വന്ദേഭാരതില്‍ കുടിവെള്ളം 'വെട്ടിക്കുറച്ചു' റെയില്‍വേ; നീക്കത്തിന് കാരണമിതാണ്!

വന്ദേഭാരത് ട്രെയിനുകളില്‍ കുടിവെള്ള വിതരണത്തില്‍ മാറ്റംവരുത്തി ഇന്ത്യന്‍ റെയില്‍വേ. മുമ്പ് ഒരു ലീറ്റര്‍ കുപ്പിവെള്ളമായിരുന്നു സൗജന്യമായി നല്‍കിയിരുന്നത്. ഇത് അരലിറ്ററിന്റെ കുപ്പിയായിട്ടാണ് കുറച്ചത്. യാത്രക്കാരുടെ അവകാശങ്ങള്‍ കവര്‍ന്ന് ലാഭമുണ്ടാക്കുന്നതിനു വേണ്ടിയല്ല റെയില്‍വേയുടെ പുതിയ പരിഷ്‌കാരം. വളരെ വേഗം ലക്ഷ്യസ്ഥാനത്ത് എത്തുന്ന വന്ദേഭാരതില്‍ സൗജന്യമായി നല്‍കുന്ന വെള്ളം പലരും പൂര്‍ണമായി ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
കുടിവെള്ളം ഉപയോഗശൂന്യമായി പോകുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരം. ഇനി മുതല്‍ 500 മില്ലിലീറ്ററിന്റെ കുപ്പിവെള്ളമായിരിക്കും യാത്രക്കാര്‍ക്ക് ലഭിക്കുക. ആവശ്യമുള്ളവര്‍ക്ക് രണ്ടാമതൊരു കുപ്പി കൂടി സൗജന്യമായി ലഭിക്കും.
മാറ്റത്തിലൂടെ കുടിവെള്ളം പാഴാകുന്നത് കുറയ്ക്കാമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നിലവില്‍ 40ലേറെ റൂട്ടിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് തുടക്കം മുതല്‍ യാത്രക്കാരുടെ ഇടയില്‍ ഹിറ്റാണ്. നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറില്‍ 130 കിലോമീറ്ററിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.
സൂപ്പര്‍ഹിറ്റായി സര്‍വീസ്
നിലവില്‍ വന്ദേഭാരത് സര്‍വീസുകളിലെ സീറ്റുകളില്‍ 96.62 ശതമാനവും ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. വന്ദേഭാരതില്‍ യാത്രക്കാരുടെ സുഖ, സുരക്ഷിത സൗകര്യങ്ങള്‍ക്കായി ആധുനിക ഫീച്ചറുകളും സംവിധാനങ്ങളുമാണുള്ളത്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകള്‍, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം, സുരക്ഷ ഉറപ്പാക്കുന്ന കവച് സംവിധാനം എന്നിവ അവയില്‍ ചിലതാണ്.
റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മാറുന്നതോടെ പുതിയ ആപ്പ് പുറത്തിറക്കാനാണ് പദ്ധതി. യാത്രക്കാര്‍ക്ക് എല്ലാ ട്രെയിന്‍ സേവനങ്ങളും ഒരു ആപ്പില്‍ നിന്ന് തന്നെ ലഭിക്കുമെന്നതാണ് സൂപ്പര്‍ ആപ്പിന്റെ പ്രത്യേകത.
രാജ്യത്ത് ഓടുന്ന എല്ലാ ട്രെയിനുകളുടെയും ട്രാക്കിംഗ്, ടിക്കറ്റ് ബുക്കിംഗ്, ഫുഡ് ഓര്‍ഡര്‍, റീഫണ്ടിംഗ് ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള സേവനങ്ങളും ഉള്‍പ്പെടുത്തിയുള്ളതാകും പുതിയ ആപ്പ്. പുതിയ ആപ്പില്‍ ലഭിക്കുന്ന പ്രധാന സേവനങ്ങളിലൊന്ന് ഏറ്റവും വേഗത്തിലുള്ള ടിക്കറ്റ് റീഫണ്ടിംഗ് ആണെന്നാണ് സൂചന. റീഫണ്ടിംഗ് പ്രക്രിയ ആരംഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ പണം അക്കൗണ്ടിലെത്തും. നിലവില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ അക്കൗണ്ടിലെത്താന്‍ സമയമെടുക്കും. യാത്രക്കാരുടെ ദീര്‍ഘകാല പരാതികളിലൊന്നാണ് സൂപ്പര്‍ ആപ്പിന്റെ വരവോടെ പരിഹരിക്കപ്പെടുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it