

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്കയിൽ വിദഗ്ദ്ധ മേഖലകളിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന എച്ച്1ബി വീസ പുതുക്കാൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ഡിസംബർ-ഫെബ്രുവരി കാലയളവിൽ ആദ്യഘട്ടമെന്നോണം 20,000 എച്ച്1ബി വീസകളാണ് പുതുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണിൽ അമേരിക്ക സന്ദർശിച്ചപ്പോൾ എച്ച്1ബി വീസ പുതുക്കലിന്റെ കാലതാമസം ഒഴിവാക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അമേരിക്കയുടെ തീരുമാനം.
ആദ്യഘട്ടത്തിൽ പരിഗണിക്കുന്ന വീസകളിൽ മുന്തിയപങ്കും ഇന്ത്യക്കാരുടേതാണെന്നും അമേരിക്കയിലെ വിദേശ വിദഗ്ദ്ധ ജോലിക്കാരിൽ (Skilled Group) ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നും അമേരിക്കയുടെ കോൺസുലർ അഫയേഴ്സ് ഡെപ്യൂട്ടി സെക്രട്ടറി ജൂലി സ്റ്റഫ്റ്റ് പറഞ്ഞു. നിരവധി ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകളാണ് ഏറെക്കാലമായി എച്ച്1ബി വീസ പുതുക്കാനായി കാത്തിരിക്കുന്നത്. അമേരിക്കയുടെ നിലവിലെ തീരുമാനം ഏറ്റവും പ്രയോജനപ്പെടുകയും ഇവർക്കായിരിക്കും. ജനുവരിക്ക് ശേഷം കൂടുതൽ എച്ച്1ബി വീസ പുതുക്കി നൽകുന്നതിൽ തീരുമാനമുണ്ടാകുമെന്നും സ്റ്റഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയിൽ താമസിക്കുന്നവർക്ക് മാത്രം
തൊഴിൽ വീസ (work visa) മാത്രമാണ് നിലവിലെ പദ്ധതി പ്രകാരം പുതുക്കി നൽകുകയെന്ന് ജൂലി സ്റ്റഫ്റ്റ് പറഞ്ഞു. നിലവിൽ അമേരിക്കയിൽ താമസിക്കുന്നവർക്കാണ് ആനുകൂല്യം. ഇവർക്ക് അമേരിക്കയിൽ വച്ചുതന്നെ എച്ച്1ബി വീസ പുതുക്കാനുള്ള അവസരമാണ് നൽകുന്നത്. നിലവിലെ രീതി വീസ പുതുക്കാനായി വിദേശത്ത് പോയശേഷം അപേക്ഷിക്കുന്നതായിരുന്നു. ഇത് ഏറെ കാലതാമസമുള്ളതായിരുന്നതിനാൽ ജോലിയെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇത് സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നിലവിൽ വീസ പുതുക്കൽ പദ്ധതി പ്രഖ്യാപിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine