Begin typing your search above and press return to search.
ഇപ്പോഴത്തെ ഓട്ടത്തില്‍ പാതി സീറ്റും കാലി! മോദിയുടെ ഓഫീസ് കനിഞ്ഞാല്‍ കേരളത്തിലേക്ക് മറ്റൊരു വന്ദേഭാരത് കൂടി
ഗോവ-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് വൈകുന്നതായി റിപ്പോര്‍ട്ട്. ലാഭകരമായി ഈ സര്‍വീസ് തുടരണമെങ്കില്‍ കോഴിക്കോട്ടേക്ക് നീട്ടുന്നത് മാത്രമാണ് പരിഹാരമെന്ന് റെയില്‍വേ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ചകളില്‍ ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഗോവ-മംഗളൂരു വന്ദേഭാരതിലെ 50 ശതമാനം സീറ്റുകളും കാലിയാണ്. എന്നാല്‍ സര്‍വീസ് കോഴിക്കോട് നിന്നും ആരംഭിക്കുന്ന രീതിയിലാക്കിയാല്‍ കൂടുതല്‍ യാത്രക്കാരുണ്ടാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
വടക്കന്‍ കേരളത്തിലെ ട്രെയിന്‍ യാത്രാ ദുരിതം പരിഹരിക്കാനായി ഗോവ-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് കോഴിക്കോടേക്ക് നീട്ടണമെന്ന് എം.കെ രാഘവന്‍ എം.പി റെയില്‍വേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി എത്തിയ രാജ്യസഭാ എം.പി പി.ടി ഉഷയോടും അനുഭാവപൂര്‍ണമായ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. ഇത് സംബന്ധിച്ച ശിപാര്‍ശ റെയില്‍വേയുടെ പരിഗണനയിലാണെന്നും ഉടന്‍ തീരുമാനമാകുമെന്നും രണ്ട് മാസം മുമ്പ് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഗോവയിലെ മലയാളി സമൂഹവും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.
ബാക്കിയുള്ളത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി
ഗോവയിലേക്കുള്ള സര്‍വീസ് കോഴിക്കോട് നിന്നും ആരംഭിച്ച് കോഴിക്കോട് അവസാനിക്കുന്ന രീതിയിലേക്ക് മാറ്റിയാല്‍ സാമ്പത്തികമായ നേട്ടത്തിന് പുറമെ യാത്രക്കാര്‍ക്കും ഏറെ ഗുണങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വന്ദേഭാരത് സര്‍വീസുകളുടെ മേല്‍നോട്ട ചുമതലയുള്ള പ്രധാനമന്ത്രിയുടെ ഓഫീസിനാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത്. നിലവില്‍ രാവിലെ 08.30ന് മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചക്ക് രണ്ട് മണിക്കാണ് മഡ്ഗാവിലെത്തുന്നത്. വൈകുന്നേരം 05.35ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.45ന് മംഗളൂരുവില്‍ തിരിച്ചെത്തും. കോഴിക്കോട്-മംഗളൂരു റൂട്ടില്‍ ഓടാനായി 2.5-3 മണിക്കൂര്‍ വരെ അധികം വേണ്ടി വരുമെന്നാണ് റെയില്‍വേ പറയുന്നത്.
പാതി സീറ്റും കാലി
നിലവില്‍ സര്‍വീസ് നടത്തുന്ന മംഗളൂരു-ഗോവ വന്ദേഭാരതില്‍ ആകെ 474 സീറ്റുകളാണുള്ളത്. ഇതില്‍ മുന്നൂറോളം സീറ്റുകള്‍ പലപ്പോഴും ഒഴിഞ്ഞുകിടക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ തിരക്ക് പരിഗണിക്കാതെ റെയില്‍വേ സോണുകളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങി സര്‍വീസുകള്‍ അനുവദിക്കുന്നതും അമിത നിരക്കുമാണ് മംഗളൂരു-ഗോവ സര്‍വീസിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.
Next Story
Videos