ട്രംപ് ചതിക്കില്ല! വിദേശപ്പണം ഒഴുകിയെത്തും, ഈ മേഖലയില്‍ പുതിയ അവസരങ്ങള്‍, ചൈനയുടെ നഷ്ടം നേട്ടമാക്കാന്‍ ഇന്ത്യ

യു.എസ് വിപണി അടഞ്ഞതോടെ വില കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് വര്‍ധിക്കുമെന്നും മുന്നറിയിപ്പുണ്ട്
narendra modi donald trump
image credit : Facebook
Published on

ഡൊണാള്‍ഡ് ട്രംപിന്റെ തത്തുല്യ ചുങ്കം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയാകുമെങ്കിലും പുതിയ സാധ്യതകളും തുറക്കുമെന്ന് വിലയിരുത്തല്‍. വിതരണ ശൃംഖലയിലെ മാറ്റവും പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നതും രാജ്യത്തിന് നിര്‍ണായകമാകും. യു.എസുമായി നടക്കുന്ന നീക്കുപോക്ക് ചര്‍ച്ചകളില്‍ വിജയം കാണാനും തീരുവ നിരക്കുകള്‍ കുറക്കാനുള്ള സാധ്യതയുമുണ്ട്. അയല്‍രാജ്യങ്ങളായ ചൈന (54%), പാകിസ്ഥാന്‍ (30%), ശ്രീലങ്ക (44%), വിയറ്റ്‌നാം (46%) എന്നിവരേക്കാള്‍ കുറഞ്ഞ നിരക്കാണ് ഇന്ത്യക്ക് ഏര്‍പ്പെടുത്തിയത് ശുഭസൂചനയാണെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു.

യു.എസ് വിപണി നിര്‍ണായകം

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 18 ശതമാനവും അമേരിക്കയിലേക്കാണെന്നാണ് കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജി.ഡി.പിയില്‍ 2.2 ശതമാനം സംഭാവനയും യു.എസ് വകയായിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്മാര്‍ട്ട്‌ഫോണ്‍, ആഭരണങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്. ട്രംപിന്റെ തീരുവ പ്രഖ്യാപനം വന്നതിന് പിന്നാലെ യു.എസിലെ ഇടപാടുകാര്‍ നിലവിലെ ഓര്‍ഡറുകള്‍ക്ക് ഇന്ത്യയിലെ കയറ്റുമതി രംഗത്തുള്ളവരോട് ഡിസ്‌കൗണ്ട് ആവശ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. തീരുവയുടെ അധികഭാരം ആര് വഹിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിനാല്‍ പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചൈനയുടെ നഷ്ടം നേട്ടമാക്കാന്‍ ഇന്ത്യ

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതോടെ ആഗോള ഉത്പാദകര്‍ മറ്റൊരു ബദല്‍ ഹബ്ബ് തേടാനുള്ള സാധ്യതയെ ഇന്ത്യക്ക് ഗുണകരമായി മാറ്റാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഗോളതലത്തില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതോടെ ടെക്‌സ്റ്റൈല്‍, ഇലക്ട്രോണിക്‌സ്, ഓട്ടോ കംപോണെന്റ് എന്നീ ഉത്പന്നങ്ങളുടെ കയറ്റുമതി കൂടുകയും ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ് മേഖല സജീവമാകുകയും ചെയ്യും. ഉയര്‍ന്ന താരിഫ് ഉള്ളതിനാല്‍ കൂടുതല്‍ നിര്‍മാണ കമ്പനികള്‍ ചൈനയില്‍ നിന്നും കുറഞ്ഞ താരിഫ് നിരക്കുള്ള ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്ക് മാറും. ഇത് രാജ്യത്തെ നിര്‍മാണ, വെയര്‍ ഹൗസ് മേഖലയില്‍ വലിയ മാറ്റമുണ്ടാക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സമുദ്ര-വ്യോമ ട്രാന്‍സ്ഷിപ്പ്‌മെന്റ് രംഗത്തെ പ്രധാന ഹബ്ബാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെയും അദാനി പോര്‍ട്‌സിന്റെയും നീക്കങ്ങള്‍ക്ക് ശക്തിപകരുമെന്നും വ്യവസായ ലോകം പ്രതീക്ഷിക്കുന്നുണ്ട്.

വിദേശപ്പണം ഒഴുകിയെത്തും

ചൈനപോലുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ ഇന്ത്യക്ക് തീരുവ കുറവാണെന്നത് രാജ്യത്തെ വിദേശനിക്ഷേപം വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. കയറ്റുമതി കേന്ദ്രീകൃതമായ ഓട്ടോ, ടെക്‌സ്‌റ്റൈല്‍, മിനറല്‍സ് മേഖലക്കായിരിക്കും കൂടുതല്‍ നേട്ടം. ടെക്‌സ്‌റ്റൈല്‍ ഹബ്ബായിരുന്ന ബംഗ്ലാദേശില്‍ നിന്നും ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് നേരത്തെ തന്നെ നിരവധി കമ്പനികള്‍ ഇന്ത്യയിലെത്തിയിരുന്നു. ഉയര്‍ന്ന തീരുവ കൂടി ചുമത്തപ്പെട്ടതോടെ കൂടുതല്‍ കമ്പനികള്‍ ഇന്ത്യയുടെ സാധ്യത തേടും. കുറഞ്ഞ താരിഫ് ഉയര്‍ന്ന ലാഭം ഉറപ്പാക്കുന്നതിനാല്‍ കൂടുതല്‍ വിദേശ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ തയ്യാറാകും. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയിലെ വാങ്ങലുകാരായത് ഇന്ത്യന്‍ വിപണിയോടുള്ള ആത്മവിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

ചൈനീസ് ഇറക്കുമതി വര്‍ധിക്കും

അതേസമയം, ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്‌നവും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. യു.എസ് വിപണിയിലെ സാധ്യത പരിമിതപ്പെട്ടതോടെ ഇന്ത്യയിലേക്ക് വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങള്‍ കൂടുതലായി ഇറക്കുമതി ചെയ്യാനുള്ള സാധ്യതയാണ് വിദഗ്ധര്‍ കാണുന്നത്. ഇത് പ്രാദേശിക ഉത്പാദനത്തെ സാരമായി ബാധിച്ചേക്കും. യു.എസ് താരിഫിനേക്കാള്‍ ഇലക്ട്രോണിക്‌സ്, മെഷിനറി, ടെസ്‌റ്റൈല്‍ രംഗത്തെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യയെ ബാധിച്ചേക്കുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ റേറ്റിംഗ്‌സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനീസ് ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യ ആന്റിഡംപിംഗ് ഡ്യൂട്ടി ചുമത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com