
ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റിയ പദ്ധതിയായിരുന്നു വന്ദേഭാരത്. പ്രീമിയം സേവനങ്ങളുമായെത്തിയ വന്ദേഭാരത് വലിയ ആവേശത്തോടെ യാത്രക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. വിമാനയാത്രയ്ക്കു സമാനമായ സേവനങ്ങളാണ് വന്ദേഭാരതില്‍ നല്കുന്നത്. എന്നിരുന്നാല്‍ തന്നെയും ടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാവുന്നതല്ലെന്ന പരാതി പലരും ഉയര്‍ത്തുന്നുണ്ട്.
ഇപ്പോഴിതാ വന്ദേഭാരത് നിരക്കുകള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആലോചന നടത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണക്കാര്‍ക്ക് കൂടി താങ്ങുന്ന രീതിയിലേക്ക് ടിക്കറ്റ് നിരക്ക് കുറയ്ക്കാനാണ് ആലോചന. രാജ്യത്ത് നിലവില്‍ 136 വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ ഒട്ടുമിക്ക ട്രെയിനുകളും നിറയെ യാത്രക്കാരുമായാണ് സര്‍വീസ് നടത്തുന്നത്.
മറ്റ് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി വന്ദേഭാരത് ഓടിക്കാനുള്ള ചെലവ് കൂടുതലാണ്. 1,000 മുതല്‍ 1,500 കിലോമീറ്റര്‍ വരെയുള്ള ഓരോ ട്രിപ്പിനും അഞ്ച് മുതല്‍ എട്ടു ലക്ഷം രൂപ വരെ റെയില്‍വേയ്ക്ക് ചെലവ് വരും. ഈ ചെലവില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജ ചെലവാണ്. മൂന്നു ലക്ഷം രൂപ വരെ വരുമിത്. ഒന്നര ലക്ഷം വരെ അറ്റകുറ്റപണികള്‍ക്ക് വേണ്ടിവരും. 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ജീവനക്കാരുടെ ശമ്പള ഇനത്തിലും ചെലവാകും.
ക്ലീനിംഗ്, കാറ്ററിംഗ്, മറ്റ് സേവനങ്ങളെല്ലാം വിമാനത്തിലേതിനു തുല്യമായ രീതിയിലാണ് നല്കുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ ചെലവും കൂടുതലാണ്. 2019ലാണ് വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നത്. ഓട്ടോമാറ്റിക് വാതിലുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവയെല്ലാം വന്ദേഭാരതിലുണ്ട്.
മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ (20631/20632), കാസര്‍കോട്-തിരുവനന്തപുരം സെന്‍ട്രല്‍ (20633/20634) തീവണ്ടികളാണ് കേരളത്തില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. രണ്ടുതീവണ്ടികളിലും 100 ശതമാനം സീറ്റുകളിലും യാത്രക്കാരുണ്ട്. കേരളത്തില്‍ മൂന്നാം വന്ദേഭാരത് തീവണ്ടി ഓടിക്കാന്‍ റൂട്ട് കണ്ടെത്താന്‍ ദക്ഷിണ റെയില്‍വേ ശ്രമം തുടങ്ങിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine