Begin typing your search above and press return to search.
മരുന്ന് വിഴുങ്ങും മുമ്പ് ഓര്‍ക്കാം, ഇക്കാര്യം കൂടി
ഇന്ത്യയില്‍ നിര്‍മിക്കുന്ന മരുന്നുകളുടെ ഗുണനിലവാരത്തില്‍ അമേരിക്കയിലെ ഫുഡ്-ഡ്രഗ് അഡ്മിനിസ്ട്രേഷനു (എഫ്.ഡി.എ) കീഴിലുള്ള മരുന്ന് നിലവാര ഗവേഷണ കേന്ദ്രമായ സി.ഡി.ഇ.ആര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയില്‍ തങ്ങള്‍ പരിശോധിച്ച 11 ശതമാനം മരുന്ന് ഉല്‍പാദന കേന്ദ്രങ്ങളിലും ഗുണനിലവാര ലംഘനം കണ്ടെത്തിയെന്നും സി.ഡി.ഇ.ആര്‍ വിശദീകരിച്ചു. ഈ മേഖലയില്‍ തന്നെ ഉയര്‍ന്ന നിരക്കാണിത്.
മരുന്നുകള്‍, സാമ്പിളുകള്‍ എന്നിവ മനുഷ്യ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു തുടങ്ങിയ കാര്യങ്ങളിലും ശരിയായ നിരീക്ഷണമില്ല. ഗുണനിലവാര നിര്‍വഹണത്തില്‍ പിഴവുകളുണ്ട്. ജനറിക് മെഡിസിന്‍ വ്യവസായത്തിന്റെ സല്‍പേര് നഷ്ടപ്പെടുത്തുന്നതും ജനറിക് മരുന്നുകള്‍ എത്രത്തോളം ആശ്രയിക്കാമെന്ന ചോദ്യം ഉയര്‍ത്തുന്നതുമാണ് ഈ സാഹചര്യങ്ങള്‍.
അമേരിക്കയില്‍ ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകളില്‍ 90 ശതമാനവും ജനറിക് ആണ്. ശക്തമായ ഗുണനിലവാര സംവിധാനത്തിന് യു.എസ്.എഫ്.ഡി.എ നിര്‍ദേശിച്ചു. അതുവഴി പൊതുജന വിശ്വാസം നിലനിര്‍ത്താന്‍ സാധിക്കണം. ഊഷ്മളമായ ഗുണനിലവാര സംസ്‌കാരം തന്നെ വേണമെന്നും അമേരിക്കന്‍ ഏജന്‍സി നിര്‍ദേശിച്ചു.
പൂട്ടേണ്ടി വന്നത് 36 ശതമാനം യൂണിറ്റുകള്‍
ഇന്ത്യയിലെ മരുന്ന് ഗുണനിലവാര നിയന്ത്രണ സ്ഥാപനമായ സി.ഡി.എസ്.സി.ഒയും മരുന്നുകളുടെ ഗുണനിലവാര പ്രശ്നം ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. പരിശോധന നടത്തിയ 400ഓളം ഔഷധ നിര്‍മാണ യൂണിറ്റുകളില്‍ 36 ശതമാനവും ഗുണനിലവാരമില്ലാത്തതിനാല്‍ പൂട്ടേണ്ടി പൂട്ടേണ്ടിവന്നുവെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ രാജീവ് രഘുവംശി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സിന്റെ ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ ക്വാളിറ്റി സമ്മിറ്റില്‍ പറഞ്ഞത് ശ്രദ്ധേയം.
ഗുണനിലവാരം തുടര്‍ന്നും പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പത്തിലൊന്ന് യൂണിറ്റുകളും സ്ഥിരമായി അടച്ചു പൂട്ടേണ്ടിവന്നു. മറ്റുള്ളവക്ക് പോരായ്മകള്‍ പരിഹരിക്കുന്ന മുറക്കു മാത്രം വീണ്ടും പ്രവര്‍ത്തനം തുടങ്ങാം. ഇന്ത്യന്‍ നിര്‍മിത ചുമ മരുന്ന് കഴിച്ച് ആഫ്രിക്കയില്‍ കുട്ടികള്‍ മരിച്ച വിവാദത്തിനു ശേഷം ഗുണനിലവാര നിയന്ത്രണം കടുപ്പിച്ചതിനാല്‍ പരാതികള്‍ ഒരു വര്‍ഷമായി കുറഞ്ഞിട്ടുണ്ടെന്നും രഘുവംശി പറയുന്നു.
വലിയ മരുന്നു നിര്‍മാണ കമ്പനികളിലെ സര്‍ക്കാര്‍ പരിശോധനകള്‍ അടുത്ത മാസം മുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് സി.ഡി.എസ്.സി.ഒ. ജനുവരിയില്‍ വിജ്ഞാപനം ചെയ്ത പുതുക്കിയ ഷെഡ്യൂള്‍-എം മാര്‍ഗരേഖ പാലിക്കുന്നുണ്ടോ എന്ന പ്രത്യേക നിരീക്ഷണവും ഉണ്ടാവും. 250ഓളം കമ്പനികളില്‍ ഓഡിറ്റ് നടത്താന്‍ ചുരുങ്ങിയത് 250 എഞ്ചിനീയര്‍മാരെ പുതുതായി നിയമിക്കുമെന്നും രഘുവംശി പറഞ്ഞു. മരുന്ന് ഉല്‍പാദന നിയന്ത്രണ സംവിധാനം വൈകാതെ ഡിജിറ്റല്‍ രൂപത്തിലാകും.
Next Story
Videos