

ഡയമണ്ട് പോളിഷിംഗ് ഹബ്ബായ ഗുജറാത്തിന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം നല്കിയത് സമാനതകളില്ലാത്ത തിരിച്ചടി. ആഗോളതലത്തില്‍ തന്നെ 90 ശതമാനം ഡയമണ്ട് കട്ടിംഗ്, പോളിഷിംഗ് ജോലികള്‍ നടക്കുന്നത് സൂറത്ത് കേന്ദ്രീകരിച്ചാണ്. കയറ്റുമതിക്ക് 50 ശതമാനം താരിഫ് ചുമത്തപ്പെട്ടതോടെ സൂറത്തിലെ വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഏപ്രിലിനുശേഷം ഡയമണ്ട് വ്യവസായവുമായി ബന്ധപ്പെട്ട് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ പത്തു ദിവസത്തിനിടെ യു.എസില്‍ നിന്നുള്ള നിരവധി ഓര്‍ഡറുകളാണ് റദ്ദാക്കപ്പെടുകയോ താല്‍ക്കാലികമായി നിര്‍ത്തലാക്കുകയോ ചെയ്തിരിക്കുന്നത്. വലിയ കമ്പനികളില്‍ നിന്നുള്ള ഡയമണ്ട് കട്ടിംഗ്, പോളിഷിംഗ് കരാറുകള്‍ ലഭിച്ചിരുന്ന ചെറുകിട യൂണിറ്റുകളിലാണ് പ്രതിസന്ധി രൂക്ഷം. ഭാവ്‌നഗര്‍, അംറേലി, ജുനാഗഡ് തുടങ്ങിയ പ്രദേശങ്ങളിലെ അവസ്ഥ ശോകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
15,000 മുതല്‍ 20,000 രൂപ വരെ ശമ്പളം വാങ്ങിയിരുന്നവരാണ് ഇത്തരം നിര്‍മാണശാലകളില്‍ ജോലി ചെയ്തിരുന്നത്. ഇവരുടെ ജീവിതത്തില്‍ ആശങ്ക നിറയ്ക്കുന്നതായി ട്രംപിന്റെ തീരുവ യുദ്ധം. യു.എസും ചൈനയുമാണ് ഇന്ത്യന്‍ ഡയമണ്ട്‌സിന്റെ പ്രധാന വിപണികള്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം 10 ബില്യണ്‍ ഡോളറാണ് ഡയമണ്ട് അനുബന്ധ ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത്.
പല നിര്‍മാണശാലകളിലും ജീവനക്കാര്‍ക്ക് താല്ക്കാലിക അവധി നല്കിയിരിക്കുകയാണ്. രണ്ടും മൂന്നും ഷിഫ്റ്റുകള്‍ വരെ ഉണ്ടായിരുന്ന ആഭരണശാലകള്‍ പലതും പകല്‍ മാത്രമായി പ്രവര്‍ത്തനം. ഇന്ത്യയേക്കാള്‍ താരിഫ് കുറവായ വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്ക് വാങ്ങല്‍ മാറ്റാന്‍ ചില യു.എസ് കമ്പനികള്‍ തീരുമാനിച്ചതായും വാര്‍ത്തകളുണ്ട്. താരിഫ് പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഗുജറാത്തിലെ ഡയമണ്ട് പ്രൗഡിക്ക് തിരിച്ചടിയാകും.
താരിഫ് പ്രതിസന്ധിയിലാക്കിയത് ഗുജറാത്തിനെ മാത്രമല്ല. രാജസ്ഥാനിലെ ജെംസ് ആന്‍ഡ് ജുവലറി വ്യാപാരത്തെയും താരിഫ് ദോഷകരമായി ബാധിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 17,675 കോടി രൂപയുടെ ജെംസ് ആന്‍ഡ് ജുവലറി ഉത്പന്നങ്ങളാണ് രാജസ്ഥാന്‍ കയറ്റുമതി ചെയ്തത്. ഇതില്‍ 3,154 കോടി രൂപയുടേത് യു.എസിലേക്കായിരുന്നു.
ഇന്ത്യയിലെ ചെമ്മീന്‍, ടെക്‌സ്റ്റൈല്‍സ്, കാര്‍പെറ്റ് വ്യവസായങ്ങളില്‍ വലിയ പ്രതിസന്ധിയുണ്ടാക്കാന്‍ താരിഫ് വര്‍ധന വഴിയൊരുക്കുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ പറയുന്നു. വിവിധ മേഖലകളില്‍ വ്യത്യസ്തമായ രീതിയിലാകും തിരിച്ചടി പ്രതിഫലിക്കുക.
ഇന്ത്യയുടെ കൊഞ്ച് (Shrimp) കയറ്റുമതിയുടെ 50 ശതമാനത്തിലേറെയും യു.എസിലേക്കാണ്. യു.എസ് വിപണിയില്‍ നിന്ന് കോടികളുടെ വിദേശനാണ്യം നേടിത്തന്നിരുന്ന മേഖലയായിരുന്നു ഇത്. പുതിയ പശ്ചാത്തലത്തില്‍ ഇക്വഡോര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ താരിഫില്‍ കൊഞ്ച് യു.എസിലേക്കെത്തും.
ഫലത്തില്‍ ഇന്ത്യന്‍ കൊഞ്ചിന്റെ കയറ്റുമതി ഇടിയും. ഇന്ത്യയില്‍ നിന്നുള്ള കാര്‍പെറ്റ് കയറ്റുമതിയുടെ 50 ശതമാനത്തിലേറെയും യു.എസിലേക്കായിരുന്നു. ഈ മേഖലയ്ക്കും താരിഫ് വര്‍ധന തിരിച്ചടിയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine