അമേരിക്കയുടെ സുരക്ഷക്ക് സോഷ്യല്‍ മീഡിയയില്‍ ടെലിസ്‌കോപ് വെച്ച് ട്രംപ്! സ്റ്റുഡന്റ് വിസ തേടുന്ന ഇന്ത്യക്കാരെ നിരീക്ഷണം എങ്ങനെ ബാധിക്കും? വിദ്യാര്‍ഥികള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

ദേശീയ സുരക്ഷ ഉറപ്പാക്കാനും തീവ്രനിലപാടുകളുള്ളവര്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുമാണ് ട്രംപ് സര്‍ക്കാരിന്റെ നീക്കം
A person using social media in their phone and US president Donald trump
Canva, Facebook / Donald trump
Published on

പുതിയ അമേരിക്കന്‍ സ്റ്റുഡന്റ് വിസകള്‍ക്കുള്ള അഭിമുഖം താത്കാലികമായി റദ്ദാക്കി യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരിശോധിച്ച് ദേശീയ സുരക്ഷക്ക് ഭീഷണിയല്ലെന്ന് ഉറപ്പുവരുത്തണമെന്ന ട്രംപിന്റെ പുതിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ട്രംപിന്റെ നിര്‍ദ്ദേശം എങ്ങനെയാണ് ബാധിക്കുക. പരിശോധിക്കാം.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എങ്ങനെ ബാധിക്കും?

യു.എസിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ വലിയൊരു ഭാഗവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണെന്നാണ് കണക്ക്. 2023-24 കാലഘട്ടത്തില്‍ 2,68,000 വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും യു.എസിലെത്തിയത്. ഇക്കൊല്ലം ഇത് വര്‍ധിക്കുമെന്നാണ് കരുതുന്നത്. വിസ അപേക്ഷയോടൊപ്പം സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും പരിശോധിക്കുമെന്ന നിയമം അമേരിക്കന്‍ പഠനം സ്വപ്‌നം കാണുന്ന വിദ്യാര്‍ത്ഥികളിലും കുടുംബങ്ങളിലും ആശങ്കക്ക് കാരണമായിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷം വിവിധ കോഴ്‌സുകളില്‍ ചേരാനിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിസ അപേക്ഷകള്‍ ഇതോടെ വൈകാന്‍ ഇടയുണ്ടെന്നാണ് വിദഗ്ധര്‍ കരുതുന്നത്. വിസ അപേക്ഷകള്‍ നിരസിക്കപ്പെടുന്നത് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ എന്തുചെയ്യണം

അമേരിക്കയിലെ ഉപരിപഠനം സ്വപ്‌നം കാണുന്ന വിദ്യാര്‍ത്ഥികള്‍ യു.എസ് എംബസികളുയുടെയും സര്‍വകലാശാലകളുടെയും അറിയിപ്പുകള്‍ കൃത്യമായി പരിശോധിക്കണം. വിസ അപേക്ഷ വൈകുമെന്ന് മുന്‍കൂട്ടി കണ്ട് വേണം മറ്റ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍. ആവശ്യമെങ്കില്‍ ബാക്കപ്പ് പ്ലാനുകളും തയ്യാറാക്കണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സുതാര്യത പാലിക്കണം. തീവ്രനിലപാടുകളുള്ള പോസ്റ്റുകളും സന്ദേശങ്ങളും സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുന്നതും ഒഴിവാക്കണം.

അഭിമുഖത്തിന് തീയതി ലഭിച്ചവര്‍ക്ക്

അമേരിക്കന്‍ വിസ ലഭിക്കാന്‍ സ്വന്തം രാജ്യത്തെ യു.എസ് എംബസിയിലെത്തി അഭിമുഖത്തില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധമാണ്. ഇതിനോടകം തീയതി ലഭിച്ചവര്‍ക്ക് മുന്‍നിശ്ചയ പ്രകാരം അഭിമുഖം നടക്കുമെന്നാണ് വിവരം. എന്നാല്‍ പുതിയ അപേക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്വീകരിക്കില്ല. സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ എംബസികളില്‍ ഏര്‍പ്പെടുത്തുന്നതിനാണ് ഈ കാലതാമസം.

സോഷ്യല്‍ മീഡിയ പരിശോധന എന്തിന്?

ദേശീയ സുരക്ഷ ഉറപ്പാക്കാനും തീവ്രനിലപാടുകളുള്ളവര്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുമാണ് ട്രംപ് സര്‍ക്കാരിന്റെ നീക്കം. അപേക്ഷകന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഇത്തരത്തിലുള്ള എന്തെങ്കിലും ആശയവിനിമയം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. അടുത്തിടെ അമേരിക്കന്‍ സര്‍വകലാശാലകളില്‍ പാലസ്തീന്‍ ആനുകൂല പ്രകടനങ്ങള്‍ നടന്നതിനെ തുടര്‍ന്നാണ് ഇക്കാര്യം അടിയന്തരമായി നടപ്പിലാക്കാന്‍ ട്രംപ് സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അമേരിക്കന്‍ വിസ നല്‍കില്ലെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അടിവരയിട്ട് പറയുന്നത്.

പരിശോധന എങ്ങനെ?

എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഭീകരാവാദത്തിനുള്ള പിന്തുണയായി പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു ഉത്തരവ് മാര്‍ച്ച് 25ന് ദി ഗാര്‍ഡിയന്‍ പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് എഫ് (അക്കാഡമിക് സ്റ്റുഡന്റ്), എം (വൊക്കേഷണല്‍ സ്റ്റുഡന്റ്), ജെ( എക്‌സ്‌ചേഞ്ച് വിസിറ്റര്‍) കാറ്റഗറിയിലുള്ള വിസ അപേക്ഷകള്‍ക്ക് സോഷ്യല്‍ മീഡിയ പരിശോധന നിര്‍ബന്ധമാണ്. അപേക്ഷകര്‍ എന്തെങ്കിലും തരത്തിലുള്ള തീവ്രവാദ ആശയങ്ങളെയോ സംഘടനകളെയോ പിന്തുണക്കുന്നവരോ അമേരിക്കന്‍ പൗരന്മാര്‍, സംസ്‌ക്കാരം, സ്ഥാപനങ്ങള്‍ എന്നിവക്ക് എതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവരോ ആയിരിക്കരുത്. ഇക്കാര്യം അപേക്ഷ പരിഗണിക്കുമ്പോള്‍ കൃത്യമായി പരിശോധിക്കാന്‍ എംബസികളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് തെളിവായി ശേഖരിക്കണം. ഇക്കാര്യം അപേക്ഷകന്റെ വിസ ഫയലിനൊപ്പം സൂക്ഷിക്കുകയും ആവശ്യമെങ്കില്‍ വിസ നിരസിക്കാനുള്ള കാരണമായി ഉപയോഗിക്കുകയും ചെയ്യും.

ട്രംപിന്റെ ലക്ഷ്യമെന്ത്?

രാജ്യത്ത് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാനും രാജ്യസുരക്ഷ ഉറപ്പാക്കാനുമാണ് ഇത്തരം നിയന്ത്രണങ്ങളെന്നാണ് ട്രംപ് ഭരണകൂടം നല്‍കുന്ന വിശദീകരണം. ക്യാംപസുകളിലെ പ്രതിഷേധങ്ങളും വിദേശ ആഭിമുഖ്യവും ചൂണ്ടിക്കാട്ടി ചില യൂണിവേഴ്‌സിറ്റികള്‍ക്ക് നല്‍കിയിരുന്ന സാമ്പത്തിക സഹായവും ട്രംപ് വെട്ടിച്ചുരുക്കിയിരുന്നു. ജൂതവിരോധനം വളര്‍ത്തുന്നുവെന്ന് ആരോപിച്ച് അടുത്തിടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശനം ട്രംപ് നിരോധിച്ചിരുന്നു. ഈ തീരുമാനം അമേരിക്കന്‍ കോടതി താത്കാലികമായി തടഞ്ഞെങ്കിലും ഇതിലൂടെ നല്‍കിയ സന്ദേശം വ്യക്തമാണ്- ട്രംപിന്റെ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും.

ഭാവി നശിപ്പിക്കുമെന്ന് രഘുറാം രാജന്‍

അമേരിക്കന്‍ സര്‍വകലാശാലകളിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയന്ത്രിക്കാനുള്ള തീരുമാനം യു.എസിന് തന്നെ പാരയാകുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ശാസ്ത്രസാങ്കേതിക, സാമ്പത്തിക രംഗത്തെ നേട്ടങ്ങള്‍ക്ക് യു.എസിനെ സഹായിച്ചത് മിടുക്കരായ വിദേശവിദ്യാര്‍ത്ഥികളുടെ വരവാണ്. ഗൂഗിളിന്റെ സഹസ്ഥാപകരില്‍ ഒരാളായ സെര്‍ജി ബ്രെയിന്‍ ഇത്തരത്തില്‍ വന്നൊരു വിദേശ വിദ്യാര്‍ത്ഥിയാണെന്ന് ഓര്‍ക്കണം. പുതിയ നയങ്ങള്‍ സാമ്പത്തികമായി യു.എസിനെ തിരിച്ചടിക്കുമെന്നും അദ്ദേഹം ഒരു ടി.വി അഭിമുഖത്തില്‍ പറഞ്ഞു.

The US has paused student visa interviews globally to prepare for stricter social media background checks, affecting thousands of international applicants.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com