ഇന്ത്യന്‍ മാമ്പഴത്തിന് അമേരിക്കയില്‍ 'നോ എന്‍ട്രി'; തടഞ്ഞുവെച്ചത് 15 കണ്ടയ്‌നറുകള്‍; നഷ്ടം 4 കോടിയിലേറെ

റേഡിയേഷന്‍ സര്‍ട്ടിഫിക്കറ്റിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് യുഎസ് കസ്റ്റംസിന്റെ നടപടി
Mango export
Mango exportcanva
Published on

ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത 15 കണ്ടയ്‌നര്‍ മാമ്പഴങ്ങള്‍ക്ക് ഇറക്കുമതി അനുമതി നല്‍കാതെ അമേരിക്ക. ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവങ്ങളില്‍ തടഞ്ഞുവെച്ച മാമ്പഴം ഇന്ത്യയിലേക്ക് തിരിച്ചയക്കാനാണ് യുഎസ് കസ്റ്റംസ് അധികൃതരുടെ നിര്‍ദേശം. ഇവ തിരിച്ചു കൊണ്ടുവരുന്നത് അമിത ചെലവിന് ഇടയാക്കുകയും നശിച്ചു പോകുകയും ചെയ്യുമെന്നതിനാല്‍ ഇന്ത്യന്‍ കയറ്റുമതി കമ്പനികള്‍ ആശയകുഴപ്പത്തിലാണ്.

കാരണം സങ്കീര്‍ണം

മാമ്പഴത്തിന്റെ സൂക്ഷിപ്പ് കാലാവധി വര്‍ധിപ്പിക്കുന്നതിനും കീടങ്ങളുടെ ശല്യം ഇല്ലാതാക്കുന്നതിനും നടത്തുന്ന റേഡിയേഷന്‍ സംബന്ധിച്ച രേഖകള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാമ്പഴ ശേഖരം വിമാനത്താവളങ്ങളില്‍ തടഞ്ഞുവെച്ചത്. അതേസമയം, എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് കയറ്റി അയച്ചതെന്നാണ് കയറ്റുമതി നടത്തിയ കമ്പനികള്‍ പറയുന്നത്. മെയ് 8,9 തീയതികളില്‍ മുംബൈയിലെ മഹാരാഷ്ട്ര അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ബോര്‍ഡിന്റെ കീഴിലുള്ള, അമേരിക്കന്‍ കാര്‍ഷിക വകുപ്പ് അംഗീകരിച്ച കേന്ദ്രത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

എന്നാല്‍ ഇത് നിരസിച്ചതിന് കാരണം അറിയില്ലെന്നാണ് കയറ്റുമതിക്കാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക ഏജന്‍സിയായ അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് പ്രൊഡക്ട്‌സ് അതോറിട്ടി (അപേഡ)യും കൈമലര്‍ത്തുകയാണ്.

കയറ്റുമതിക്കാര്‍ക്ക് കനത്ത നഷ്ടം

മാമ്പഴം വിപണിയില്‍ എത്താതെ നശിക്കുന്നതോടെ നാല് കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ഉണ്ടാകുന്നത്. അമേരിക്കന്‍ മാമ്പഴ വിപണിയില്‍ ശക്തമായ സ്വാധീനമാണ് ഇന്ത്യക്കുള്ളത്. മെക്‌സിക്കോ കഴിഞ്ഞാല്‍ ഇന്ത്യയാണ് കൂടുതല്‍ ഇറക്കുമതി നടത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം ആദ്യത്തെ 6 മാസത്തില്‍ 2,000 മെട്രിക് ടണിലേറെ മാമ്പഴമാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്.

മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനയും ഉണ്ടായി. റേഡിയേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ഇത്രയധികം കണ്ടെയ്‌നറുകള്‍ തടഞ്ഞതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് മേല്‍ ഇനി കടുത്ത പരിശോധനകളുണ്ടാകുമെന്നാണ് സൂചന.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com