
യുപിഐ സംവിധാനത്തിലുണ്ടായ അപ്രതീക്ഷിത തകരാര്‍ ഇടപാടുകാരെ ആശയകുഴപ്പത്തിലാക്കി. പ്രമുഖ യുപിഐ പ്ലാറ്റ്‌ഫോമുകളായ ഗൂഗ്ള്‍പേ, പേടിഎം എന്നിവക്കൊപ്പം ബാങ്കുകളുടെ മൊബൈല്‍ ആപ്പുകളും പണിമുടക്കിയതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടപാടുകാര്‍ ബുദ്ധിമുട്ടിലായത്. ഇന്ന് ഉച്ചക്ക് ശേഷം ഈ സംവിധാനങ്ങളിലൂടെയുള്ള പണമിടപാടുകള്‍ തടസപ്പെടുകയായിരുന്നു.
ഇടപാടുകള്‍ നടക്കാതായതോടെ വ്യാപാര സ്ഥാപനങ്ങളിലും അനിശ്ചിതത്വം വളര്‍ന്നു. ബില്‍ പേയ്‌മെന്റുകള്‍ പൂര്‍ത്തിയാക്കാനാകാതെ ഉപയോക്താക്കള്‍ക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. ചില പ്രദേശങ്ങളില്‍ ഇടവിട്ടുള്ള സമയങ്ങളില്‍ ഫണ്ട് ട്രാന്‍സ്ഫറുകള്‍ നടന്നു.
ഗൂഗ്ള്‍പേ ഇടപാടുകാരില്‍ 72 ശതമാനം പേര്‍ക്കും പേടിഎമില്‍ 86 ശതമാനം പേര്‍ക്കും തടസങ്ങള്‍ നേരിട്ടതായി 'ഡൗണ്‍ഡിറ്റക്ടര്‍' നടത്തിയ പഠനത്തില്‍ കണ്ടെത്തി. എസ്ബിഐയുടെ മൊബൈല്‍ ബാങ്കിംഗ് ഇടപാടുകാരെയും സാങ്കേതിക തകരാര്‍ സാരമായി ബാധിച്ചു.
യുപിഐ സംവിധാനത്തിലെ തകരാറിനെ കുറിച്ച് സോഷ്യല്‍മീഡിയയിലും പരാതികളുടെ പ്രളയമായിരുന്നു. ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്ന ആശങ്കയാണ് ഏറെ പേരും പങ്കുവെച്ചത്. ആപ്പുകളില്‍ ലോഗിന്‍ ചെയ്യാനാകുന്നില്ലെന്ന പരാതിയും ഉയര്‍ന്നു
സാങ്കേതിക തകരാറിനുള്ള കാരണം ഇതുവരെ വ്യക്തമല്ല. യുപിഐ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine