും സൈനികവുമായ സഹായമാണ് അമേരിക്ക വാഗ്ദാനം ചെയ്തത്. കരാറിന്റെ ചുവട് പിടിച്ച് മറ്റ് അറബ് രാജ്യങ്ങളും ഡോളറിലേക്ക് വില്‍പന മാറ്റിയതോടെ അമേരിക്കന്‍ ഡോളര്‍ അതിശക്തമായി.
കരാര്‍ അമേരിക്കയെ ലോകശക്തിയാവാന്‍ സഹായിച്ചു
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്ക വന്‍ ശക്തിയായി ഉയര്‍ന്നുവന്നെങ്കിലും അമേരിക്കന്‍ ഡോളര്‍ നേടിയ മേല്‍ക്കയ്യാണ് അവരെ ലോകശക്തിയാക്കി മാറ്റിയതെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തമായതോടെ വളരെ വിലക്കുറവില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി സാധ്യമായി. യു.എസ് ട്രെഷറി ബോണ്ടുകളിലേക്ക് മൂലധനം കുന്നുകൂടിയത് അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കുകയും ചെയ്തു.
ഇനിയെന്ത്?
ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം പശ്ചിമേഷ്യയിലും റഷ്യന്‍-യുക്രെയിന്‍ യുദ്ധം യൂറോപ്പിലും വന്‍ പ്രകമ്പനം സൃഷ്ടിക്കുന്ന സമയത്താണ് കരാറില്‍ നിന്നുള്ള സൗദിയുടെ പിന്മാറ്റം. സൗദിക്ക് ഇനി ഇന്ത്യന്‍ രൂപ, യുവാന്‍, യൂറോ, റൂബിള്‍, യെന്‍ തുടങ്ങിയ കറന്‍സികളിലും പെട്രോള്‍ വില്‍ക്കാം. രാഷ്ട്രീയപരമായ മാറ്റങ്ങള്‍ക്കൊപ്പം ഇത് അന്താരാഷ്ട്ര വ്യാപാരത്തില്‍ അമേരിക്കന്‍ ഡോളറിന് ഒരു ബദല്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സൗദിയുടെ തീരുമാനം അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെയും അമേരിക്കന്‍ ഡോളറിനെയും ദുര്‍ബലപ്പെടുത്തുമെന്ന് പ്രമുഖ സാമ്പത്തിക മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഡോളറിലല്ലാതെ പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരം നടക്കുന്നത് ഡോളറിന്റെ വിലയിടിക്കും. ഇത് അമേരിക്കന്‍ വിപണിയില്‍ പണപ്പെരുപ്പം കൂടാനും പലിശ നിരക്ക് വര്‍ധിക്കാനും ബോണ്ട് മാര്‍ക്കറ്റിനെ ദുര്‍ബലമാക്കാനും ഇടയാക്കും. കരാറില്‍ നിന്നുള്ള പിന്മാറ്റം നിലവിലെ ആഗോള രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റമുണ്ടാക്കും. അമേരിക്കയുമായുള്ള ബന്ധം കുറച്ച് ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി അടുക്കുന്നത് ദൂരവ്യാപകമായ മാറ്റങ്ങള്‍ക്കിടയാക്കുമെന്നാണ് വിലയിരുത്തല്‍.

എംബ്രിഡ്ജിന്റെ (mBridge) ഭാഗമായി സൗദിയും

ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിന്റെ(ബി.ഐ.എസ്) നേതൃത്വത്തിലുള്ള എം ബ്രിഡ്ജില്‍ ഈ വര്‍ഷമാദ്യം സൗദി കേന്ദ്ര ബാങ്ക് ഭാഗമായതും ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കേന്ദ്ര ബാങ്കുകള്‍ക്കും വാണിജ്യ ബാങ്കുകള്‍ക്കും ഉപയോഗിക്കാവുന്ന മള്‍ട്ടി സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സി.ബി.ഡി.സി) പ്ലാറ്റ്‌ഫോമാണ് എംബ്രിഡ്ജ്. ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിതമായ എം ബ്രിഡ്ജ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വിദേശനാണ്യ വിനിമയം എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തില്‍ 26 നിരീക്ഷക അംഗങ്ങളാണുള്ളത്.
ചൈനയുടെയും റഷ്യയുടെയും കളിയോ?
യുക്രെയിന്‍ യുദ്ധത്തോടെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും സാമ്പത്തികമായി പിടിമുറുക്കിയതോടെ അന്താരാഷ്ട്ര വിപണിയില്‍ തങ്ങളുടെ എണ്ണ വില്‍ക്കാനാകാതെ റഷ്യ കുടുങ്ങി. ഇതോടെ ഡോളറിന് ബദലായി മറ്റ് കറന്‍സികളില്‍ വില്‍പന നടത്താന്‍ റഷ്യ ശ്രമങ്ങള്‍ തുടങ്ങി. ചൈനീസ് യുവാനില്‍ കച്ചവടം ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും ശത്രുരാജ്യത്തിന്റെ കറന്‍സിയില്‍ ഇടപാട് നടത്താന്‍ ഇന്ത്യ തയ്യാറല്ലെന്ന് അറിയിച്ചതോടെ ഇന്ത്യന്‍ രൂപയിലും റഷ്യന്‍ റൂബിളിലും വാങ്ങാന്‍ റഷ്യ സമ്മതിച്ചു. നിലവില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രണ്ട് പ്രമുഖ രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും.
വിപണിയിലെ അരേിക്കന്‍ ഡോളര്‍ സ്വാധീനം അവസാനിപ്പിച്ച് ബദല്‍ ശക്തികളാകാന്‍ ഒരുങ്ങുന്ന റഷ്യയും ചൈനയും സൗദി അറേബ്യയെയും കൂടെക്കൂട്ടാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. 2022 ഡിസംബറില്‍ സൗദി സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്റ് യുവാനില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനവും നടത്തി.
അതേസമയം, പെട്രോ-ഡോളര്‍ കരാറില്‍ നിന്നും സൗദിയുടെ പിന്മാറ്റം ചൈനീസ്-റഷ്യന്‍ ചേരിയിലേക്കുള്ള സൗദിയുടെ പിന്മാറ്റമാണോയെന്ന് സംശയിക്കുന്നവരുമുണ്ട്. എന്നാല്‍ മുസ്ലിം സുന്നി ഭൂരിപക്ഷ രാജ്യമായ സൗദിക്ക് അമേരിക്കന്‍ സഹകരണം പെട്ടെന്ന് അവസാനിപ്പിക്കാനും കഴിയില്ല. ഇറാന്‍, തുര്‍ക്കി, യെമനിലെ ഹൂതി വിമതര്‍, രാജ്യത്ത് തന്നെയുള്ള വിഘടനവാദികള്‍ എന്നിവരെ നേരിടാന്‍ സൗദിക്ക് അമേരിക്കന്‍ സൈനിക സഹായം ആവശ്യമായി വരുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ രണ്ട് രാജ്യങ്ങളുടെയും തുടര്‍ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ലോകം.
Related Articles
Next Story
Videos
Share it