യു.എസ് വീസക്ക് ഇന്ത്യക്കാര്‍ സമൂഹ മാധ്യമ അക്കൗണ്ട് വിവരവും നല്‍കേണ്ടി വരും, പുതിയ നിര്‍ദേശം അപേക്ഷ നിരസിക്കാനും കാരണമാകാം

ഒമ്പത് പ്രധാന ഇമിഗ്രേഷൻ ഫോമുകളിൽ അപേക്ഷകരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നതാണ് നിര്‍ദേശം
trump, us visa
Image courtesy: Canva, truthsocial.com/@realDonaldTrump
Published on

യു.എസില്‍ സ്ഥിരമായി താമസിക്കുന്നതിനും ജോലി ചെയ്യാനും അനുവദിക്കുന്ന വീസയാണ് ഗ്രീൻ കാർഡ്. അപേക്ഷകരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിര്‍ദേശം സമര്‍പ്പിച്ചിരിക്കുകയാണ് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS). പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയാല്‍ വീസ അപേക്ഷകള്‍ അംഗീകരിക്കുന്നതിന് തടസങ്ങള്‍ നേരിട്ടേക്കാം. രാജ്യത്തിന്റെ പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി.

മെയ് 5 വരെ സമയം

യു.എസില്‍ നിയമപരമായ കുടിയേറ്റത്തിന് മേൽനോട്ടം വഹിക്കുന്ന ഏജൻസിയാണ് യു.എസ്.സി.ഐ.എസ്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിദേശ ഭീകരര്‍ അടക്കമുളളവരില്‍ നിന്ന് യു.എസിനെ സംരക്ഷിക്കുമെന്ന ഉത്തരവ് ജനുവരി 20 ന് അധികാരമേറ്റ ആദ്യ ദിവസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പാലിക്കുന്നതിനാണ് നിര്‍ദേശമെന്നും ഏജൻസി പറയുന്നു.

നിയമം നടപ്പിലാക്കുന്നതിന് മുമ്പായി പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ സമർപ്പിക്കാൻ മെയ് 5 വരെ സമയം അനുവദിച്ചിട്ടുണ്ട്. 35 ലക്ഷത്തിലധികം കുടിയേറ്റക്കാരെ ബാധിക്കുന്നതാണ് നടപടി. ഇന്ത്യയില്‍ നിന്നുളള നിരവധി പേരാണ് ഗ്രീൻ കാർഡിനായി വര്‍ഷവും അപേക്ഷിക്കാറുളളത്.

ജാഗ്രത പാലിക്കണം

സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ, അഭിപ്രായങ്ങൾ, ഇടപെടലുകൾ തുടങ്ങിയവയില്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇതിന്റെ ഭാഗമായി പഴയ പോസ്റ്റുകൾ, കമന്റുകൾ, പങ്കിട്ട ഉള്ളടക്കങ്ങള്‍ തുടങ്ങിയവയില്‍ വിവാദപരമോ യുഎസ് നയങ്ങൾക്ക് വിരുദ്ധമോ ആയ എന്തും നീക്കം ചെയ്യണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കൂടാതെ ഇമിഗ്രേഷൻ അപേക്ഷകളിലെ വിവരങ്ങളുമായി ഓൺലൈൻ വിവരങ്ങൾ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്.

നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങളില്‍ ഒമ്പത് പ്രധാന ഇമിഗ്രേഷൻ ഫോമുകളിൽ അപേക്ഷകരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നു. അമേരിക്കയില്‍ പൗരത്വം, അഭയം, ഗ്രീൻ കാർഡുകൾ തുടങ്ങിയവയ്ക്കുളള അപേക്ഷകൾ പോലുള്ള വിവിധ ഇമിഗ്രേഷൻ ഫോമുകളെയാണ് നിര്‍ദേശം ബാധിക്കുക.

അതേസമയം വ്യക്തികളുടെ സ്വകാര്യതയും സംസാര സ്വാതന്ത്ര്യവും ഹനിക്കുന്നതാണ് പുതിയ നിര്‍ദേശങ്ങളെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com