

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ബദല്‍ ചുങ്കം ചുമത്തലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സമവായ ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘം നാളെ ഇന്ത്യയിലെത്തും. അമേരിക്കന്‍ വാണിജ്യ വകുപ്പിലെ അസിസ്റ്റന്റ് പ്രതിനിധി ബ്രന്‍ഡന്‍ ലിഞ്ചും സംഘവുമാണ് അഞ്ചു ദിവസത്തെ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തുന്നത്.
ചൊവ്വാഴ്ച ആരംഭിക്കുന്ന ചര്‍ച്ച 29 വരെ നീളും. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും.. അമേരിക്കയുടെ പുതിയ തീരുവ യുദ്ധവുമായി ബന്ധപ്പെട്ട് നീക്കുപോക്കുകള്‍ക്കുള്ള വഴികള്‍ തുറക്കുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്കുള്ള തിരിച്ചടിയെന്ന നിലയിലാണ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം ബദല്‍ ചൂങ്കം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയും ഈ പട്ടികയില്‍ ഉണ്ട്. ഏപ്രില്‍ രണ്ട് മുതലാണ് അമേരിക്ക പുതിയ നികുതി നിരക്കുകള്‍ ഏര്‍പ്പെടുത്തുന്നത്. അതിന് മുമ്പ് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി സമവായത്തിനുള്ള സാധ്യതയാണ് തേടുന്നത്.
'' ഇന്ത്യയുമായി സമതുലിതമായ വാണിജ്യബന്ധം ആഗ്രഹിക്കുന്നതു കൊണ്ടാണ് അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്നോട്ടു വരുന്നതെന്ന് ഇന്ത്യയിലെ അമേരിക്കന്‍ എംബസി വക്താവ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വാണിജ്യ, നിക്ഷേപ താല്‍പര്യങ്ങള്‍ തുടര്‍ന്നും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും എംബസി വക്താവിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയും അമേരിക്കയും തമ്മില്‍ തയ്യാറാക്കുന്ന ഉഭയകക്ഷി വാണിജ്യ കരാറും അമേരിക്കന്‍ സംഘം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഈ മാസം ആദ്യം കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. അമേരിക്കയുടെ ബദല്‍ ചുങ്കത്തേക്കാള്‍ ഇന്ത്യ ഗൗരവമായി എടുക്കുന്നത് ഉഭയകക്ഷി കരാറാണ്. ഇത് നടപ്പായാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നികുതി സംബന്ധമായ തര്‍ക്കങ്ങള്‍ കുറയുമെന്നാണ് കണക്കാക്കുന്നത്.
2030 ആകുമ്പോഴേക്കും അമേരിക്കയുമായുള്ള വാണിജ്യ ബന്ധം നിലവിലുള്ള 200 ബില്യണ്‍ ഡോളറില്‍ നിന്ന് 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. അമേരിക്കയുടെ പുതിയ ചുങ്കം ഇന്ത്യക്ക് ഏതെല്ലാം രീതിയില്‍ എതിരാകുമെന്നും അനുകൂലമാകുമെന്നും നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വാണിജ്യ വകുപ്പു സെക്രട്ടറി സുനില്‍ ബര്‍ത്വാള്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine