

പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ വീഴ്ത്തിയതിന് പിന്നാലെ വെനസ്വേലയില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങാന്‍ യുഎസ്. തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം വഴി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെനസ്വേലയില്‍ നിന്ന് മൂന്നു മുതല്‍ അഞ്ചുകോടി ബാരല്‍ വരെ എണ്ണ യുഎസ് വാങ്ങുമെന്നും വിപണി വിലയ്ക്കായിരിക്കും ഇത് വാങ്ങുകയെന്നും ട്രംപ് വ്യക്തമാക്കി.
ഈ എണ്ണ ആഗോള വിപണിയില്‍ വില്ക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. എണ്ണ വില്പനയിലൂടെ ലഭിക്കുന്ന വരുമാനം വെനസ്വേലയിലെയും യുഎസിലെയും ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. അതേസമയം, ട്രംപിന്റെ വാദത്തെ തള്ളി വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് രംഗത്തെത്തി.
ട്രംപ് അവകാശപ്പെട്ടതു പോലെ സംഭവിച്ചാല്‍ സമീപകാലത്തെ വെനസ്വേലയുടെ എണ്ണ ഉത്പാദനത്തിലെ ഏറ്റവും കൂടിയ അളവായിരിക്കും ഇത്. നിലവില്‍ വെനസ്വേല 40-50 ദിവസം കൊണ്ട് ഉത്പാദിപ്പിക്കുന്ന എണ്ണയുടെ അത്രയും വരുമിത്. യുഎസ് ഉപരോധത്തിനുശേഷം വെനസ്വേല എണ്ണ ഉത്പാദിപ്പിക്കുന്നതിന്റെ അളവ് തീരെ കുറഞ്ഞിരുന്നു. ക്യൂബയും ചൈനയും പോലെ അപൂര്‍വം രാജ്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തു നിന്ന് എണ്ണ വാങ്ങുന്നത്.
വെനസ്വേലയുടെ എണ്ണ വില്പനയ്ക്കുള്ള ഉപരോധം നീങ്ങിയാല്‍ തിരിച്ചടി മറ്റ് ഉത്പാദക രാജ്യങ്ങള്‍ക്കാകും. ഇപ്പോള്‍ തന്നെ എണ്ണ വില 60 ഡോളറുകളിലാണ്. ഡിമാന്‍ഡ് കുറഞ്ഞിരിക്കുകയും ലഭ്യത കൂടിയിരിക്കുകയും ചെയ്യുന്നതാണ് വില കയറാത്തതിന് കാരണം.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എണ്ണ ഉത്പാദനം നടത്തുന്ന രാജ്യങ്ങളുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതാണ് ആഗോള വിപണിയില്‍ ലഭ്യത വര്‍ധിപ്പിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ശേഖരമുള്ള വെനസ്വേലയില്‍ നിന്ന് പൂര്‍ണമായ തോതില്‍ എണ്ണ വിപണിയിലേക്ക് എത്തിയാല്‍ സൗദി അറേബ്യ ഉള്‍പ്പെടുന്ന ഒപെക് രാജ്യങ്ങള്‍ക്കത് താങ്ങാനാവാത്ത തിരിച്ചടിയാകും.
ഇപ്പോള്‍ തന്നെ എണ്ണ വിപണിയുടെ നിയന്ത്രണം ഒപെക് രാജ്യങ്ങള്‍ക്ക് നഷ്ടപ്പെട്ട അവസ്ഥയാണ്. ലിബിയ, ഇറാഖ്, കരീബിയന്‍ ദ്വീപ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വലിയതോതില്‍ എണ്ണ വിപണിയിലേക്ക് എത്തുന്നുണ്ട്. ചൈന പോലുള്ള വലിയ കസ്റ്റമേഴ്‌സിന്റെ എണ്ണ ആവശ്യകത കുറഞ്ഞ നിലയിലുമാണ്. ഡിമാന്‍ഡ് കുറഞ്ഞ സ്ഥിതി തുടരുന്നത് എണ്ണ വ്യവസായത്തിന് വലിയ ദോഷമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
എണ്ണവില എത്ര കുറയുന്നുവോ അത്ര നല്ലതാണെന്ന് കരുതുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നേട്ടമാണ്. എണ്ണവില 55-58 ഡോളറിലേക്ക് താഴുമെന്നാണ് പൊതുവിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine